ഹൈറേഞ്ചുകളില്‍ മാത്രം വളര്‍ന്നിരുന്ന മഞ്ഞുകാലപച്ചക്കറിവിളകള്‍ സമതലങ്ങളിലും വളര്‍ത്താമെന്നു വന്നതോടെ കേരളത്തില്‍ ഇതിന് പ്രചാരം ഏറി. ശീതകാല വിളകളായ കാബേജ്, കോളിഫ്‌ളവര്‍, കാരറ്റ്, ബീറ്റ്റൂട്ട്, ബ്രോക്കോളി, ഫ്രഞ്ച് ബീന്‍സ് തുടങ്ങിയവയുടെ കൃഷിക്കാലമാണിനി. കൂടാതെ സവാളയും കൃഷിചെയ്യാം. 30-35 ഡിഗ്രി പകല്‍ച്ചൂടിലും 20-25 ഡിഗ്രി രാത്രിച്ചൂടിലും വളരാന്‍ കഴിവുള്ള ശീതകാലപച്ചക്കറികളുടെ പുതിയ ഇനങ്ങളുണ്ട്. കേരളത്തിലെവിടെയും സമതലങ്ങളില്‍ താരതമ്യേന തണുപ്പ് കിട്ടുന്ന സെപ്റ്റംബര്‍-ഒക്ടോബര്‍മുതല്‍ ഫെബ്രുവരിവരെയുള്ള സമയമാണ് ശീതകാലപച്ചക്കറികള്‍ തൊടിയിലും പറമ്പിലും മട്ടുപ്പാവിലും വളര്‍ത്താന്‍ യോജിച്ച കാലം.

കാബേജും കോളിഫ്‌ളവറും

കാബേജും കോളിഫ്‌ളവറും ഹ്രസ്വകാലവിളകളാണ്. തൈ നട്ട് രണ്ടു-രണ്ടര മാസം മതി വിളവെടുപ്പിന്. തുലാമഴ തീരുന്ന ഒക്ടോബര്‍-നവംബറോടെ കൃഷി തുടങ്ങാം. വിത്ത് പാകി തൈകളാക്കാന്‍ മണലും മണ്ണിരക്കമ്പോസ്റ്റും ചകിരിച്ചോറും 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയ മിശ്രിതം നന്ന്. മുളയ്ക്കാന്‍ 4-5 ദിവസം മതി. 20-25 ദിവസമാകുമ്പോള്‍ ഇളക്കി നടാം. നല്ല പ്രോട്രേ തൈകള്‍ തന്നെ വാങ്ങാന്‍ കിട്ടും.

മണ്ണ്, ചാണകപ്പൊടി (കമ്പോസ്റ്റ്), ചകിരിച്ചോറ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയെടുക്കുന്ന മിശ്രിതം ഉപയോഗിക്കാം. നല്ല സൂര്യപ്രകാശം കിട്ടുന്ന തുറസ്സായ സ്ഥലമാണ് അനുയോജ്യം. നിലത്തു നടുമ്പോള്‍ തറയൊരുക്കി കാബേജ് 45 സെന്റിമീറ്റര്‍ ഇടവിട്ടും കോളിഫ്‌ളവര്‍ 60 സെന്റിമീറ്റര്‍ ഇടവിട്ടും നടണം. ഒരു സെന്റില്‍ 150 ഓളം തൈകള്‍ നടാം. ചട്ടിയിലാണ് നടുന്നതെങ്കില്‍ ഇങ്ങനെ വളംചേര്‍ക്കാം: നടുമ്പോള്‍ യൂറിയ, രാജ്‌ഫോസ്, പൊട്ടാഷ് എന്നിവ യഥാക്രമം 3, 20-25, 3 ഗ്രാം വീതം; രണ്ടാഴ്ച, നാലാഴ്ച, ആറാഴ്ച എന്നിങ്ങനെ കഴിയുമ്പോള്‍ ഇവ 3, 20, 3 ഗ്രാം വീതം ചേര്‍ക്കണം. കൂടാതെ മണ്ണിരക്കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങളും തുടര്‍വളര്‍ച്ചയ്ക്ക് ചേര്‍ക്കാം.

