കക്കിരി, തണ്ണിമത്തന്‍, പീച്ചിങ്ങ... ലാഭം നേടാന്‍ ഹൈബ്രിഡ് വിത്തുകള്‍


ഡോ.ടി. പ്രദീപ് കുമാര്‍

സ്വകാര്യകമ്പനികള്‍ ഈടാക്കുന്നതിനെക്കാള്‍ വളരെക്കുറഞ്ഞ നിരക്കില്‍ ഹൈബ്രിഡ് വിത്തുകള്‍ കാര്‍ഷിക സര്‍വകലാശാല കര്‍ഷകര്‍ക്ക് നല്‍കുന്നു

തണ്ണിമത്തൻ| ഫോട്ടോ: മാതൃഭൂമി

വെള്ളരി വര്‍ഗവിളകളില്‍ ഗുണമേന്മയുള്ളതും അത്യുത്പാദനശേഷിയുള്ളതുമായ ഹൈബ്രിഡ് വിത്തുകള്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ പച്ചക്കറിശാസ്ത്രവിഭാഗം പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയില്‍ മറ്റു കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ ഇനിയും അനുവര്‍ത്തിക്കാത്ത രീതിയില്‍ പ്രകൃതിസൗഹൃദവും വിത്തുണ്ടാക്കാനുള്ള ചെലവ് കുറച്ചുമാണ് ഹൈബ്രിഡ് ഇനങ്ങള്‍ രൂപപ്പെടുത്തിയത്.

കക്കിരി
സാലഡായി കഴിക്കുന്ന കക്കിരിയില്‍ മൂന്ന് സങ്കരയിനങ്ങളുണ്ട്. പച്ചകലര്‍ന്ന മഞ്ഞനിറത്തോടുകൂടിയ ഹീര, വെളുത്ത കായുള്ള ശുഭ്ര എന്നിവയില്‍ പെണ്‍പൂക്കള്‍ കൂടുതല്‍ വിടരുന്നതുകാരണം മികച്ചവിളവ് ലഭിക്കും. പുറത്തും മഴമറയിലും കൃഷിചെയ്യാം. കായുണ്ടാകാന്‍ പരാഗണം ആവശ്യമായ ഈ ഹൈബ്രിഡുകള്‍ പോളിഹൗസിന് യോജിച്ചതല്ല. സംരക്ഷിതകൃഷിക്ക് യോജിച്ച ഹൈബ്രിഡ് ഇനമാണ് കടുംപച്ചനിറത്തിലുള്ള കായ്കള്‍ വിരിയുന്ന കെ.പി.സി.എച്ച്.-1. പരാഗണം ഇല്ലാതെ കായുണ്ടാകുന്നതാണ് ഇതിന്റെ പ്രത്യേകത. ഒക്ടോബര്‍മുതല്‍ ഫെബ്രുവരിവരെ ഇവ കൃഷിചെയ്യാം.

നല്ല വളപ്രയോഗം ആവശ്യമുള്ളയിനമാണ് സങ്കരയിനം സാലഡ് വെള്ളരി. കായ്കള്‍ സാലഡായി ഉപയോഗിക്കുന്നതുകൊണ്ട് രാസകീടനാശിനികള്‍ പ്രയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു ചെടിയില്‍നിന്ന് 20 കായ മുതല്‍ ലഭിക്കും. ശരാശരി നാലുമുതല്‍ അഞ്ചുകിലോവരെ ഒരു ചെടിയില്‍നിന്ന് വിളവ് പ്രതീക്ഷിക്കാം. കെ.പി.സി.എച്ച്.1 എന്ന ഹൈബ്രിഡ് ഇനത്തിനെ പുറത്തും കൃഷിചെയ്ത് ലാഭം ഉണ്ടാക്കുന്നു. എന്നാല്‍, ഉഷ്ണം കൂടുമ്പോള്‍ കെ.പി.സി.എച്ച്.1 പുറത്ത് കൃഷിചെയ്യാന്‍ പറ്റില്ല.

സ്വകാര്യസ്ഥാപനങ്ങള്‍ ഒരു വിത്തിന് അഞ്ചു രൂപ ഈടാക്കുമ്പോള്‍ കെ.പി.സി.എച്ച്.1ന് ഒരുരൂപ നിരക്കിലാണ് സര്‍വകലാശാല നല്‍കുന്നത്. തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ഇതിന് ആവശ്യക്കാര്‍ ഏറെയാണ്.

