പ്രതീകാത്മക ചിത്രം | ഫോട്ടോ : മാതൃഭൂമി
പാസ്ചുറല്ല മള്‍ട്ടോസിഡ എന്ന് പേരുള്ള ബാക്ടീരിയകളാണ് കുരലടപ്പന് രോഗമുണ്ടാക്കുന്നത്. ദീര്‍ഘയാത്രയും ക്ഷീണവും തീറ്റയിലും മറ്റ് സാഹചര്യങ്ങളിലുമെല്ലാം പെട്ടന്നുണ്ടാവുന്ന മാറ്റങ്ങളും തുടര്‍ന്നുണ്ടാവുന്ന ശരീരസമ്മര്‍ദ്ദവും പലപ്പോഴും പശുക്കളുടെ സ്വാഭാവിക പ്രതിരോധ ശേഷിയെ തളര്‍ത്തും. പശുക്കളുടെ ശ്വസനനാളത്തില്‍ സ്വാഭാവികമായി കാണപ്പെടുന്ന പാസ്ച്ചുറല്ല ബാക്ടീരിയ ഈ അനുകൂല അവസരത്തില്‍ പെരുകുന്നതാണ് പ്രധാനമായും രോഗത്തിന് കാരണമാവുന്നത്.
കൂടാതെ ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവ്, ആര്‍ദ്രത ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥ, കാലാവസ്ഥയില്‍ പെട്ടന്നുണ്ടാവുന്ന മാറ്റങ്ങള്‍, പോഷകാഹാരക്കുറവ്, ശക്തമായ വിരബാധ, പ്രസവം തുടങ്ങി പശുക്കളുടെ ശരീരത്തിന് സമ്മര്‍ദ്ദം ഉണ്ടാവുന്ന സാഹചര്യങ്ങള്‍ ഏറെയാണ്. നിരുപദ്രവകാരികളായി പശുക്കള്‍ക്കുള്ളില്‍ കഴിയുന്ന രോഗാണുക്കള്‍ ഈയവസരത്തില്‍ സജീവമായി രോഗത്തിന് വഴിയൊരുക്കിയേക്കാം.
കുളമ്പ് രോഗം, ചര്‍മ മുഴ രോഗം തുടങ്ങിയ സാംക്രമികരോഗങ്ങള്‍ ബാധിച്ചാല്‍ ഒപ്പം പിടിപെടാനിടയുള്ള പ്രധാന പാര്ശ്വാണുബാധയും കുരടലടപ്പന് തന്നെയാണ്. പശുക്കളെ അപേക്ഷിച്ച് എരുമകളില്‍ ഈ രോഗം കൂടുതല്‍ ഗുരുതരമാണ്. ആടുകളിലും പന്നികളിലും രോഗം കാണാറുണ്ട്. ഏത് കാലാവസ്ഥയിലും കുരലടപ്പന് രോഗം പിടിപെടാമെങ്കിലും പൊതുവെ മഴക്കാലത്തിന്റെ ആരംഭത്തിലാണ് രോഗത്തിന് ഏറ്റവും സാധ്യത. കുരലടപ്പന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളില്‍ ഒന്നല്ലെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.
കുരലടപ്പന് എങ്ങനെ തിരിച്ചറിയാം
രോഗാണു ബാധയേറ്റ പശുക്കള്‍ അവയുടെ ഉമിനീരിലൂടെയും മൂക്കില്‍ നിന്നും ഒലിക്കുന്ന സ്രവത്തിലൂടെയും അണുക്കളെ ധാരാളമായി പുറന്തള്ളും. രോഗബാധയേറ്റതോ രോഗാണുവാഹകരോ ആയ പശുക്കളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് പ്രധാനമായും മറ്റു പശുക്കളിലേക്ക് രോഗ പകര്‍ച്ച. രോഗാണു മലിനമായ തീറ്റ, കുടിവെള്ളം എന്നിവ വഴിയും പശുക്കളിലേക്ക് രോഗാണുക്കള്‍ എത്താം. ഈര്‍പ്പമുള്ള പരിസരങ്ങളില്‍ ദിവസങ്ങളോളം നിലനില്‍ക്കാനുള്ള ശേഷിയും പാസ്ചുറല്ല രോഗാണുക്കള്‍ക്കുണ്ട്.
