ഒരുമയില്‍ കൊരുത്ത അധ്വാനവും ദീര്‍ഘ വീക്ഷണവുമുണ്ടെങ്കില്‍ കൃഷി മധുരിക്കും. ഔഷധ ഗുണമുള്ള ചെറുതേന്‍ ഉത്പാദനത്തില്‍ വിജയഗാഥ രചിച്ചിരിക്കുകയാണ് തച്ചമ്പാറയിലെ കര്‍ഷകര്‍.

Agricultureസംഘടിതമായി ചെറുതേനീച്ചക്കൃഷി ആരംഭിച്ച് നേട്ടങ്ങളുണ്ടാക്കി ജീവിതത്തിന് മധുരം പകരുന്ന ഇവര്‍ ഇതിലേക്ക് കടന്നുവരുന്നവര്‍ക്ക് പരിശീലനങ്ങളും സാങ്കേതിക സഹായവും നല്‍കുന്നു. മരപ്പൊത്തിലും മതിലുകളിലും കാണുന്ന ചെറുതേനീച്ചയെ കൂട്ടിലാക്കി വളര്‍ത്തി തേനെടുക്കുന്നു. മുളങ്കുറ്റി, ചെറിയ മരപ്പെട്ടി ,മണ്‍കലം തുടങ്ങിയവയിലെല്ലാം ചെറുതേന്‍ വളര്‍ത്താം. 

മറ്റ് തേനീച്ചകളെപ്പോലെ കുത്തുകയില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇത് നിഷ്പ്രയാസം കൈകാര്യം ചെയ്യാന്‍ കഴിയും. നവംബര്‍ മുതല്‍ ജനുവരി വരെയാണ് തേനീച്ചക്കൂട് വിഭജിക്കുന്നത്. ഏപ്രില്‍ ആദ്യവാരം തേന്‍ എടുക്കും. ഒരു പെട്ടിയില്‍ നിന്ന് അരക്കിലോഗ്രാം വരെ തേന്‍ കിട്ടാറുണ്ട്. ഒരു കിലോ ചെറുതേനിന് രണ്ടായിരം രൂപയാണ് വില. തച്ചമ്പാറ കൃഷിഭവന്റെ കീഴിലുള്ള അമൃതം ചെറുതേനീച്ച കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ നൂറോളം പേര്‍ ചെറുതേനീച്ചക്കൃഷി ചെയ്യുന്നു. 

ഉത്പാദിപ്പിക്കുന്ന തേന്‍ കൃഷി ഭവന്റെ കീഴിലുള്ള തച്ചമ്പായിലെ ആത്മ ഇക്കോഷോപ്പ് വഴിയാണ് വില്‍പ്പന നടത്തുന്നത്. കഫക്കെട്ട് മുതല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് ചെറുതേന്‍ ആവശ്യമുള്ളതിനാലാണ് വില കൂടുതല്‍ ലഭിക്കുന്നത്. 

വിളകളില്‍ കൂടുതലായും പരാഗണം നടക്കുന്നത് തേനീച്ചകള്‍ വഴിയാണ്. തേനീച്ചകളുടെ വംശനാശം കൃഷിയെയും ബാധിക്കും. ഇതുകൊണ്ടാണ് ഇവയെ കൂട്ടിലാക്കി വളര്‍ത്താനുള്ള പ്രചാരണം സമിതി നടത്തുന്നത്. ചെറുതേനീച്ചക്കൂട്ടില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് ശാസ്ത്രീയമായി പഠിക്കാന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട് തേനീച്ചസമിതി. ചെറുതേനീച്ച വളര്‍ത്തലില്‍ 19ന് പത്തുമണിക്ക് തച്ചമ്പാറ പഞ്ചായത്ത് ഹാളില്‍ പരിശീലനം നല്‍കും.പ്രൊഫ. സാജന്‍ ജോസ് നേതൃത്വം നല്‍കും.