ദക്ഷിണേഷ്യയില്‍ വന്‍തോതില്‍ വിളയുന്ന റംബുട്ടാന്‍ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ വസന്തം തീര്‍ക്കുന്നു. ഉദയഗിരി, ആലക്കോട്, നടുവില്‍, ഏരുവേശി പഞ്ചായത്തുകളില്‍ റംബുട്ടാന്‍ വിളഞ്ഞുപഴത്തുതുടങ്ങി. നേരത്തെ കരിമ്പം ഫാമില്‍ മാത്രമായിരുന്നു റംബുട്ടാന്‍ പേരിനെങ്കിലും ഉണ്ടായിരുന്നത്. കണ്ണൂര്‍, തളിപ്പറമ്പ് മാര്‍ക്കറ്റില്‍ ഇപ്പോഴെത്തുന്ന പഴങ്ങള്‍ ഈ പഞ്ചായത്തുകളില്‍നിന്നാണ്. പ്രത്യേകിച്ചും ഉദയഗിരി പഞ്ചായത്തില്‍നിന്ന്. റംബുട്ടാന്‍ കൃഷിയില്‍ ഉദയഗിരിയെ കണ്ണൂരിലെ തായ്‌ലന്‍ഡ് എന്നാണ് വിളിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ റംബുട്ടാന്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് തായ് ലന്‍ഡ്.

മഴക്കാലത്ത് മൂത്ത് പാകമാകുന്ന പഴമെന്ന വിശേഷണം കൂടി റംബുട്ടാനുണ്ട്. മാംഗോസ്റ്റിന്‍, ലിച്ചി തുടങ്ങിയ പഴങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നവയാണ് റംബുട്ടാന്‍. മാര്‍ക്കറ്റില്‍ 300 രൂപ വിലയുണ്ട്. ഉദയഗിരി അരിവിളഞ്ഞ പൊയിലിനടുത്ത് മൂന്നാം തോട് എന്ന സ്ഥലത്തെ ചാക്കോ ഈറ്റത്തോട്ടത്തില്‍ പ്രധാന റംബുട്ടാന്‍ കര്‍ഷകനാണ്. ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ജോലി രാജിവെച്ചാണ് ഇദ്ദേഹം കൃഷിയിലേക്ക് ഇറങ്ങിത്തിരിച്ചത്. കൂട്ടിന് ഭാര്യ ഫിലോമിന നരിവേലിലുമുണ്ട്. മൂന്ന് ആണ്‍മക്കളും ചാക്കോയെ കൃഷിയില്‍ പ്രോത്സാഹിപ്പിക്കുന്നു. മൂത്ത മകന്‍ ടോണി ബെംഗളൂരുവില്‍ നന്ദി ഹില്‍സിനടുത്ത് ഫാം നടത്തുന്നു. അവിടെ മാമ്പഴമാണ് പ്രധാന വിള. ഗോവയിലും തോട്ടമുണ്ട്. രണ്ടാമത്തെ മകന്‍ റോണി ഷെവര്‍ലെ കമ്പനിയില്‍ ജോലി ചെയ്യുന്നു. ഇളയ മകന്‍ സോണി വീട്ടില്‍ അച്ഛനെ കൃഷിയില്‍ സഹായിക്കുന്നു. എം.ബി.എ. ബിരുദധാരിയാണ്. 60 ഏക്കറോളം സ്ഥലത്ത് ഈ കുടുംബം പഴവര്‍ഗമുള്‍പ്പെടെയുള്ള കൃഷി നടത്തിവരികയാണ്.