രോഗാണുക്കള്‍ ശരീരത്തിലെത്തി സാധാരണ ഗതിയില്‍ ഒരാഴ്ചക്കകം രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങും. നല്ല ആരോഗ്യവും പ്രതിരോധ ശേഷിയുമുള്ള പശുക്കളില്‍ ശരീര സമ്മര്‍ദമുണ്ടാവുന്ന പ്രതികൂല സാഹചര്യങ്ങളിലാണ് രോഗം തീവ്രമാവുക. പാസ്ചുറല്ല ബാധിച്ച ഗര്‍ഭിണിപശുക്കളില്‍ പ്രസവത്തോടനുബന്ധിച്ച് രോഗം കൂടുതല്‍ തീവ്രമാവാനും പ്രസവത്തെ തുടര്‍ന്ന് പശുക്കള്‍ വീണുപോവാനും സാധ്യതയുണ്ട്.
ശ്വാസകോശത്തെയാണ് പാസ്ചുറല്ല രോഗാണുക്കള്‍ പ്രധാനമായും ബാധിക്കുന്നത്. ദഹനവ്യൂഹത്തിലും രോഗാണുക്കളെത്തും. ക്രമേണ രോഗാണുക്കള്‍ രക്തത്തില്‍ പടരുകയും മറ്റ് ശരീരാവയങ്ങളിലെല്ലാം എത്തുകയും വിഷവസ്തുക്കള്‍ പുറതള്ളുകയും രോഗം തീവ്രമായി തീരുകയും ചെയ്യും. ഉയര്‍ന്ന പനി, ആയാസപ്പെട്ടുള്ള ശ്വാസോച്ഛ്വാസം, വായില്‍ നിന്ന് ഉമിനീര് പതഞ്ഞൊലിക്കല്‍, മൂക്കില്‍ നിന്ന് കട്ടിയുള്ള സ്രവമൊലിക്കല്‍, കണ്ണില്‍ പീളകെട്ടല്‍, തീറ്റയെടുക്കാതിരിക്കല്‍, പാലുല്പാദനത്തിലെ കുറവ്, വയറുവേദനയുടെ ലക്ഷണങ്ങള്‍, വയറിളക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. കഴുത്ത്, താട, നെഞ്ചിന്റെ അടിഭാഗം എന്നിവിടങ്ങളില്‍ നീര്വീക്കമുണ്ടാവുന്നത് കുരലടപ്പന് രോഗത്തിന്റെ മുഖ്യ ലക്ഷണങ്ങളില്‍ ഒന്നാണ്. അതിതീവ്രരോഗാവസ്ഥയില് (Acute form) ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിന് 8-24 മണിക്കൂറുകള്‍ക്കുള്ളില്‍ പശുക്കളുടെ മരണം സംഭവിയ്ക്കും.
കുരലടപ്പനെ തടയാന്‍
- ഫാമുകളിലേക്ക് പുതുതായി പശുക്കളെ കൊണ്ടുവരുമ്പോള്‍ ചുരുങ്ങിയത് 3 ആഴ്ചക്കാലം പ്രത്യേകം മാറ്റി പാര്‍പ്പിച്ച് (ക്വാറന്റൈന്) നിരീക്ഷിക്കണം. രക്തം പരിശോധിച്ച് രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം മറ്റ് പശുക്കള്‍ക്കൊപ്പം ചേര്‍ക്കാനും ശ്രദ്ധിക്കണം. രോഗാണുക്കളുടെ സാന്നിധ്യം കണ്ടെത്തുന്നപക്ഷം ഉടന്‍ ചികിത്സ ഉറപ്പാക്കാന്‍ മറക്കരുത്.
- രോഗ ലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ ചില പശുക്കള്‍ പാസ്ചുറല്ല രോഗാണുവിന്റെ വാഹകരാവാന്‍ ഇടയുണ്ട്. പ്രസവം, പ്രതികൂല കാലാവസ്ഥ, ദീര്‍ഘ യാത്ര തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളില്‍ ഈ പശുക്കളിലും രോഗാണുക്കള്‍ സജീവമായി രോഗം ഉണ്ടാക്കിയേക്കാം. പാസ്ചുറല്ല അണുവിന്റെ നിശബ്ദവാഹകരായ ഇത്തരം പശുക്കളെ കണ്ടെത്തുന്നതിനായി ഫാമുകളില്‍ രക്തപരിശോധന നടത്തുന്നത് ഉചിതമായ രോഗനിയന്ത്രണ മാര്‍ഗ്ഗമാണ്. ആടുഫാമുകളിലും എരുമഫാമുകളിലും ഇത്തരം പരിശോധനകള്‍ നടത്തണം.
