കൊച്ചി: രണ്ടേക്കര്‍ വരുന്ന തത്തപ്പിള്ളിയിലെ മേനാച്ചേരി എം.ഡി. റപ്പായിയുടെ വീട്ടുവളപ്പില്‍ ഇല്ലാത്ത കൃഷിയില്ല. മഴക്കാലത്തും മഞ്ഞുകാലത്തും ഉള്‍പ്പെടെ ഏതു സമയത്തും ഇവിടെ നിറയെ പലയിനം കൃഷികള്‍ കാണാം. പച്ചക്കറി മുതല്‍ ജാതിയും കുരുമുളകും ഇഞ്ചിയും മഞ്ഞളും ചേമ്പും ചേനയും ഒക്കെയുണ്ട്. തീര്‍ത്തും ജൈവ സമ്പ്രദായത്തിലാണ് കൃഷി. 2004-ല്‍ കെ.എസ്.ഇ.ബിയില്‍ നിന്ന് അസിസ്റ്റന്റ് എന്‍ജിനീയറായി വിരമിച്ച റപ്പായി അന്നു മുതല്‍ തന്റെ വീട്ടുവളപ്പില്‍ കൃഷി തുടരുകയാണ്.

ഏതു സീസണിലും കൃഷി ചെയ്യാവുന്ന മഴമറകൃഷിയും ഇവിടെയുണ്ട്. ഡ്രിപ്പ് സംവിധാനത്തിലാണ് ഇതിനകത്ത് പച്ചക്കറിക്ക് വെള്ളം എത്തിക്കുന്നത്. പടവലം, ചുരക്ക, വട്ട ചുരക്ക, വെണ്ട, ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കണ്ടിച്ചേമ്പ്, പാവല്‍, മത്തങ്ങ എന്നിവയെല്ലാം ഓരോ സീസണിലും കൃഷി ചെയ്യും. വീട്ടുവളപ്പില്‍ നല്ലയിനം മഞ്ഞളും ഇഞ്ചിയും ധാരാളമായി കൃഷി ചെയ്യാമെന്ന് ഇദ്ദേഹം പറഞ്ഞു. മഞ്ഞള്‍ ഉണക്കിപ്പൊടിച്ച് സുഹൃത്തുക്കള്‍ക്ക് നല്‍കുക പതിവാണ്. 

കഴിഞ്ഞ മാസം ചേന കൃഷിയെടുത്തപ്പോള്‍ 17 കിലോഗ്രാം വരെയുള്ള ചേന ലഭിച്ചിരുന്നു. ജാതി, കുരുമുളക്, വിവിധയിനം വാഴകളും കൃഷിയിടത്തിലുണ്ട്. കോഴിക്കാഷ്ഠം, ആട്ടിന്‍കാഷ്ഠം, ചാണകപ്പൊടി, എല്ലുപൊടി, കപ്പണ്ടി പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് എന്നിവയാണ് അടിവളമായി ഇടുന്നത്. നിത്യവും പുലര്‍ച്ചെ മുതല്‍ 11 വരെയും പിന്നീട് വെയിലാറിയ ശേഷവും റപ്പായി ഒറ്റയ്ക്കാണ് കൃഷിപരിപാലനം.

Content highlights: Yam, Agriculture, Organic farming