Cauliflower

കോളിഫ്‌ളവര്‍ പൂവ് വിരിഞ്ഞു തുടങ്ങുമ്പോള്‍ ചെടിയില്‍ പൂവിനോട് ചേര്‍ന്ന് ഇലകള്‍ കൂട്ടിപ്പൊതിഞ്ഞാല്‍ പൂവില്‍ നേരിട്ട് വെയിലടിക്കാതെ വെള്ളനിറം നിലനിര്‍ത്താം. 60-85 ദിവസംകൊണ്ട് വിളവെടുക്കാം. അധികം വിടരുംമുമ്പ് വിളവെടുക്കണം. പൂസ ഡ്രം ഹെഡ്, ഗോള്‍ഡന്‍ ഏക്കര്‍, ഗംഗ, കാവേരി, പ്രൈഡ് ഓഫ് ഇന്ത്യ എന്നിവ കാബേജിന്റെയും പൂസ ഏര്‍ളി സിന്തെറ്റിക്, പൂസ ദീപാളി എന്നിവ കോളിഫ്‌ളവര്‍ ഇനങ്ങളാണ്.

കാരറ്റും ബീറ്റ്‌റൂട്ടും മുള്ളങ്കിയും

നേരിട്ട് വിത്ത് പാകി വളര്‍ത്തുന്ന വിളകളാണ് കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ് അഥവാ മുള്ളങ്കി എന്നിവ. ഉഴുതൊരുക്കിയ കൃഷിയിടത്തില്‍ 100 കിലോ എന്ന തോതില്‍ ചാണകപ്പൊടി ചേര്‍ക്കണം. പുളിരസമുള്ള മണ്ണില്‍ സെന്റിന് ഒന്നരമുതല്‍ രണ്ടുകിലോ വരെ കുമ്മായം കരുതലായി ചേര്‍ക്കാം. ഇതില്‍ 45 സെന്റീമീറ്റര്‍ ഇടയകലത്തില്‍ 20 സെന്റീമീറ്റര്‍ ഉയരത്തില്‍ പാത്തി കോരി അതില്‍ പത്തുസെന്റീമീറ്റര്‍ അകലത്തില്‍ വിത്ത് പാകുന്നു. ഒരാഴ്ച കൊണ്ട് മുളയ്ക്കും. രണ്ടാഴ്ച കഴിഞ്ഞു വളരെ അടുത്ത് വളരുന്ന തൈകള്‍ ഇളക്കി അകലം ക്രമീകരിക്കണം.

Beetroot

സെന്റിന് 300 ഗ്രാം യൂറിയ, 300 ഗ്രാം രാജ്‌ഫോസ്, 250 ഗ്രാം പൊട്ടാഷ് എന്നത് കാരറ്റിനും ബീറ്റ്റൂട്ടിനും മുള്ളങ്കിക്കും ഇവ യഥാക്രമം 300-200-200 എന്ന തോതില്‍ വേണം. കാരറ്റിനും ബീറ്റ്റൂട്ടിനും 45 ദിവസമാകുമ്പോള്‍ മണ്ണ് കയറ്റിക്കൊടുക്കണം. മുള്ളങ്കിക്ക് 25-30 ദിവസമാകുമ്പോള്‍ത്തന്നെ ഇത് വേണ്ടിവരും. 55-60 ദിവസമാകുമ്പോള്‍ ഇവയുടെ വിളവെടുപ്പാകും. കാരറ്റിന്റെ പൂസ കേസര്‍, നാന്റ്‌റീസ്, പൂസ മേഘാലി; ബീറ്റ്‌റൂട്ടിന്റെ ഡെട്രിയറ്റ്, ഡാര്‍ക്ക് റെഡ്; മുള്ളങ്കിയുടെ പൂസ ദേശി, പൂസ രശ്മി, പൂസ ചേതകി, അര്‍ക്ക നിഷാന്ത് എന്നിവ മികച്ച ഇനങ്ങളാണ്.