- കുരലടപ്പന് രോഗത്തിന്റെതെന്ന് സംശയിക്കുന്ന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ രോഗനിര്‍ണ്ണയത്തിനും ചികിത്സകള്‍ക്കുമായി വെറ്ററിനറി ഡോക്ടറുടെ സേവനം ഉടന്‍ തേടണം. രക്തപരിശോധന വഴി (ബ്ലഡ് സ്മിയര്‍) കൃത്യമായ രോഗനിര്‍ണയം സാധ്യമാവും. ചിലപ്പോള്‍ തൈലേറിയ, അനാപ്ലാസ്മ ഒന്നിലധികം ഇനം രോഗാണുക്കളുടെ സാന്നിധ്യവും ഉണ്ടാവാനിടയുണ്ട്. ഇതറിയുന്നതിനും, രോഗാണു തീവ്രത കൃത്യമായി വിലയിരുത്തുന്നതിനും, ചികിത്സാക്രമം നിശ്ചയിക്കുന്നതിനും രക്തപരിശോധന പ്രധാനമാണ്.
- സമ്പര്‍ക്കത്തിലൂടെ രോഗം പകരും എന്നതിനാല്‍ അസുഖമുള്ളവയെ മാറ്റി പാര്‍പ്പിച്ച് പരിചരിക്കേണ്ടത് പ്രധാനമാണ്. രോഗാണുവിനെ നശിപ്പിക്കുന്ന ആന്റിബയോട്ടിക് മരുന്നുകള്‍ രോഗാരംഭത്തില്‍ തന്നെ പ്രയോഗിക്കുന്നത് പാസ്ചുറല്ല രോഗം തടയാന്‍ ഏറെ ഫലപ്രദമാണ്. ശരീരത്തിന്റെ പ്രതിരോധശക്തി വീണ്ടെടുക്കുന്നതിന് സഹായിക്കുന്ന കരള്‍ സംരക്ഷണ-ഉത്തേജന മരുന്നുകളിലൊന്നും പ്രോബയോട്ടിക്കുകളും ധാതുലവണമിശ്രിതവും പശുക്കള്‍ക്ക് തുടര്‍ ചികിത്സയായി നല്‍കണം. രോഗം ഭേദമായതിന് മൂന്നാഴ്ചകള്‍ക്ക് ശേഷം വീണ്ടും രക്തപരിശോധന നടത്തി രോഗാണുസാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
- പശുക്കള്‍ക്ക് ശരീര സമ്മര്‍ദ്ദം ഉണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നത് കുരലടപ്പന് രോഗം തടയാന്‍ മുഖ്യമാണ്. പ്രതികൂല കാലാവസ്ഥയും തരണം ചെയ്യാന്‍ തക്കവിധമുള്ള പരിപാലനം പശുക്കള്‍ക്ക് ഉറപ്പാക്കണം. സമീകൃതാഹാരം പ്രധാനം. പശുക്കളെയും കിടാക്കളെയും പാര്‍പ്പിക്കുമ്പോള്‍ തൊഴുത്തില്‍ ആവശ്യത്തിന് സ്ഥല സൗകര്യം നല്‍കുകയെന്നതും പ്രധാനമാണ്.
- കുരലടപ്പനെതിരായ പ്രതിരോധ കുത്തിവെയ്പ് പശുക്കള്‍ക്കും എരുമകള്‍ക്കും ആടുകള്‍ക്കും ഉറപ്പ് വരുത്തണം. 4 - 6 മാസം പ്രായമെത്തിയ കിടാക്കള്‍ക്ക് ആദ്യ കുത്തിവെയ്പ് നല്‍കാം. പിന്നീട് വര്‍ഷാവര്‍ഷം തുടരുകയും ചെയ്യാം. മഴക്കാലത്ത് രോഗബാധ കൂടുതലായി കണപ്പെടുന്നതിനാല് പ്രതിരോധ കുത്തിവെയ്പ് മഴക്കാലം ആരംഭിക്കുന്നതിന് ഒരു മാസം മുന്‍പ് കുത്തിവെയ്പ് നല്‍കുന്നതാണ് ഉത്തമം. ഇതിനാവിശ്യമായ പ്രതിരോധ വാക്സിന് മൃഗസംരക്ഷണ വകുപ്പിന്റെ തിരുവനന്തപുരം പാലോടുള്ള കേന്ദത്തില്‍ വച്ച് ഉല്പാദിപ്പിച്ച് സംസ്ഥാനത്ത് വിതരണം ചെയ്യുന്നുണ്ട്. പ്രതിരോധ വാക്സിന് ലഭ്യമാവാന്‍ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെട്ടാല്‍ മതി. ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍ ലിമിറ്റഡ് പുറത്തിറക്കിയ രക്ഷാ എച്ച്. എസ്. കുരലടപ്പന് പ്രതിരോധ വാക്സിനും വിപണിയില്‍ ലഭ്യമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..