ന്ദ്രഗിരിയിലെ ഡെന്നിസിന്റെ ഫാം ഓര്‍മയില്ലേ...? സന്ദര്‍ശകരുടെ മനംനിറയ്ക്കുന്ന ആ ബത്‌ലഹേം... അവധിക്കാലം ആഘോഷിക്കാനെത്തിയ മുത്തശ്ശനെയും മുത്തശ്ശിയെയും കസിന്‍സിനെയും ഡെന്നിസിന്റെ ഫാം തന്റേതാണെന്നു പറഞ്ഞ് പറ്റിച്ച രവിശങ്കറിനെയും മലയാളികള്‍ മറന്നുകാണില്ല. ഡെന്നിസിനെപ്പോലെ വെച്ചൂര്‍ പശുവും ജേഴ്സി പശുവും ഒക്കെയുള്ള മനോഹരമായ ഒരു ഫാം ചന്ദ്രഗിരിയില്‍ തുടങ്ങാന്‍ രവിശങ്കറും ആഗ്രഹിച്ചിരുന്നു. സിനിമയിലെ ഈ സ്വപ്നം ഇങ്ങ് മലയാറ്റൂരിനടുത്ത് പെരിയാറിന്റെ തീരത്ത് തോട്ടുവ എന്ന തന്റെ ഗ്രാമത്തില്‍ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം നായകന്‍ ജയറാം.

ജയറാമിന്റെ ആനക്കമ്പവും മേളക്കമ്പവുമൊക്കെ പ്രസിദ്ധമാണ്. എന്നാല്‍, തോട്ടുവയിലെ 'ആനന്ദ്' എന്ന ഫാമിലെത്തിയാല്‍ കാണാനാകുക അധികമാര്‍ക്കും അറിയാത്ത ക്ഷീരകര്‍ഷകനായ ജയറാമിനെയാണ്. മേളവും പൂരവും മാത്രമല്ല, കുടംബത്തിന്റെ കാര്‍ഷിക പാരമ്പര്യവും ഒപ്പം കൊണ്ടുനടക്കാന്‍ ഇഷ്ടപ്പെടുന്ന, താരജാഡയില്ലാത്ത ക്ഷീരകര്‍ഷകനായ ജയറാം. വെളുപ്പും കറുപ്പും നിറങ്ങളില്‍ പശുക്കള്‍... ഓടിയും ചാടിയും വികൃതിക്കാട്ടിയും നടക്കുന്ന പൈക്കിടാങ്ങള്‍... ശരിക്കും ഒരു 'ബത്ലഹേം' തന്നെയാണ് ജയറാം ഇവിടെ ഒരുക്കിയിട്ടുള്ളത്.

ഇതൊരു സ്വകാര്യ സന്തോഷം

പത്തുവര്‍ഷം മുന്‍പ് അഞ്ച് പശുക്കളുമായി തുടങ്ങിയ ഫാമില്‍ ഇന്ന് 60-ഓളം പശുക്കളുണ്ട്. തറവാട്ടിനടുത്ത് പൈതൃകസ്വത്തായി കിട്ടിയ ആറ് ഏക്കര്‍ സ്ഥലത്താണ് ഫാം സ്ഥിതിചെയ്യുന്നത്. പശുക്കള്‍ക്ക് മാത്രമായുള്ള ഒരു ഫാം ആണിത്. കൃഷ്ണഗിരിയില്‍ നിന്നുള്ള പശുക്കളാണ് ഫാമില്‍ കൂടുതലും. കേരളത്തിന്റെ കാലാവസ്ഥയുമായി കൃഷ്ണഗിരിക്കുള്ള സാമ്യമാണ് അവിടെ നിന്ന് കൂടുതലായി പശുക്കളെ വാങ്ങാന്‍ കാരണം. മുന്തിയ ഇനമായ എച്ച്.എഫ്. പശുക്കളാണ് കൂടുതലും ഫാമിലുള്ളത്.

വെച്ചൂര്‍, ജേഴ്സി എന്നിവയും ഇക്കൂട്ടത്തിലുണ്ട്. ജയറാംതന്നെ നേരിട്ട് ചെന്നാണ് ഓരോ പശുവിനെയും ഇവിടേക്ക് എത്തിക്കുന്നത്. മിക്ക ഒഴിവുദിവസങ്ങളും ഫാമിലെ കാര്യങ്ങള്‍ക്കായി മാറ്റിവെക്കാറുണ്ടെന്നും ജയറാം പറയുന്നു. പ്രതിദിനം 300 ലിറ്റര്‍ പാല്‍ ഫാമില്‍നിന്ന് ലഭിക്കുന്നുണ്ട്. നേരിട്ട് സൊസൈറ്റിയിലേക്കാണ് പാല്‍ കൊടുക്കുന്നത്.

