ബദിയടുക്ക: പേരിൽ കുള്ളനെങ്കിലും നാടൻപശുക്കളുടെ കൂട്ടത്തിലെ തലയെടുപ്പുള്ള കൂട്ടരാണ് കാസർകോടൻ കുള്ളന്മാർ. ഹരിയാണയിലെ കർനാലിലുള്ള നാഷണൽ ബ്യൂറോ ആൻഡ് അനിമൽ ജനറ്റിക് റിസർച്ച് എന്ന സ്ഥാപനം 34 ഇനങ്ങളെയാണ് നാടൻപശുക്കളുടെ കൂട്ടത്തിൽ പെടുത്തിയിട്ടുള്ളത്. കേരളത്തിൽനിന്ന്‌ വെച്ചൂർ പശുവും കാസർകോട് കുള്ളനുമാണ് അക്കൂട്ടത്തിലുള്ളത്.

വംശനാശഭീഷണി നേരിടുന്ന ഇനം

ഒരുകാലത്ത് കാസർകോട്ടെ ഗ്രാമങ്ങളിൽ സുലഭമായി ഉണ്ടായിരുന്ന ഈ പശുക്കൾ ഇന്ന് വംശനാശഭീഷണിയിലാണ്. കഴുത്തിൽ കയറുപോലുമില്ലാതെ കാട്ടിലും കുന്നിൻപുറങ്ങളിലും മേഞ്ഞുനടന്നിരുന്ന ഇവയ്ക്ക് മനുഷ്യൻ പരിസ്ഥിതിക്കുമേൽ നടത്തിയ കടന്നുകയറ്റം തന്നെയാണ് പ്രധാന വിനയായത്. കൂടുതൽ പാലുത്‌പാദിപ്പിക്കുന്ന സങ്കരയിനങ്ങളുടെ വരവും തിരിച്ചടിയായി.

ഈ സാഹചര്യത്തിലാണ് കാസർകോടൻ കുള്ളനെ സംരക്ഷിക്കാനായി ബദിയടുക്ക പഞ്ചായത്തിലെ ബേള കുമാരമംഗലം ക്ഷേത്രത്തിനടുത്തായി മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ 2013 -ൽ കന്നുകാലിവളർത്തൽ കേന്ദ്രം ആരംഭിച്ചത്.

50 പശുക്കളാണ് തുടക്കത്തിലുണ്ടായതെങ്കിൽ ഇപ്പോൾ 173 എണ്ണമുണ്ട്. അസി. ഡയരക്ടർ ഡോ. സൂര്യനാരായണ ഭട്ട്, ഫീൽഡ് ഓഫീസർ ബാബു, ലൈവ്‌ സ്റ്റോക്‌ അസിസ്റ്റന്റ്‌ സുകുമാരൻ, അറ്റൻഡർ ലീന, രാത്രികാവൽക്കാരൻ വിപിൻ എന്നിവരെക്കൂടാതെ ദിവസ വേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന 10 പേരും ചേർന്നാണ് ഇവയുടെ പരിപാലനം. പശുപരിപാലനം ഇവരിൽ പലർക്കും ഒരു ജോലി മാത്രമല്ല, ജീവിതചര്യ കൂടിയാണ്.

ഇത് കാസർകോടിന്റെ സ്വന്തം കുള്ളന്മാർ
കപില ഇനം പശുവിന് ജീവനക്കാരൻ രാജേഷ് തീറ്റ നൽകുന്നു

ഇത്തിരി പാല്, ഒത്തിരി ഗുണം

കാസർകോടൻ കുള്ളന്റെ മുഖ്യ ആകർഷണം പാലിന്റെ മികവും വളർത്താനുള്ള സൗകര്യവുമാണ്. വലിപ്പം തീരെ കുറഞ്ഞ മെലിഞ്ഞ കൈകാലുകളുള്ള ഇവയെ ആടിനെപ്പോലെ വളർത്താം. കുറച്ചുമാത്രം തീറ്റ മതി, കയറില്ലെങ്കിലും എവിടേക്കും ഓടിപ്പോകില്ല, മൂക്കിന് കയറൊന്നും വേണ്ടാ എന്നിവയെല്ലാം ഇവയുടെ പ്രത്യേകതയാണ്. കിട്ടുന്ന പാൽ കുറച്ചാണെങ്കിലും മികച്ച ഗുണമുള്ളതാണ് എന്ന സവിശേഷതയുമുണ്ട്.

കപിലയാണ് താരം

: കാസർകോടൻ കുള്ളനിലെ ഒരു പ്രധാന വിഭാഗമാണ് കപില. നിറംകൊണ്ടും കണ്ണുകളുടെ സൗന്ദര്യംകൊണ്ടും പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന ഇവയ്ക്ക് ഗുണങ്ങളേറെയാണ്.

വെള്ളാരങ്കല്ലുകൾ പോലുള്ള കണ്ണും പിത്തളനിറവുമുള്ള ഇവയുടെ പാലും നെയ്യും മഞ്ഞനിറം കൂടുതലുള്ളതാണ്. മനുഷ്യന് രോഗ പ്രതിരോധശേഷി നൽകുന്ന പാലിലെ പ്രോട്ടീനിന്റെ അംശമായ ലാക് ടോഫെറിൻ കൂടുതലായി അടങ്ങിയിട്ടുള്ളതാണ് ഇവയുടെ പാൽ എന്നും പറയപ്പെടുന്നു.

ചാണകവും ഗോമൂത്രവും വിൽപ്പനയ്ക്ക്

രണ്ടരരൂപയ്ക്ക് ഒരുകിലോ ചാണകവും ആറുരൂപയ്ക്ക് ഒരുലിറ്റർ ഗോമൂത്രവും ഇവിടെനിന്ന്‌ വിൽക്കുന്നു. 52 രൂപയ്ക്ക് ശരാശരി 15 ലിറ്ററോളം പാലും ഒരുദിവസം വിൽക്കുന്നുണ്ട്.

ബേളയിലെ കന്നുകാലിസംരക്ഷണകേന്ദ്രത്തിൽനിന്ന് കാളകളെയും പശുക്കളെയും കാസർകോട് ഡ്വാർഫ് കൺസർവേഷൻ സൊസൈറ്റിക്ക് മാത്രമാണ് വിൽക്കുന്നത്. സർക്കാർ നിശ്ചയിക്കുന്ന വില കൊടുത്ത് വാങ്ങുന്ന പശുക്കളെയും കാളകളെയും ഇവർ ജൈവകർഷകർക്ക് കമ്യൂണിറ്റി കൺസർവേഷൻ പ്രോഗ്രാം അനുസരിച്ച് സൗജന്യമായി വിതരണംചെയ്യുന്നുണ്ട്‌.

Kasaragod dwarf cattle - Native cows