തിരുവനന്തപുരം: മുരുക്കുംപുഴയിലെ ജി.പെരേര കൃഷി തുടങ്ങിയത് പാരമ്പര്യമായി കിട്ടിയ 70 സെന്റ് സ്ഥലത്തായിരുന്നു. കുളം നവീകരിച്ച് കരിമീന്‍ വളര്‍ത്തിയായിരുന്നു തുടക്കം.

capsicumപ്രീമിയം ഫ്‌ളോട്ടിങ്ങ് ഫിഷ് ഫീഡ് നല്‍കിയാണ് കരിമീന്‍ കൃഷി. വര്‍ഷത്തില്‍ ഏഴ് മാസവും കരിമീന്‍ വിളവെടുക്കാം. ഏറ്റവും കുറഞ്ഞത് 200 കിലോ വീതം എല്ലാ മാസവും കിട്ടും. ഫാം ഫ്രഷ് കരിമീന്‍ 400 രൂപയ്ക്ക് വാങ്ങാന്‍ ആളുകള്‍ ഫാമിലേക്കെത്തുന്നത് പതിവെന്ന് പെരേര.

പത്തു സെന്റിലാണ് പെരേരയുടെ പോളിഹൗസ് കൃഷി വിസ്മയം. തക്കാളിയും കാപ്‌സിക്കവുമാണ് പോളിഹൗസിലെ മിന്നുംതാരങ്ങള്‍. തക്കാളിയുടെ 'അര്‍ക്ക രക്ഷക്' എന്ന മുന്തിയ ഇനം.

ഗുണമേന്‍മയും വിളവും ഗാരന്റിയുമുള്ള തക്കാളിവിത്ത് 10 ഗ്രാമിന് 600 രൂപ വില. പ്രോട്രേകളില്‍ പാകി മുളപ്പിച്ച് തൈകളാക്കി പോളി ഹൗസില്‍ നടും.

25-30 ദിവസം മതി തൈ വളരാന്‍. ചാണകവും വേപ്പിന്‍ പിണ്ണാക്കും അടിവളം. ഒപ്പം സ്യൂഡോമോണാസും വാമും ഒരു മാസം കഴിഞ്ഞ് ജീവാമൃതം. 30 ദിവസം കഴിയുമ്പോള്‍ 'നാനോ കാല്‍' എന്ന സൂക്ഷ്മ വളം നല്‍കും. അഞ്ച് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി ഇലത്തളിയായി കൊടുക്കും.

പിന്നീട് 15 ദിവസം ഇടവിട്ട് തുടരെ നല്‍കും. 'ടാഗ് ഫോള്‍ഡര്‍' 4-5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലും. വളവും വെള്ളവും കലര്‍ത്തി നല്‍കുന്ന ഫെര്‍ട്ടിഗേഷനാണ് പോളിഹൗസില്‍. ഒരു ചെടിയില്‍ നിന്ന് 20 കിലോ വരെ തക്കാളി കിട്ടും.

'പ്ലം ടൊമാറ്റോ' എന്ന ഓമനപ്പേരിലറിയപ്പെടുന്ന പെരേരയുടെ തക്കാളിക്ക് കിലോ 60 രൂപ വില കിട്ടും. വയലറ്റും മഞ്ഞയും ചുവപ്പും നിറമുള്ള കാപ്‌സിക്കവും പോളിഹൗസില്‍ ഉണ്ട്. പരിചരണം തക്കാളിയുടേതുപോലെ തന്നെ. ഒരു ചെടിയില്‍ നിന്ന് 15 കിലോ മുളക് ഉറപ്പ്. ചെടി കായ് പിടിക്കാന്‍ 50 ദിവസം. കിലോയ്ക്ക് 70 മുതല്‍ 100 രൂപ വരെ വിലയുണ്ട്.

തുറന്ന സ്ഥലത്തെ കൃത്യതാ കൃഷിയും പെരേരയ്ക്ക് വഴങ്ങും. ഇവിടെ വെണ്ട,കത്തിരി, പാവയ്ക്ക, പടവലം എന്നിവയെല്ലാം വളര്‍ത്തുന്നു. പോളിഹൗസ് കൃഷിയില്‍ നിന്ന് പലരും പിന്തിരിയുമ്പോള്‍ പെരേര അതിനെ സ്‌നേഹിക്കുന്നു. നിറവിളവ് കൊയ്യുന്നു. 

Content highlights: Poly house, Fertigation in polyhouse, Green chromide, Karimeen,Capsicum