മനുഷ്യരില്‍ നിന്നും പശുക്കള്‍ക്ക് പെട്ടെന്ന് രോഗം വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അധികം ആര്‍ക്കും പ്രവേശനം അനുവദിക്കാതെയാണ് ഫാം നടത്തുന്നത്. വളരെ വൃത്തിയോടെയാണ് ഇവിടെ പശുക്കളുടെ പരിപാലനം. അഞ്ചുപേര്‍ സഹായത്തിനുണ്ട്. ഗംഗ, യമുന തുടങ്ങിയ നദികളുടെയും മറ്റും പേരുകളാണ് പശുക്കള്‍ക്ക് ഇട്ടിരിക്കുന്നത്. പേരുകളെല്ലാം തിരഞ്ഞെടുത്തത് മകള്‍ മാളവികയാണ്. 

അധികം പബ്ലിസിറ്റിയൊന്നും കൊടുക്കാത്ത ഒരു സ്വകാര്യ സന്തോഷമാണ് ഈ ഫാം എന്നും ജയറാം പറഞ്ഞു. നിലവില്‍ ഒരു ബിസിനസ് ആയല്ല ഫാമിനെ കാണുന്നത്. കൂടുതല്‍ പശുക്കളെ വളര്‍ത്തുന്നതിനുള്ള സ്ഥലവും സൗകര്യവും ഇവിടെയുണ്ട്. പ്രായമയ പശുക്കളെ അറവുശാലയിലേക്ക് എറിഞ്ഞുകൊടുക്കാനും ജയറാമിന് താത്പര്യമില്ല.

jayaram in his dairy farm
ജയറാം സ്വന്തം ഫാമായ ആനന്ദില്‍

സ്വയം പര്യാപ്തമാണ്, മാതൃകയുമാണ്

വൃത്തിയുടെ കാര്യത്തില്‍ മാത്രമല്ല, സ്വയംപര്യാപ്തതയുടെ കാര്യത്തിലും ഫാം മുന്നിലാണ്. പശുക്കള്‍ക്കാവശ്യമായ തീറ്റപ്പുല്ലടക്കം ഇവിടെത്തന്നെ കൃഷിചെയ്യുന്നുണ്ട്. മാലിന്യനിര്‍മാര്‍ജനത്തിനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഫാമിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ മുഴുവന്‍ വൈദ്യുതിയും ഫാമില്‍ത്തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്.

മാത്രമല്ല, ഇവിടെ പശുക്കളെ കെട്ടിയിടുന്ന പതിവില്ല. പുറംരാജ്യങ്ങളില്ലെല്ലാം പശുക്കളെ വളര്‍ത്തുന്നത് അവയെ സ്വതന്ത്രമായി മേയാന്‍ വിട്ടാണ്. ഈ മേഖലയുടെ ഒരു വിജയവും അതുതന്നെയാണെന്നാണ് ജയറാമിന്റെ ഭാഷ്യം.

അത്യാധുനിക രീതിയില്‍ സജ്ജമാക്കിയിട്ടുള്ള ഈ ഫാം മറ്റ് ക്ഷീര കര്‍ഷകര്‍ക്ക് ഒരു മാതൃകയാണ്. കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡിന്റെ മാതൃകാഫാം എന്ന അംഗീകാരവും ജയറാമിന്റെ ഫാമിനുണ്ട്. ഫാമിന്റെ പ്രവര്‍ത്തനവും വിജയവും നേരിട്ട് കണ്ട് ഉറപ്പാക്കിയ ശേഷമാണ് കേരള ഫീഡ്സ് ലിമിറ്റഡ് ഈ അംഗീകാരം നല്‍കിയതെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ ബി. ശ്രീകുമാര്‍ പറഞ്ഞു.

നിലവില്‍ പശുവളര്‍ത്തല്‍ ചെയ്യുന്നവര്‍ക്കും ഈ മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാതൃകയാണ് ജയറാമിന്റെ ഫാം എന്നും അദ്ദേഹം പറഞ്ഞു. വളരെ യാദൃച്ഛികമായാണ് ശ്രീകുമാര്‍ ജയറാമിന്റെ ഫാമിനെക്കുറിച്ച് അറിയുകയും ഫാം കാണാനായി എത്തുകയും ചെയ്തത്. ആ സൗഹൃദം കെ.എഫ്.എല്ലിന്റെ ബ്രാന്‍ഡ് അംബാസഡറായി ജയറാമിനെ കൊണ്ടെത്തിച്ചു. പാലുത്പാദനം കൂടുകയാണെങ്കില്‍ ഭാവിയില്‍ കെ.എഫ്.എല്ലുമായി ചേര്‍ന്ന് പാക്കറ്റ് പാല്‍ അടക്കമുള്ളവ വിപണിയില്‍ എത്തിക്കാനുള്ള നിര്‍ദേശങ്ങള്‍ ജയറാമിന് കമ്പനി നല്‍കുന്നുണ്ട്.

Content Highlights: Jayaram is a successful farmer in real life, runs a hi-tech dairy farm ‘Anand’ at Thottuva