കേരളത്തിലെ പ്രളയത്തെ അതിജീവിച്ച ക്ഷീരമേഖല സംസ്ഥാനത്തിന്റെ കാര്‍ഷിക വരുമാനത്തിന്റെ 12 ശതമാനം നല്‍കുന്നത്. പ്രതിദിനം 14.5 ലക്ഷം ലിറ്റര്‍ പാല്‍ ഉത്പാദനവും, പ്രതിവര്‍ഷം 3900 കോടി രൂപയുടെ പാലും, പാലുത്പന്നങ്ങളുടെ വിപണനവും സംസ്ഥാനത്ത് നടക്കുന്നു. എന്നിട്ടും സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് ചിലവിന് അനുസൃതമായ വില മാത്രം ലഭിക്കുന്നില്ല. 

ഇടവേളകളില്ലാത്ത അധ്വാനവും, മാറ്റിവെയ്ക്കാന്‍ കഴിയാത്ത തൊഴിലുമായ കാലിവളര്‍ത്തുന്നവര്‍ രണ്ടെറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ്. വര്‍ധിച്ചുവരുന്ന കാലിത്തീറ്റ വിലയും, ഇല്ലാതായികൊണ്ടിരിക്കുന്ന മേച്ചില്‍ പുറങ്ങളും, ക്ഷീരമേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. പാല്‍ വില്‍പ്പന വില ലിറ്ററിന് 44 രൂപയാകുമ്പോള്‍ കര്‍ഷകന്‍ ഉല്‍പ്പാദിപ്പിക്കുന്ന പാലിന് ലഭിക്കുന്നത് ശരാശരി 36 രൂപ മാത്രം. 

ഉത്പാദന ചിലവുമായി ഒത്തുനോക്കിയാല്‍ ലിറ്ററിന് അഞ്ചു രൂപ നഷ്ടത്തിനാണ് ക്ഷീരകര്‍ഷകര്‍ പ്രാഥമിക ക്ഷീരസംഘങ്ങളില്‍ പാല്‍ നല്‍കുന്നത്. വരുമാനത്തിന്റെ 80 ശതമാനവും തീറ്റച്ചെലവിലേക്കാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്. അഞ്ചു ലിറ്റര്‍ പാല്‍ തരുന്ന പശുവിന് അതിന്റെ വളര്‍ച്ചയ്ക്കും, ആരോഗ്യ സംരക്ഷണത്തിനുമായി പ്രതിദിനം 2-3 കിലോ കാലിത്തീറ്റ നല്‍കണം. കൂടാതെ ഉല്‍പ്പാദിപ്പിക്കുന്ന ഓരോ ലിറ്റര്‍ പാലിനും ഒരു കിലോ കാലിത്തീറ്റയും നല്‍കണം. 

ഇപ്പോഴത്തെ വില അനുസരിച്ച് കാലിത്തീറ്റയ്ക്ക് മാത്രം 160 രൂപ ചിലവാകും. കൂടാതെ വൈയ്ക്കോല്‍, പിണ്ണാക്ക് എന്നിവയ്ക്കായി 45 രൂപയും ചിലവാകും. 205 രൂപ ചിലവാക്കി അഞ്ച് ലിറ്റര്‍ പാല്‍ വിറ്റാല്‍ ലഭിക്കുന്നത് 180 രൂപയാണ്. ചെയ്യുന്ന തൊഴിലിനു വരുമാനം പോയിട്ട് കൂലി പോലും ലഭിക്കാത്ത സ്ഥിതി. 

നഷ്ടം പിടിച്ചു നില്‍ക്കാല്‍ കര്‍ഷകര്‍ കുറച്ച് പാല്‍ പ്രാദേശികമായി വില്‍പ്പന നടത്തുകയാണ്. ഇങ്ങിനെ വില്‍പ്പന നടത്തിയാല്‍ സഹകരണ സംഘങ്ങളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ക്ക് പാല്‍ അളവ് മാനദണ്ഡമാക്കുമ്പോള്‍ അതിന് അര്‍ഹതയില്ലാത്ത സ്ഥിതി വരും. ഇതുകൊണ്ട് തന്നെ നഷ്ടത്തിലും ക്ഷീരകര്‍ഷകര്‍ സംഘങ്ങളിലേക്ക് പാല്‍ നല്‍കുന്നത്. 

ക്ഷീരകര്‍ഷകര്‍ക്ക് 40 രൂപ ഉറപ്പാക്കണം

പാല്‍ വില നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ മാറ്റണമെന്ന വര്‍ഷങ്ങളായുള്ള കര്‍ഷകരുടെ ആവശ്യവും ഇതുവരെയും നടപ്പിലായിട്ടില്ല. മിനിമം വില കിട്ടാനുള്ള കൊഴുപ്പിന്റെ തോതായ 3.5 ശതമാനം എത്തിക്കാന്‍ മിക്ക കര്‍ഷകരും പാടുപെടുകയാണ്. പ്രാഥമിക ക്ഷീരസംഘങ്ങളില്‍ മില്‍മ പാല്‍ സംഭരിക്കുന്നത് പാലിന്റെ കൊഴുപ്പിന്റെയും(ഫാറ്റ്), കൊഴുപ്പിതര ഖരപദാര്‍ത്ഥങ്ങളുടെയും(എസ്.എന്‍.എഫ്) അളവിനെ മാനദണ്ഡമാക്കിയാണ്. 

സംഘങ്ങളില്‍ സംഭരിക്കുന്ന പാല്‍ ലാക്ടോമീറ്റര്‍ റീഡിംങ് രേഖപ്പെടുത്തുകയും, കൊഴുപ്പു പരിശോധിക്കുകയും ചെയ്ത് പ്രത്യേക സൂത്രവാക്യത്തിലൂടെ കൊഴുപ്പിതര ഖരപദാര്‍ത്ഥങ്ങളുടെ തോത് കണ്ടെത്തും. ഇതനുസരിച്ചാണ് കര്‍ഷകന് പാല്‍വില നിര്‍ണ്ണയിക്കുന്നത്. ഈ കടമ്പകളൊക്കെ കടന്നാലും കര്‍ഷകന് ലഭിക്കുന്ന ശരാശരി വില 36 രൂപയില്‍ താഴെ മാത്രമാണ്. 

ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം പാല്‍ അസംസ്‌കൃത പദാര്‍ത്ഥമായതിനാല്‍ കൊഴുപ്പും, ഖരപദാര്‍ത്ഥങ്ങള്‍ കുറഞ്ഞാലും മതിയായ വില നല്‍കാന്‍ കഴിയണം. പാലിന്റെ കൊഴുപ്പല്ല കേസിന്‍ പോലുള്ള പ്രോട്ടീനുകളാണ് ഏറ്റവും ആരോഗ്യദായകമായ ഘടകം അതുകൊണ്ട് തന്നെ കൊഴുപ്പിന് ഊന്നല്‍ നല്‍കുന്ന വില നിര്‍ണ്ണയം ശാസ്ത്രീയമല്ലെന്ന് പഠനങ്ങള്‍ പറയുന്നു. അതുകൊണ്ട് തന്നെ നഷ്ടമില്ലാതെ പിടിച്ചുനില്‍ക്കാന്‍ ക്ഷീരകര്‍ഷകര്‍ക്ക് പാല്‍വില ലിറ്ററിന് 40 രൂപ ഉറപ്പാക്കണം.

Content Highlights: June-1, World Milk Day