ഉള്ളിയും സവാളയും

കേരള കാര്‍ഷിക സര്‍വകലാശാലയുടെ അഗ്രി ഫൗണ്ട് ഡാര്‍ക്ക് റെഡ്, അര്‍ക്ക നികേതന്‍ എന്നീ സവാളയിനങ്ങള്‍ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. വിത്ത് പാകി പത്തു സെന്റീമീറ്റര്‍ ഉയരമാകുന്ന തൈകള്‍ നല്ല സൂര്യപ്രകാശം കിട്ടുന്നിടത്തു നടണം. ചാണകപ്പൊടി, മണ്ണിരക്കമ്പോസ്റ്റ്, കോഴിവളം, പുളിപ്പിച്ചു നേര്‍പ്പിച്ച പിണ്ണാക്ക് ലായനി തുടങ്ങിയവ വളമായി ചേര്‍ക്കാം. തൈകള്‍ പത്തുസെ.മീ അകലത്തില്‍ നടണം മട്ടുപ്പാവിലും നടാം. തൈകള്‍ നട്ട് മൂന്നര-നാല് മാസമാകുമ്പോള്‍ വിളവെടുക്കാം.

onion

ഒരു സെന്റില്‍ 25-30 കിലോ വരെ വിളവ് കിട്ടും. അര്‍ക്ക കല്യാണ്‍, അര്‍ക്ക പ്രഗതി എന്നീ ചെറിയ ഉള്ളിയിനങ്ങളുണ്ട്. ആറുമുതല്‍ എട്ടാഴ്ചവരെ പ്രായമുള്ള തൈകളാണ് നടുക. തൃശ്ശൂര്‍ കൃഷിവിജ്ഞാനകേന്ദ്രമാണ് ഉള്ളി, സവാള എന്നിവയുടെ കൃഷിരീതി ശാസ്ത്രീയമായി തയ്യാറാക്കിയത്. ഒരു സെന്റില്‍ 1000-1500 ഉള്ളിത്തൈകള്‍ നടാം. ശാസ്ത്രീയകൃഷിയില്‍ 35-40 കിലോവരെ വിളവും പ്രതീക്ഷിക്കാം.

വിത്തും തൈകളും

കാബേജ്, കോളിഫ്‌ളവര്‍, കാരറ്റ്, കാപ്സിക്കം, ബ്രോക്കോളി തുടങ്ങി വിവിധതരം ശീതകാല പച്ചക്കറികളുടെ തൈകള്‍ ലഭിക്കുന്ന സ്ഥലങ്ങള്‍ 

  • വി.എഫ്.പി.സി.കെ.-കാസര്‍കോട് (04994257061), എറണാകുളം (0484 2881300), തിരുവനന്തപുരം (0471274080 )
  • കൃഷിഭവനുകള്‍, ജില്ലാ കൃഷിത്തോട്ടങ്ങള്‍, സീഡ് ഫാമുകള്‍
  • കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഇന്‍സ്ട്രക്ഷണല്‍ ഫാമുകള്‍, ജില്ലകളിലെ കൃഷിവിജ്ഞാനകേന്ദ്രങ്ങള്‍
  • തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രം (04842277220 )
  • സീഡ് പ്രോസസിങ് പ്ലാന്റ്, പാലക്കാട് (0492 2222706)
  • മോഡല്‍ ഹൈ-ടെക് നഴ്സറി, മൂവാറ്റുപുഴ (9447900025).

Content Highlights: It's Time to Plant Your Winter vegetables Garden