'കുടുംബകൃഷി', ഒരു കൂട്ടായ്മയുടെ അനുകരണീയ മാതൃക


എഴുത്തും ചിത്രങ്ങളും: ബിജു കാരക്കോണം

ചെങ്കൽ ഗ്രാമപഞ്ചായത്തിലെ വട്ടവിളയിലെ 'യോഗാ കുടുംബാംഗങ്ങൾ' ജൈവകൃഷിയും ആരോഗ്യ സംരക്ഷണവും പ്രകൃതി സംരക്ഷണ സാമൂഹിക ഇടപെടലുകളും കൊണ്ട് സമൂഹത്തിനു മാതൃകയായി മാറുന്ന കാഴ്ച, നഷ്ടപെട്ടു പൊയ്ക്കൊണ്ടിരിക്കുന്ന കാർഷിക സമൃദ്ധിയുടേയും കുടുംബ ബന്ധങ്ങളുടേയും സാമൂഹിക ബോധങ്ങളുടേയും തിരിച്ചു വരവിന്റെ സൂചനയാണ് നൽകുന്നത്.

ഗോകുലം യോഗ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മട്ടുപ്പാവ് കൃഷി | ഫോട്ടോ: ബിജു കാരക്കോണം

നുഷ്യരാശിയുടെ വികാസത്തിന്റെ ചരിത്രം കൂട്ടായ്മകളുടെ ചരിത്രം കൂടെയാണ്. കാട്ടിലും ഗുഹകളിലും അധിവസിച്ചിരുന്ന ആദിമമനുഷ്യൻ കൃഷി ചെയ്യാൻ ആരംഭിച്ചത് മുതൽക്കാണ് നദീതീരങ്ങളിൽ കൂട്ടംകൂടി ജീവിക്കാൻ തുടങ്ങിയത്. ലോകത്തുള്ള എല്ലാ വികസിത സംസ്കാരങ്ങളുടേയും ആരംഭം നദീ തീരങ്ങളിൽ ആയിരുന്നു. ഒരു നദി എന്നും അതിന്റെ തീരത്തെ നിവാസികൾക്ക് കുടിവെള്ളത്തിനും കൃഷിക്കും വിശ്വസനീയമായ ജലസ്രോതസ്സ് ആയിരുന്നു. മത്സ്യബന്ധനം, ഗതാഗത മാർഗം എന്നിവ നദികൾ നൽകുന്ന മറ്റു ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. മഴക്കാലങ്ങളിലെ വെള്ളപ്പൊക്കം മൂലം ഫലഭൂയിഷ്ഠമായ മണ്ണ് തീരത്തു കൃഷിചെയ്തു ജീവിച്ച മനുഷ്യർക്ക് വല്യ അനുഗ്രഹമായിരുന്നു. ആദ്യത്തെ മഹത്തായ നാഗരികതകളായ മെസൊപ്പൊട്ടോമിയ, പുരാതന ഈജിപ്ത്, സിന്ധൂ നദീതട സംസ്കാരം എന്നിവയെല്ലാം നദീതടങ്ങളിൽ വളർന്നു വന്നവയാണ്. മനുഷ്യരുടെ കൂട്ടായ്മകളിലൂടെ ആയിരുന്നു കൃഷിയും സംസ്കാരവും വളർന്നുവന്നതും.

