ച്ചക്കറിക്കൃഷിയിലൂടെ പോഷകാഹാരം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പോഷകാഹാരത്തോട്ടം പദ്ധതിയുമായി കൃഷി വിജ്ഞാനകേന്ദ്രം (കെ.വി.കെ.). ആദ്യഘട്ടത്തില്‍ കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്തിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെ അനുബന്ധ സ്ഥാപനമായ കെ.വി.കെ.യിലെ ഒരുസംഘം ഉദ്യോഗസ്ഥരാണ് പോഷകാഹാരത്തോട്ടം പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുക.

പോഷകാഹാരലഭ്യതയില്‍ ഓരോ വീടും സ്വയം പര്യാപ്തമാകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പെരുവണ്ണാമൂഴി കൃഷിവിജ്ഞാനകേന്ദ്രം പദ്ധതി ആരംഭിച്ചിരിക്കുന്നത്. കെ.വി.കെ.യുടെ ദത്തുഗ്രാമമാണ് കോട്ടൂര്‍. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 25 കുടുംബങ്ങള്‍ക്കുള്ള പച്ചക്കറി വിത്തുവിതരണവും പരിശീലനപരിപാടികളും നടത്തി. മേഖലയിലെ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാരം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മൂന്ന് അങ്കണവാടികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നമ്മുടെ ഗ്രാമങ്ങളില്‍ ആരോഗ്യകരവും പോഷകസമ്പുഷ്ടവുമായ ആഹാരം ഉറപ്പുവരുത്താനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് പോഷകാഹാരത്തോട്ടമെന്ന് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. സന്തോഷ് ജെ. ഈപ്പന്‍ പറഞ്ഞു.

മുത്തുകാട്, നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തുകളും പദ്ധതിയുടെ ഭാഗമാണ്. പോഷകാഹാര ഉപഭോഗം മെച്ചപ്പെടുത്തുന്നതിന് പോഷകാഹാരത്തോട്ടം അവരെ സഹായിക്കുന്നുണ്ടോയെന്ന് അവലോകനം ചെയ്യുന്നതിന് ഗുണഭോക്തൃ കുടുംബങ്ങള്‍ക്കിടയില്‍ ഒരു പഠനവും കെ.വി.കെ. ലക്ഷ്യമിടുന്നുണ്ട്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഭക്ഷണസമയം, പോഷകാഹാരങ്ങളുടെ ഉപയോഗം ഇവ വിലയിരുത്താനും ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കാനും ഈ പഠനം സഹായകമാവും.

പദ്ധതിപ്രകാരം പോഷകാഹാരത്തോട്ടം സ്ഥാപിക്കുന്നതിന് വര്‍ഷം മുഴുവന്‍ പിന്തുണ ലഭിക്കും. അടുത്ത വര്‍ഷം പദ്ധതി മറ്റൊരു പഞ്ചായത്തിലേക്ക് വ്യാപിപ്പിക്കും. ഒരു വര്‍ഷം ലഭിച്ച പിന്തുണ, വരുംവര്‍ഷങ്ങളിലും പോഷകാഹാരത്തോട്ടം പദ്ധതി തുടരാന്‍ ഗുണഭോക്താക്കളെ സഹായിക്കുമെന്നും കൃഷിവിദഗ്ധര്‍ പറയുന്നു.

Content Highlights: Krishi Vigyan Kendra's Nutrition Garden project to ensure nutrition in children