കണമല: റേഷന്‍ കടയില്‍ നിന്ന് ലഭിക്കുന്ന കിറ്റിനൊപ്പം ഇനി ഉണക്ക കപ്പ കിട്ടുന്നവര്‍ കണമലയെന്ന മലയോര ഗ്രാമത്തിലെ കര്‍ഷകരെ ഒന്നു സ്മരിച്ചേക്കണം. കാരണം ഐഡിയ കണമലയുടേതാണ്. കപ്പ സംഭരിച്ച് പരീക്ഷണ അടിസ്ഥാനത്തില്‍ ജനങ്ങളില്‍ എത്തിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. 

കണമലയ്ക്ക് പറയാന്‍ അതിജീവനത്തിന്റെ കഥയുണ്ട്. ആ അതിജീവനം പിന്നീട് കാര്‍ഷിക വിപ്ലവമായ കഥയുണ്ട്. അതിനേക്കാളറെ അനുയോജ്യമായ മറ്റൊരു വാക്കുണ്ടാകില്ല കണമല സര്‍വ്വീസ് സഹകരണ ബാങ്കിന്. രണ്ട് വര്‍ഷം മുന്‍പാണ് കണമല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഭരണസമിതി മാറുന്നത്. ബിനോയ് മങ്കന്താനത്തിന്റെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി അധികാരമേറ്റതോടെയാണ് കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കി കൃഷിക്കൊപ്പം അതിന്റെ വിപണിയും വിപണനവും ബാങ്ക് ഏറ്റെടുത്തത്. 

കാര്‍ഷികമേഖലയ്ക്ക് മുന്‍തൂക്കം നല്‍കിയായിരുന്നു മാറ്റങ്ങള്‍. പിന്നെയുണ്ടായത് കാര്‍ഷികമേഖലയിലെ വിപ്ലവം തന്നെയായിരുന്നു. കോവിഡ് കാലത്തിന് മുന്‍പ് തന്നെ ക്യഷിമേഖലയ്ക്ക് അനിവാര്യമായ ചില മാറ്റങ്ങള്‍ ബാങ്കിന് വരുത്താന്‍ സാധിച്ചു. നാല് പദ്ധതികളാണ് പ്രധാനമായും ബാങ്കിന് ഉണ്ടായിരുന്നത്. കണമല കാന്താരി, പമ്പയാര്‍ പോത്തുഗ്രാമം, എഴുത്തുവാപ്പുര തേന്‍ഗ്രാമം, മുക്കൂട്ടുത്തറ മീന്‍ഗ്രാമം എന്നിവയായിരുന്നു ആ പദ്ധതികള്‍. കര്‍ഷകര്‍ എന്ത് വിള കൃഷിചെയ്താലും അത് ബാങ്ക് പണം നല്‍കിവാങ്ങി. താങ്ങുവില എല്ലാ വിളകള്‍ക്കും ഉറപ്പ് വരുത്തി.

നാല് പദ്ധതികളും വളരെ വിജയകരമായിരുന്നു. കാന്താരി പോലെ അധികം ചിലവ് വരാത്ത വിളകള്‍ക്കായുള്ള അന്വേഷണത്തിലാണ് കപ്പ തിരഞ്ഞെടുക്കുന്നത്. മലയോര മേഖലയില്‍ എളുപ്പം വിളയുന്നിനാലും, അധികം ജലം ആവശ്യമില്ലാത്തതിനാലും കപ്പ കൃഷി ചെയ്യാനുള്ള വിളയായി തിരഞ്ഞെടുക്കുകയായിരുന്നു. ഇത്തരത്തില്‍ 500 കാര്‍ഷിക കുടുംബങ്ങളുള്ള കൂട്ടായ്മ കപ്പ ക്യഷി ചെയ്തു. 

എന്നാല്‍ കോവിഡ് വന്നതോടെ കപ്പ ധാരാളം കൃഷി ചെയ്തത് ബാക്കിയായി. കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കാനുള്ള ശ്രമമായിരുന്നു ബാങ്ക് പിന്നീട് നടത്തിയത്. കോവിഡ് കാലമായപ്പോള്‍ കപ്പ സംഭരിച്ചു കിറ്റില്‍ ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരിനോട് ആലോചിച്ചു.

അങ്ങനെ അംഗീകാരം ലഭിച്ചതോടെ കഴിഞ്ഞ ഫെബ്രുവരിയില്‍ കിറ്റിനൊപ്പം ഉണക്ക കപ്പ നല്‍കി തുടങ്ങി. പദ്ധതി വിജയകരമായതോടെ ഇതെങ്ങനെ പ്രാവര്‍ത്തികമാക്കി എന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ തേടി. തുടര്‍ന്ന് ബാങ്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇപ്പോള്‍ അടുത്തഘട്ടമെന്ന നിലയില്‍ നബാര്‍ഡും ബാങ്കിനെ സമീപിച്ചിരിക്കുകയാണ്. 

ഉടനെ കണമല കപ്പയുടെ രുചി വിദേശങ്ങളിലും എത്തും. ഇതിനായി കയറ്റുമതി ലൈസന്‍സ് നേടാനുള്ള ശ്രമത്തിലാണ് ബാങ്ക് ഇപ്പോള്‍.