കേരളത്തിന്റെ തെക്കേ അറ്റത്തെ ഭൂപ്രദേശത്തിന്റെ കാർഷിക സമൃദ്ധിക്ക് കാരണമായ നെയ്യാറിന്റെ കരലാളനയേറ്റു കിടക്കുന്ന ചെങ്കൽ ഗ്രാമപഞ്ചായത്തിലെ വട്ടവിളയിലെ 'യോഗാ കുടുംബാംഗങ്ങൾ' ജൈവകൃഷിയും ആരോഗ്യ സംരക്ഷണവും പ്രകൃതി സംരക്ഷണ സാമൂഹിക ഇടപെടലുകളും കൊണ്ട് സമൂഹത്തിനു മാതൃകയായി മാറുന്ന കാഴ്ച, നഷ്ടപെട്ടു പൊയ്ക്കൊണ്ടിരിക്കുന്ന കാർഷിക സമൃദ്ധിയുടേയും കുടുംബബന്ധങ്ങളുടേയും സാമൂഹിക ബോധങ്ങളുടേയും തിരിച്ചുവരവിന്റെ സൂചനയാണ് നൽകുന്നത്. വട്ടവിള പൊറ്റയിൽ ലൈബ്രറിയുടെ ആരംഭത്തിനു പ്രധാന കാരണക്കാരനും വിരമിച്ച ഹൈസ്കൂൾ ചരിത്ര അധ്യാപകനും കൂടിയയായ രാധാകൃഷ്ണൻ കൂവളശേരിയുടെ നേതൃത്വത്തിലുള്ള ഗോകുലം യോഗ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പത്തോളം കുടുംബങ്ങൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വീട്ടിന്റെ മുറ്റത്തും ടെറസിലും ജൈവകൃഷി നടത്തിവരുന്നു.

Terrace Garden 1

കാർഷിക കുടുംബത്തിൽ ജനിച്ച രാധാകൃഷ്ണൻ കൂവളശേരിക്ക് കുട്ടിക്കാലം മുതൽക്കു തന്നെ കൃഷിയോട് വളരെ താല്പര്യമുണ്ടായിരുന്നു. തന്റെ അച്ഛനും മുത്തച്ഛനും നല്ല കർഷരായിരുന്നു എന്നും അതിനാൽത്തന്നെ എല്ലാത്തരം കൃഷി രീതികളും കാണുവാനും അവരോടൊപ്പം ചെയ്തു പരിചയപ്പെടുവാനും സാധിച്ചതായിരുന്നു അധ്യാപക ജീവിതത്തോടൊപ്പം കൃഷികളും ചെയ്തുവരുവാനുമുള്ള പ്രചോദനമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിന് ഇന്ന് നഷ്ടപ്പെട്ട ഒരു കാർഷിക സംസ്കാരമുണ്ട്. ഒരു ഉപഭോഗ സംസ്ഥാനമായ കേരളം ഇന്ന് എല്ലാവിധ പച്ചക്കറികൾക്കും മറ്റു ഭക്ഷ്യോത്പന്നങ്ങൾക്കും മറ്റു സംസ്ഥാനങ്ങളെയാണ് കൂടുതലും ആശ്രയിക്കുന്നത്. ഇന്നത്തെ കുട്ടികൾക്ക് കൃഷിയോടുള്ള താല്പര്യക്കുറവ് അധ്യാപകൻ ആയിരുന്നതിനാൽ പലപ്പോഴും നേരിട്ടു മനസിലാക്കാൻ സാധിച്ചിരുന്നു എന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്. അതിനു പ്രധാനമായും മാതാപിതാക്കളുടെ ഇടപെടലുകളാണ് കാരണമാകുന്നത്. മണ്ണിനേയും കൃഷികളെയും കുട്ടികളിൽ നിന്നകറ്റിയത് കാർഷികവൃത്തിക്കു സമൂഹം കൊടുത്തുകൊണ്ടിരിക്കുന്ന അവഗണനയുടെ പരിണത ഫലമാണ് എന്നാണ് അദ്ദേഹത്തിന്റെ ശക്തമായ അഭിപ്രായം.

