ലോക്ഡൗണ്‍ കാലത്ത് മലയാളിയുടെ പ്രിയഭക്ഷണമായിമാറിയ ചക്കയുടെ ലഭ്യത കുറഞ്ഞു. ചക്കപ്പൊടിയടക്കമുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍, ചക്കയ്ക്കായി നെട്ടോട്ടത്തിലാണ് പല കമ്പനികളും സംസ്‌കരണശാലകളും. 

വേനല്‍മഴയിലാണ് പ്ലാവില്‍ ചക്കവീഴുന്നത്. ഇത്തവണ തുലാവര്‍ഷം കഴിഞ്ഞു മഴ തുടര്‍ന്നതോടെ പൂവ് കൊഴിഞ്ഞതാണ് ഉത്പാദനം കുറയാന്‍ കാരണമെന്ന് പത്തനംതിട്ട കൃഷിവിജ്ഞാനകേന്ദ്രം ഹോര്‍ട്ടികള്‍ച്ചര്‍ സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് റിന്‍സി കെ.എബ്രഹാം പറഞ്ഞു. കാലാവസ്ഥയിലുണ്ടായ മാറ്റംകാരണം, കഴിഞ്ഞ സീസണിലെ ചക്ക ഉത്പാദനവുമായി താരതമ്യംചെയ്യുമ്പോള്‍ 60 ശതമാനത്തിന്റെ കുറവുണ്ട്.

വരിക്കച്ചക്കയ്ക്കായിരുന്നു നേരത്തേ താത്പര്യം കൂടുതലെങ്കില്‍ ഇപ്പോള്‍ ഏതുചക്കയായാലുംമതി എന്ന അവസ്ഥയിലാണ് ആവശ്യക്കാരെന്ന് കൊല്ലം ചന്ദനത്തോപ്പിലെ ചക്കമുക്കിന്റെ പ്രവര്‍ത്തകന്‍ ജി.ആര്‍.ഷാജി പറഞ്ഞു. 

ചക്ക വിളവെടുപ്പ് ആരംഭിക്കുന്നത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്-നവംബര്‍ അവസാനംമുതല്‍. സീസണ്‍ അവസാനിക്കുന്നത് ഇടുക്കിയിലാണ്. ഒക്ടോബര്‍, നവംബര്‍വരെ ഇടുക്കിയില്‍ ചക്കകിട്ടും. ഇത്തവണ ഇടുക്കിയിലും കോട്ടയത്തുമാണ് ചക്ക ഏറ്റവും കുറവ്. കഴിഞ്ഞ സീസണില്‍ കൊട്ടിയത്തുനിന്ന് 20 ടണ്‍ അടങ്ങിയ നിരവധി ലോറികള്‍ ചക്കയുമായി കൊല്‍ക്കത്ത, നേപ്പാള്‍, ഡല്‍ഹി, പട്ന ഭാഗങ്ങളിലേക്ക് പോയിരുന്നു. നൂറോളം ലോറികളില്‍ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നു ചക്ക കയറ്റിയയച്ചു.

എന്നാല്‍ ഇത്തവണ ചക്ക ശേഖരിക്കുന്നവര്‍ ലോഡ് നിറയ്ക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. ഒരുകിലോ ചക്കയ്ക്ക് 20-25 രൂപയുണ്ട് ഇപ്പോള്‍. വിദേശത്തേക്കു കയറ്റിയയയ്ക്കാന്‍ ഒരു ടണ്‍ ചക്കയ്ക്ക് കഴിഞ്ഞദിവസം ഓര്‍ഡര്‍ ഉണ്ടായിരുന്നെങ്കിലും എങ്ങനെ ശേഖരിക്കുമെന്നറിയാതെ കുഴങ്ങുകയാണെന്ന് ഷാജി പറഞ്ഞു.

ഒന്നാമന്‍ മെക്‌സിക്കോ

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചക്ക ഉത്പാദിപ്പിക്കുന്നത് മെക്‌സിക്കോയിലാണ്. 30 കൊല്ലമായി അവിടെ വാണിജ്യാടിസ്ഥാനത്തില്‍ പ്ലാവ് കൃഷിയുണ്ട്. മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളില്‍ ലക്ഷക്കണക്കിന് ഹെക്ടറില്‍ തോട്ടങ്ങളുണ്ട്. കേരളത്തില്‍ 20-30 ഹെക്ടര്‍ തോട്ടമേ ആയിട്ടുള്ളൂ. കര്‍ണാടക, ഗോവ, തമിഴ്നാട് തുടങ്ങി ഇതര സംസ്ഥാനങ്ങളിലായി 15000 ഹെക്ടറില്‍ കൃഷിയുണ്ട്.

ചക്കപ്രേമികളുടെ കൂട്ടായ്മ

സദാനന്ദപുരം വരിക്കയുടെ മാതൃവൃക്ഷം കുണ്ടറയിലുണ്ട്. അതുപോലെ ഓരോ പ്രദേശത്തെയും ചക്കയ്ക്ക് പ്രത്യേകതകള്‍ ഉണ്ടാകും. ഇത്തരം അറിവുകള്‍ ക്രോഡീകരിക്കാനും കര്‍ഷകര്‍ക്ക് ഒരു വേദി എന്നനിലയിലും കൂട്ടായ്മ ഉണ്ടാക്കാനുള്ള ആലോചനയിലാണ് ചക്കപ്രേമികള്‍. ചക്കപ്പൊടി വീടുകളില്‍ത്തന്നെ ഉണ്ടാക്കാനാകും. അതും ഭാവിയിലെ സാധ്യതയാണ്.- ജി.ആര്‍.ഷാജി, ചക്കമുക്ക്

ചക്കപ്പൊടിക്ക് ആവശ്യക്കാരേറെ

കോവിഡ് കാലത്ത് പ്രമേഹത്തെക്കുറിച്ചുള്ള അവബോധം കൂടിയതും ചക്കപ്പൊടിക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവ് മനസ്സിലാക്കിയതുമെല്ലാം ചക്കപ്പൊടിക്ക് ആവശ്യക്കാരെ കൂട്ടി. നേരത്തേ ഈ സീസണില്‍ മധ്യകേരളത്തില്‍നിന്നുതന്നെ ആവശ്യത്തിന് ചക്ക ലഭിക്കുമായിരുന്നു. ഇത്തവണ തിരുവനന്തപുരം, കൊല്ലം ജില്ലകളെക്കൂടി ആശ്രയിച്ചാണ് ആവശ്യം നിറവേറ്റിയത്.- ജെയിംസ് ജോസഫ്, ജാക്ഫ്രൂട്ട് 365 സംരംഭകന്‍, ആലുവ.

Content Highlights: Jack Fruit at Rs 25/kilogram