കോട്ടയത്തുനിന്ന് കുടിയേറി ഉദയഗിരിയിലെത്തിയതാണ് കുടുംബം. ജില്ലയിലെ തന്നെ ഏറ്റവും വലിയ കൊക്കോ കൃഷി കാഡ്ബറീസുമായി ചേര്‍ന്ന് നടത്തുന്നുണ്ട്. പ്രോസസ്സിങ്, സംഭരണം എന്നിവയും ഇതോടൊപ്പം ചെയ്യുന്നു. റബ്ബര്‍, തെങ്ങ്, കവുങ്ങ് എന്നിവയും കൃഷിയിടത്തിലുണ്ട്. തെങ്ങ്, കവുങ്ങ് കൃഷി രോഗബാധയെത്തുടര്‍ന്ന് നശിച്ചതോടെ ഫലവൃക്ഷ കൃഷി പരീക്ഷിക്കുന്നു. റംബുട്ടാന്‍ പ്രധാനം. 200ഓളം ചെടികള്‍ അഞ്ചു വര്‍ഷമായി കായ്ക്കുന്നു. കാഞ്ഞിരപ്പള്ളിയില്‍നിന്ന് തൈകള്‍ കൊണ്ടുവന്നു. യെല്ലോ, റെഡ് എന്നീ രണ്ടിനങ്ങളാണ് കൂടുതല്‍. ഈ വര്‍ഷത്തെ വിളവെടുപ്പ് ആരംഭിച്ചു. കണ്ണൂര്‍ മാര്‍ക്കറ്റിലാണ് വിപണനം ചെയ്യുന്നത്. ആവശ്യക്കാര്‍ ഏറെയുണ്ട്. 200 രൂപ വില കിട്ടുന്നുണ്ട്. പുതിയ ഇനം പ്ലാവ് കൃഷി, പേരക്ക, ചാമ്പ, ആഫ്രിക്കന്‍ ആപ്പിള്‍, ചെറി, മാവ് എന്നിവയടക്കം പലവിധ ഫലവൃക്ഷങ്ങള്‍ കൃഷിയിടത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. കൂടാതെ മത്സ്യകൃഷിയുമുണ്ട്. കാര്‍ഷികവിളകള്‍ നേരിട്ട് കയറ്റുമതി ചെയ്യാനുള്ള ശ്രമത്തിലാണ് സോണി. വായാട്ടുപറമ്പിലും ഗോവയിലും ഇവര്‍ക്ക് ഫലവൃക്ഷത്തോട്ടമുണ്ട്.

മറ്റൊരു പ്രധാന റംബുട്ടാന്‍ തോട്ടമുള്ളത് കരുവഞ്ചാലിനടുത്ത് മീമ്പറ്റിയിലാണ്. ഇവിടത്തെ പ്രധാന കുടിയേറ്റ കര്‍ഷകനായ കിഴക്കേക്കര ജോസഫ് (ഔസേപ്പച്ചന്‍) കൃഷിയില്‍ വിജയം നേടിയതിലുള്ള സംതൃപ്തിയിലാണ്. കൂര്‍ഗ് റോഡരികില്‍ കവുങ്ങ് കൃഷി രോഗം ബാധിച്ച് നശിച്ചതിനെത്തുടര്‍ന്ന് പരീക്ഷണത്തിനിറങ്ങുകയായിരുന്നു ഇദ്ദേഹം. മൂന്നു വര്‍ഷംകൊണ്ട് ചെടികളെല്ലാം കായ്ച്ചുതുടങ്ങി.

175 റംബുട്ടാന്‍ മരങ്ങളുണ്ട് കൃഷിയിടത്തില്‍. ഇതിനുപുറമെ ഫലവൃക്ഷങ്ങളുടെ വലിയ നിര തന്നെയുണ്ട് ജോസഫിന്റെ കൈലാളനമേറ്റ് വളരുന്നതായി. മലയോരത്തെ ഭൂരിഭാഗം വീടുകളിലും രണ്ടോ മൂന്നോ റംബുട്ടാന്‍ മരങ്ങള്‍ കായ്ച്ചുനില്‍ക്കുന്ന കാഴ്ചയാണിപ്പോള്‍. രുചിയും കാഴ്ചയിലെ ഭംഗിയും റംബുട്ടാനെ മലയോരത്തെ പ്രിയപ്പെട്ട പഴങ്ങളിലൊന്നാക്കി മാറ്റിയിരിക്കുന്നു.