Terrace Garden 2

നമ്മുടെ നാട്ടിലും അഭ്യസ്തവിദ്യരായ ഒരു കൂട്ടം ആളുകൾ കൃഷിയിലേക്ക് വന്നത് നല്ലൊരു മാറ്റത്തിന്റെ സൂചനയാണ്. ഈ കോവിഡ് കാലം അതിനുള്ള നല്ല അവസരങ്ങൾ സമൂഹത്തിനും മനുഷ്യന്റെ മനസിനും നൽകിയിട്ടുണ്ട്. നാം കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തിനും രോഗത്തിനും കാരണമെന്നുള്ള സത്യം കുറച്ചെങ്കിലും മനുഷ്യ സമൂഹം മനസിലാക്കി തുടങ്ങിയിരിക്കുന്നു. മരുന്നുകൾക്കല്ല, മനുഷ്യ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിക്കാണ് രോഗങ്ങളെ തടയാൻ കഴിയുന്നതെന്ന് കൊറോണ എന്ന കുഞ്ഞൻ മനുഷ്യനെ പഠിപ്പിച്ചു. പണം കൊടുത്താൽ കിട്ടുന്ന പലപല വിദേശ ഭക്ഷണങ്ങളും കഴിക്കാതെ ജീവിക്കാൻ കഴിയുമെന്നും കഴിഞ്ഞ കുറേ മാസങ്ങൾ കൊണ്ട് ജനങ്ങളെ മനസിലാക്കി തുടങ്ങി.

മനുഷ്യൻ ഒരു സാമൂഹിക ജീവിയാണെന്നും നാം അധിവസിക്കുന്ന ഭൂമിയുടെ നിലനിൽപ്പിന് പ്രകൃതിയുടെ സംരക്ഷണവും ജൈവകൃഷിയും അത്യന്താപേക്ഷികം ആണെന്നുമുള്ള സന്ദേശം കൂടുതൽ കുടുംബങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രചോദനമാണ് ഈ കൂട്ടായ്മ നമുക്ക് നൽകുന്നത്. ജൈവകൃഷി ചെയ്യാൻ താൽപര്യമുള്ളവരെ കണ്ടെത്തി അതിനുവേണ്ടിയുള്ള പ്രോത്സാഹനം നൽകുന്നതിന് വേണ്ടി പത്തുവർഷം മുൻപ് രാധാകൃഷ്ണൻ സാറിന്റെ താൽപര്യത്തിൽ ആരംഭിച്ച വട്ടവിളയിലെ പൊറ്റയിൽ ജംഗ്ഷനിലുള്ള പി.ആർ.എ ലൈബ്രറിയുടെ കീഴിൽ കഴിഞ്ഞ നാല് വർഷമായി പരിസരത്തുള്ള കുറച്ചു കുടുംബങ്ങളെ സംഘടിപ്പിച്ചുകൊണ്ടു ജൈവകൃഷി ആരംഭിക്കുകയുണ്ടായി. പരസ്പരം വിത്തുകളും ഉത്പന്നങ്ങളും കൈമാറുന്നതിലൂടെ പതിഞ്ഞഞ്ചോളം കുടുംബങ്ങൾ ഉൾപ്പെട്ട ആ ശ്രമം നല്ല വിജയമായിരുന്നു. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പ്രകൃതിസംരക്ഷണം എന്നിവയിൽ ഊന്നൽ നൽകി വിവിധ പ്രവർത്തനങ്ങൾ ലൈബ്രറിയുടെ കീഴിൽ ഇവിടെ നടത്തിവരുന്നു.

ഇപ്പോൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറിക്ക് മൂന്നു മാസം മുൻപ് സ്വന്തമായി മൂന്നര സെന്റ് ഭൂമി വാങ്ങുവാനും ഈ കൂട്ടായ്മക്ക് സാധിച്ചു. പുതുതായി വാങ്ങിയ ഭൂമിയിൽ ഒരു ഷട്ടിൽ കോർട്ട് നിർമിച്ചു പരിശീലനം നടത്തിവരുന്നു. അവിടെ നല്ലൊരു ലൈബ്രറി മന്ദിരം നിർമ്മിക്കുന്നതിനുവേണ്ടിയുള്ള ശ്രമത്തിലാണ് ഈ കൂട്ടായ്മ.