തണ്ണിമത്തന്‍
മഞ്ഞക്കാമ്പുള്ള സ്വര്‍ണയും ചുവന്ന കാമ്പുള്ള ശോണിമയും ഒക്ടോബര്‍മുതല്‍ കൃഷിചെയ്യാം. കൃഷി ഒഴിഞ്ഞ നെല്‍പ്പാടത്ത് ഫെബ്രുവരിയിലും ഈ സങ്കരയിനങ്ങള്‍ കൃഷിചെയ്യാം. സാധാരണ തണ്ണിമത്തന്‍ ഇനമായ ഷുഗര്‍ ബേബിയുടെ വിത്ത് ശോണിമയുടെയും സ്വര്‍ണയുടെയും കൂടെ നല്‍കുന്നുണ്ട്. ഈ വിത്തുകള്‍ പ്രത്യേക വരിയായിനടണം. ഷുഗര്‍ ബേബിയില്‍ നിന്നുമുള്ള പരാഗണംനടന്നാല്‍മാത്രമേ സ്വര്‍ണയിലും ശോണിമയിലും കായ്കള്‍ പിടിക്കൂ. തേനീച്ചകള്‍ പരാഗണം നടത്തുമെങ്കിലും കര്‍ഷകര്‍ രാവിലെ ആറിനും എട്ടിനുമുള്ളില്‍ കൃത്രിമപരാഗണം നടത്തിയാല്‍ കൂടുതല്‍ വിളവെടുക്കാം.

നല്ല വളപ്രയോഗം ആവശ്യമുള്ള വിളയാണ് തണ്ണിമത്തന്‍. പൂവിട്ട് 45-ാം ദിവസം കഴിയുമ്പോള്‍ വിളവെടുക്കാന്‍ പാകമാവും. ഒരു ചെടിയില്‍നിന്ന് രണ്ടരമുതല്‍ മൂന്ന് കിലോവരെ വലുപ്പമുള്ള മൂന്ന് കായ്കളെങ്കിലും ലഭിക്കും. ഒരു ഏക്കറില്‍നിന്ന് അഞ്ച് ടണ്ണോളം വിളവ് പ്രതീക്ഷിക്കാം. കുരു ഇല്ലാത്ത തണ്ണിമത്തന്‍ ഹൈബ്രിഡുകള്‍ ഇന്ത്യയില്‍ അപൂര്‍വമാണ്. രക്തചംക്രമണം വര്‍ധിപ്പിക്കുന്ന സിട്രുലിന്‍ മഞ്ഞക്കാമ്പുള്ള തണ്ണിമത്തനായ സ്വര്‍ണയില്‍ ഏറ്റവും കൂടുതലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

പീച്ചിങ്ങ
വലിയ കേടുകള്‍ ഇല്ലാതെ കൃഷിചെയ്യാന്‍ പറ്റുന്ന വെള്ളരിവര്‍ഗത്തില്‍പ്പെട്ട പീച്ചിങ്ങയിലും പ്രകൃതിസൗഹൃദമായ രീതിയില്‍ ഹൈബ്രിഡ് ഇനം (കെ.ആര്‍.എച്ച്. 1) വികസിപ്പിച്ചിട്ടുണ്ട്. പച്ചനിറത്തോടുകൂടി നീളമുള്ള കനംകുറഞ്ഞ കായ്കള്‍ ഉണ്ടാവുന്ന കെ.ആര്‍.എച്ച്.1ല്‍ ഒരു വള്ളിയില്‍ ഏകദേശം 15-20 കായ്കള്‍ ലഭിക്കുകയും ശരാശരി ഒരുചെടിയില്‍നിന്ന് ഏഴ് കിലോഗ്രാം വിളവുലഭിക്കും. മഴക്കാലത്തും വേനല്‍ക്കാലത്തും കൃഷിചെയ്യാന്‍ യോജിച്ച വിളയാണെങ്കിലും ഒക്ടോബറില്‍ വിളയിറക്കുന്നതാണ് പീച്ചില്‍ കൃഷിക്ക് നല്ലത്. നടുന്നതിനുമുമ്പ് വിത്ത് വെള്ളത്തില്‍ കുതിര്‍ത്തുവെക്കുന്നത് പെട്ടെന്ന് മുളപൊട്ടാന്‍ സഹായിക്കും.

നട്ട് രണ്ടുമാസം കഴിയുമ്പോഴേക്കും പീച്ചിങ്ങയില്‍നിന്ന് ധാരാളം പൂക്കള്‍ ഉണ്ടാവും. പൂവിട്ട് ഏഴ്എട്ട് ദിവസത്തിനുള്ളില്‍ വിളവെടുക്കാം. പാവലും പടവലവുംമാത്രം കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് കൂടുതല്‍ ആദായംനേടാന്‍ പറ്റുന്ന ഒരു വിളയാണ് പീച്ചിങ്ങ. കെ.ആര്‍.എച്ച്. 1 എന്ന ഹൈബ്രിഡ് ഇനം കൃഷിചെയ്യുന്നതുവഴി പീച്ചിങ്ങ കൃഷി ആദായകരമാക്കാന്‍ കഴിയും.

(കേരള കാര്‍ഷിക സര്‍വകലാശാല വെജിറ്റബിള്‍ സയന്‍സ് വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: kerala agricultural university's hybrid vegetable seeds are hit with farmers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented