നാരങ്ങാ സര്‍ബത്തിന് പകരം പുണര്‍പ്പുളി ജ്യൂസ് ഉപയോഗിച്ചാല്‍ എന്താണ് ഗുണം? കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ മാത്രം കണ്ടുവരുന്ന പുണര്‍പ്പുളിയെ കേരളമൊട്ടാകെയുള്ള കര്‍ഷകര്‍ക്കായി പരിചയപ്പെടുത്തിയത് തൃശൂരില്‍ നടന്ന വൈഗ അന്താരാഷ്ട്ര കാര്‍ഷികമേളയാണ്. കാര്‍ഷികകേരളത്തിന് മുതല്‍ക്കൂട്ടായ നിരവധി മൂല്യവര്‍ധിത ഉത്പന്നങ്ങളും കാസര്‍ഗോഡിന്റെ സ്വന്തം കര്‍ഷകര്‍ മേളയിലെത്തിച്ചിരിക്കുന്നു.

പുണര്‍പ്പുളി

' ശരീരത്തിലുണ്ടാകുന്ന പിത്തം, വിളര്‍ച്ച, രക്തക്കുറവ് എന്നിവയെല്ലാം പരിഹരിക്കാന്‍ പറ്റിയ സിദ്ധൗഷധമാണ് പുണര്‍പ്പുളി. ഇത് പഴുത്തുകഴിഞ്ഞാല്‍ ഉണക്കി സിറപ്പ് ഉണ്ടാക്കാനായി സൂക്ഷിക്കാം. ഉണക്കിയ പുണര്‍പ്പുളിയുടെ രണ്ട് അല്ലി വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് പിഴിഞ്ഞെടുത്താല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നത് സ്ഥിരീകരിക്കപ്പെട്ടതാണ്. പുണര്‍പ്പുളി എന്താണെന്ന് തെക്കന്‍ജില്ലകളിലുള്ളവര്‍ക്ക് അറിയില്ല. കേരളത്തില്‍ കാസര്‍ഗോഡ് മാത്രം ഒതുങ്ങി നില്‍ക്കുന്ന തണല്‍മരമാണ് പുണര്‍പ്പുളി.' ബേഡഡുക്ക കൃഷിഭവനിലെ അസിസ്റ്റന്റ് അഗ്രിക്കള്‍ച്ചറല്‍ ഓഫീസറായ ജയശ്രീയാണ് കാസര്‍ഗോഡിന്റെ സ്വന്തം പുണര്‍പ്പുളിയെ പരിചയപ്പെടുത്തുന്നത്. 

കര്‍ണാടകയിലും കാസര്‍ഗോഡും സല്‍ക്കാരങ്ങളില്‍ മുഖ്യപങ്കു വഹിക്കുന്നതാണ് പുണര്‍പ്പുളി ജ്യൂസ്. സ്‌ക്വാഷും ഇവര്‍ പരിചയപ്പെടുത്തുന്നു.പുണര്‍പ്പുളിയുടെ സ്‌ക്വാഷില്‍ നിന്ന് രണ്ട് ടീസ്പൂണ്‍ എടുത്ത് കുറച്ച് ഏലക്കായും ചേര്‍ത്താല്‍ ഉത്തമമായ ദാഹശമനിയാണെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. 

പ്ലാസ്റ്റിക് ഉപേക്ഷിക്കൂ; കവുങ്ങിന്‍ പാള ഉപയോഗിക്കൂ

പ്ലാസ്റ്റിക്കിനെ എത്രമാത്രം മാറ്റിനിര്‍ത്താമെന്ന പരീക്ഷത്തിലാണ് ഇവര്‍. കവുങ്ങിന്‍പാള ഉപയോഗിച്ച് പ്രകൃതിക്ക് ഇണങ്ങുന്ന രീതിയില്‍ നിര്‍മിച്ച നിരവധി ഉത്പന്നങ്ങള്‍ ഇവിടെയുണ്ട്. ബാഡ്ജ്,,പ്ലെയിറ്റ്,പാളത്തൊപ്പികള്‍,കുട്ടിയെ കുളിപ്പിക്കാനുപയോഗിക്കുന്ന പാളകള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. 

കാസര്‍ഗോഡിന്റെ സ്വന്തം അടയ്ക്കയും തേങ്ങയും

മോഹിത് നഗര്‍, കാസര്‍ഗോഡ് ലോക്കല്‍, മംഗള, സുമംഗള എന്നിങ്ങനെ വ്യത്യസ്ത ഇനത്തില്‍പ്പെട്ട അടക്കകളും ഇവിടെ പ്രദര്‍ശനത്തിനെത്തി. തിരുവനന്തപുരത്തു നിന്നുള്ള കര്‍ഷകര്‍ വിത്ത് അടയ്ക്കക്കായി ബുക്കിങ്ങ് നടത്തിയതായി ജയശ്രീ പറയുന്നു. 

കാസര്‍ഗോഡിന്റെ സ്വന്തം തേങ്ങയും മേളയിലെത്തിക്കാന്‍ ഇവര്‍ മറന്നില്ല. രണ്ട് തെങ്ങിന്റെ ഉയരത്തിലുള്ള തെങ്ങിലുണ്ടാകുന്ന തേങ്ങയാണിത്. കണ്ണിയില്ലാത്ത തേങ്ങയും പ്രദര്‍ശനത്തിനെത്തി.

തെങ്ങില്‍ നിന്നും എന്തെല്ലാം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ പറ്റുമെന്ന പരീക്ഷണത്തിലാണ് ഇവര്‍ . ഏഴാംക്ലാസ് വിദ്യാര്‍ഥിയായ ഋതുപര്‍ണരാജാണ് ചിരട്ടകള്‍ കൊണ്ട് ശില്‍പ്പങ്ങളും ടേബിള്‍ ലാമ്പുകളും നിര്‍മിച്ചിരിക്കുന്നത്. തൃശൂരിന്റെ മണ്ണില്‍ കാസര്‍ഗോഡിന്റെ പ്രാതിനിധ്യം ഉറപ്പിച്ചിരിക്കുകയാണ് ഇവരുടെ കൂട്ടായ്മ.

Content highlights: Punarppuli, Bedaduka, International workshop and exhibition on agro processing and value addition (VAIGA 2017),Agriculture, Value added products,Kasaragod