Shuttle Court

കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽനിന്ന് വിരമിച്ച സതീശ്കുമാറും ഭാര്യയും റിട്ടയർമെൻറ് ജീവിതം ആഘോഷമാക്കുന്നത് വീട്ടിലും മട്ടുപ്പാവിലും പാടത്തുമായി നടത്തുന്ന ജൈവ പച്ചക്കറി കൃഷികളിലൂടെയാണ്. നല്ലൊരു പൂന്തോട്ടവും വീടിനുമുന്നിൽ അവർ ഒരുക്കിയിട്ടുണ്ട്. പച്ചിലകളും മറ്റു ജൈവവളങ്ങളും ഉപയോഗിച്ച് എങ്ങനെയായിരുന്നു പഴയകാലത്ത് കൃഷിരീതികൾ ചെയ്തിരുന്നതെന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുക്കണമെന്നും അതിനായി അവരെ കൂടെ കൂട്ടണമെന്നുമുള്ള ചിന്തകളാണ് വിദേശത്തു വ്യവസായം നടത്തുന്ന ചെങ്കൽ ശിവാനന്ദൻ പങ്കുവയ്ക്കുന്നത്. ചെങ്കൽ ഗ്രാമപഞ്ചായത്തിൽ ജൈവകൃഷിയുടെ ആവശ്യകതകളുടെ ബോധവത്കരണത്തിനായി രാധാകൃഷ്ണൻ കൂവളശേരി സ്ക്രിപ്റ്റ് എഴുതി ബിജു കാരക്കോണം തയാറാക്കുന്ന ഡോക്യുമെന്ററിയുടെ പിന്നിലും അദ്ദേഹമുണ്ട്.

യോഗാചാര്യൻ കൂടെയായ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ വീട്ടിൽ രണ്ടു വർഷങ്ങൾക്ക് മുൻപ് സൗജന്യ യോഗപരിശീലനം ആരംഭിച്ചു . യോഗ ക്ലാസിലെ അംഗങ്ങൾ വർഷത്തിൽ ഇടയ്ക്കിടെ ഓരോരുത്തരുടേയും വീടുകളിൽ മാറി മാറി ഒന്നിച്ചു ചേരുകയും കൂടുംബസമേതം യാത്രകൾ പോവുകയും ചെയ്യുന്നത് ആരംഭിച്ചത് കുടുംബ ബന്ധങ്ങളുടെ, കൂട്ടായ്മകളുടെ കെട്ടുറപ്പിന് അടിത്തറപാകി. മൂന്നു തലമുറകളുടെ സാന്നിധ്യം യാത്രകളെയും, കൂട്ടായ്മയുടെയും മാറ്റുകൂട്ടി. കൃഷിയും ആരോഗ്യ പരിപാലനവും മാത്രമല്ല പ്രകൃതി സംരക്ഷണത്തിനും കൂട്ടായ്മകളുടെ പങ്കാളിത്തത്തിലൂടെ ഇടപെടലുകൾ നടത്താൻ സാധ്യമായി.

Yoga Group Travel

യോഗയുടെ ഭാഗമായി ആഴ്ചയിലൊരിക്കൽ നടക്കാൻ പൊയ്ക്കൊണ്ടിരുന്ന ചെങ്കൽ വലിയകുളത്തിന്റെ പരിസരപ്രദേശം വൃത്തികേടായി കിടക്കുന്നതുകണ്ട് യോഗകുടുംബാംഗങ്ങൾ ചേർന്ന് പരിസരപ്രദേശം വൃത്തിയാക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെതന്നെ ഏറ്റവും വലിയ കുളങ്ങളിൽ ഒന്നാണ് ഏകദേശം പതിനെട്ടേക്കർ വിസ്തൃതിയുള്ള ചെങ്കൽ വലിയകുളം. ഇവരുടെ നല്ല പ്രവർത്തികൾ കണ്ട ഗാന്ധിസ്മാരക നിധിയിലെ സനൽ കുളത്തിങ്കലും അവരോടൊപ്പം കുളവും പരിസരവും വൃത്തിയാകുന്ന പ്രക്രിയകളിൽ പങ്കാളിയായി.