കപ്പ കിറ്റിലേക്ക് എത്തുന്ന വഴി

ഉണക്കക്കപ്പ പ്രാഥമിക സഹകരണ ബാങ്കുകള്‍ ഗുണമേന്മ ഉറപ്പു വരുത്തി സംഭരിക്കും. ഗുണമേന്മ മാനദണ്ഡം സംസ്ഥാന തലത്തില്‍ ശാസത്രീയമായി നിര്‍ണയിച്ച് അത് പ്രാഥമിക സഹകരണ ബാങ്കുകളെയും അതുവഴി കര്‍ഷകരെയും ബോധ്യപ്പെടുത്തും.(നന്നായി വാട്ടാത്ത കപ്പ വേഗം കുത്തല്‍ പിടിക്കും. വളിച്ച കപ്പ രുചി വ്യത്യാസമുണ്ടാക്കും. നന്നായി ഉണങ്ങാത്ത കപ്പയ്ക്ക് വേഗം പൂപ്പല്‍ പിടിക്കും). 

സംഭരിക്കുന്ന കപ്പ സംസ്ഥാന തലത്തില്‍ നിര്‍ണ്ണയിക്കപ്പെടുന്ന പാക്കിങ് രീതിയനുസരിച്ച് അതാത് ബാങ്കിന്റെ പേരിലാണ് പായ്ക്ക് ചെയ്യുന്നത്. (അല്ലാത്തപക്ഷം ചിലര്‍ ഗുണമേന്മ കുറഞ്ഞവ സംഭരിച്ച് പായ്ക്ക് ചെയ്യും. ഗുണമേന്മയുടെ ഉത്തരവാദിത്വം പ്രാഥമിക ബാങ്കുകള്‍ക്കാവണമെന്ന് ഉറപ്പു വരുത്താനാണിത്). ഇങ്ങനെ പായ്ക്ക് ചെയ്തവ ജില്ലാടിസ്ഥാനത്തില്‍ സമാഹരിച്ച് റേഷന്‍ കടകള്‍, സര്‍ക്കാരിന്റെ മറ്റ് പൊതുവിതരണ സംവിധാനങ്ങള്‍ എന്നിവ വഴി വിറ്റഴിക്കുക എന്നതാണ് പദ്ധതി.

അതത് ജില്ലകളില്‍ വിറ്റഴിക്കാന്‍ കഴിയാത്തവ സംസ്ഥാന തലത്തില്‍ സംഭരിച്ച് വിപണി സാധ്യതയുള്ളിടത്ത് വിപണനം നടത്താന്‍ കഴിയണം. കാലാവസ്ഥ പ്രതികൂലമായാല്‍ കപ്പ ഉണങ്ങാന്‍ പറ്റാത്ത സാഹചര്യത്തെ നേരിടാന്‍ ഓരോ പ്രാഥമിക സഹകരണ ബാങ്കിനും ഡ്രയറുകളും പാക്കിങ് മെഷീനുകളും ഗുണമേന്മ പരിശോധിക്കാനുളള സംവിധാനങ്ങളും സബ്‌സിഡിയോടു കൂടി നല്‍കണം. സംഭരണവിലയും പ്രാഥമിക സഹകര ബാങ്കുകളുടെ കമ്മീഷനും മുന്‍കൂട്ടി നിശ്ചയിക്കപ്പെടണം. ഇതേ മോഡലില്‍ മറ്റ് പല ഉല്പന്നങ്ങളും സംഭരിക്കാനും വിപണനം നടത്താനുമാവും.

നിലവില്‍ കാര്‍ഷിക വിളകളും മറ്റും വിതരണം ചെയ്യാനായി ആവശ്യത്തിന് സ്റ്റാഫ് ബാങ്കിനുണ്ട്. കണമല കാന്താരി പദ്ധതി പ്രകാരം ലക്ഷക്കണക്കിന് രൂപയുടെ കാന്താരിയാണ് വില്‍ക്കാന്‍ കഴിഞ്ഞത്. 

കണമലയുടെ കാര്‍ഷിക മോഡല്‍ തേടി അങ്ങ് തൃശൂരില്‍ നിന്നും ആളുകളെത്തി. ആമ്പല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ് കൃഷിയില്‍ കണമല ബാങ്കിനെ മോഡലാക്കാന്‍ ഒരുങ്ങുന്നത്. ഇപ്പോള്‍ മഞ്ഞള്‍, മാങ്ങ, ഇഞ്ചി പോലെയുള്ള വിളകള്‍ കൃഷി ചെയ്ത് കണമലയുടെ കാര്‍ഷിക ഫോര്‍മുല പരീക്ഷിക്കാനൊരുങ്ങുകയാണ് ആമ്പല്ലൂര്‍ ബാങ്ക്. കേരളത്തില്‍ നാളികേരവും റബ്ബറും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ളതും കപ്പയ്ക്കാണ്. ഇതാണ് കണമലയിലെ കപ്പ കൃഷിയുടെ വിജയ ഫോര്‍മുലയും.

കര്‍ഷകര്‍ കൃഷി ചെയ്യുന്നതിന്റെ പകുതി വിലയ്ക്ക് പോലും വിളകള്‍ വില്‍ക്കാന്‍ കഴിയാതെ പലപ്പോഴും ഇടപ്പാടുകാര്‍ ഭീമമായ ലാഭം കൊയ്യാറുണ്ട്. ഈ സാഹചര്യത്തില്‍ പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റികള്‍ എന്നറിയപ്പെടുന്ന സഹകരണ ബാങ്കുകള്‍ ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് ലാഭമുള്ള പദ്ധതികള്‍ നടപ്പാക്കിയാല്‍ കൃഷി മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നത് ഉറപ്പാണ്.

Content Highlights: kanamala service co-operative bank