കേരള ഭവനനിർമാണ വകുപ്പിൽ നിന്നും വിരമിച്ച ശേഷം ഭാര്യയുമൊത്തു വിശ്രമജീവിതം നയിക്കുന്ന സതീശനും ഭാര്യയും ജീവിതം ധന്യമാകുന്നത് ജൈവ കൃഷിയിലൂടെയാണ്. Msc. ബോട്ടണിയിൽ ബിരുദാനന്തര ബിരുദം കഴിഞ്ഞു പി.എച്ച്.ഡി. ചെയ്യാനാരംഭിച്ച മകൾ ഗംഗയും ഉദ്യാന പാലനത്തിനു കൂടുതൽ തല്പരയായ ഭാര്യയുമാണ് ജോലിയിൽ നിന്നും വിരമിച്ച ശേഷം കാർഷിക വൃത്തിക്ക് തനിക്ക് എന്നും പ്രചോദനവും സഹായവുമെന്നു മുൻ ആരോ​ഗ്യ വിദ്യാഭ്യാസ വകുപ്പിലെ ടെക്നിക്കൽ ഓഫീസർ ആയിരുന്ന സുരേഷ് കുമാർ അഭിപ്രായപ്പെടുന്നു. ജോലിയിൽ നിന്നും വിരമിച്ച ശേഷം സുഹൃത്തും നാട്ടുകാരനും കൂടിയായ രാധാകൃഷ്ണന്റെ പ്രചോദനമാണ് കാർഷികവൃത്തിയിലേക്കും അതിലുപരി യോഗ പരിശീലനത്തിനും ശ്രദ്ധ തിരിയാൻ ഇടയായതെന്നു അദ്ദേഹം പറയുന്നു. ശാരീരികമായ പല ബുദ്ധിമുട്ടുകളും അനുഭവിച്ചിരുന്ന തനിക്കു യോഗ പരിശീലനം ആരോഗ്യം തിരികെ കൊണ്ടുവരാൻ വളരെയധികം ഇടയാക്കിയെന്നും കൃഷിയെയും ഉദ്യാനപാലനത്തെയും കുറിച്ച് തന്ന ഉപദേശങ്ങളും ജീവിതത്തിൽ വളരെയധികം പ്രയോജനപ്പെടുന്നുമാണ് സുരേഷിന്റെ ഭാര്യയായ ഗിരിജ ടീച്ചറിന്റെ അഭിപ്രായം.

Terrace Garden 3

പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ഈ കൊറോണക്കാലം. ഒരുമിച്ചുള്ള യാത്രകൾ കൂട്ടായ്മക്ക് വളരെയധികം ഊർജമാണ് നൽകിയിരുന്നത്. കൊറോണക്കാലത്ത് യാത്രകളും ഒരുമിച്ചുള്ള യോഗ പരിശീലനവും മുടങ്ങിയതുകാരണം കൃഷിയിലാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ സാധിച്ചതെന്നു പൊല്യൂഷൻ കോൺട്രോളിലെ ഉദ്യോഗസ്ഥൻ കൂടിയായ തൃദീപ് കുമാർ പറഞു.

കൂട്ടായ്മയിലെ കുടുംബങ്ങളെല്ലാം മുറ്റത്തും മട്ടുപ്പാവിലും ജൈവകൃഷി നടത്തുന്നു. കൂടാതെ ഒരു പൊതു കൃഷിയിടവുമുണ്ട്. വിരമിച്ച തപാൽ വകുപ്പ് ഉദ്യോ​ഗസ്ഥനായ അനന്തകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള വയലാണ് പൊതു കൃഷിയിടം. പല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന ഇദ്ദേഹം യോഗ തുടങ്ങാൻ വിളിച്ചപ്പോൾ ഇതൊന്നും എന്നെക്കൊണ്ട് സാധിക്കില്ല എന്നായിരുന്നു പറഞ്ഞത്. യോഗ നല്ലൊരു മാറ്റമാണ് അദ്ദേഹത്തിന്റെയും ഭാര്യയുടേയും ജീവിതത്തിൽ കൊണ്ടുവന്നത്. ഒരേക്കറോളം പുരയിടത്തിൽ ഇന്നദ്ദേഹം ദിവസവും അധ്വാനിക്കുന്നു. തെങ്ങും, വാഴയും, മരച്ചീനിയും മറ്റു പച്ചക്കറികളുമായി കൃഷിയിടങ്ങൾ സമൃദ്ധമായി. ആയുസുള്ള കാലത്തോളം കൃഷി തുടരണമെന്നാണ് ഇന്ന് ഇദ്ദേഹം പറയുന്നത്.

Terrace Garden 4

സമൂഹത്തിലെ ഏറ്റവും ചെറിയ കൂട്ടായ്മ കുടുംബമാണ്. സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം ആ മാറ്റം നാം കൊണ്ടുവരേണ്ടത് സ്വന്തം ജീവിതത്തിലും അതിലൂടെ കുടുംബത്തിലുമാണ്. രാധാകൃഷ്ണന്റെ എല്ലാ പ്രവർത്തനങ്ങളുടെ പിന്തുണയും ഭാര്യ മിനിയും മക്കൾ കൃഷ്ണേന്ദുവും മകൻ ഗോകുലുമാണ്. ഓർക്കിഡ് കൃഷിയിലും പുഷ്പകൃഷിയിലും താല്പര്യമുണ്ടായിരുന്ന മിനിയുടെ പിന്തുണയോടെ ഓർക്കിഡ് കൃഷിയും മറ്റു പുഷ്പ കൃഷിയും ടെറസിന്റെ മുകളിൽ നടത്തിവരുന്നു. ഇപ്പോൾ വെണ്ടയും പയറും പാവലും തക്കാളിയും വെള്ളരിയും കത്തിരിയും വഴുതനയുമായി മട്ടുപ്പാവ് നിറഞ്ഞു നിൽക്കുന്നു. ഭാര്യയുടെ സഹോദരനും ഭാര്യയും അവരുടെ വീട്ടിൽ കൃഷിചെയ്തുവരുന്നു. ഇവർക്കെല്ലാം മാതൃകയായി ഭാര്യാ പിതാവ് ഇന്നും വയലിൽ നല്ലൊരു കൃഷിക്കാരനായി അധ്വാനിക്കുന്ന കാഴ്ച്ച എല്ലാവർക്കും പ്രചോദനമാണ്. മൂന്ന് തലമുറയുടെ കൂട്ടായ്മ കൂടിയാണ് ഇവിടെ കാണാൻ കഴിയുന്നത്.

കൃഷി ലാഭമുണ്ടാക്കൽ മാത്രമല്ല, അത് സമൂഹത്തിനു പ്രയോജനമാകുന്ന രീതിയിൽ ചെയ്യുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇവിടെ കൃഷി വ്യവസായമല്ല ഒരു സംസ്കാരമാകുന്നു. അധ്വാനിച്ച് ഉൽപ്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ പരസ്പരം പങ്കുവക്കുന്നു. ഇടയ്ക്കിടെ നടത്തുന്ന കുടുംബ സംഗമങ്ങളും വിനോദ വിജ്ഞാന യാത്രകളും കൂട്ടായ്മക്ക് കരുത്തു പകരുന്നു. കോവിഡ് കാലം കഴിയുമ്പോൾ മാറുന്ന സാഹചര്യങ്ങളെ അതിജീവിക്കാൻ കൃഷിയിൽ ഊന്നൽ നൽകി മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയാണ് ഈ കൂട്ടായ്മ. ജൈവകൃഷി കൂടുതൽ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ കുടുംബങ്ങളെ കൂട്ടായ്മയിലേക്ക് കൊണ്ടുവന്നു സമ്മിശ്ര കൃഷി പ്രോത്സാഹിപ്പിക്കലാണ് പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. പ്രകൃതിയേയും മനുഷ്യനേയും സ്നേഹിക്കുകയും സംരക്ഷിക്കുകയും വരും തലമുറയ്ക്ക് അതിനുള്ള പ്രചോദനം നൽകുകയുമാണ് കൂട്ടായ്മയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

(പ്രകൃതി, വന്യജീവി ഫോട്ടോഗ്രാഫറാണ് ലേഖകൻ)

Content Highlights: Kerala Farming, Terrace Farming, Home Garden, Gokulam Yoga Group


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented