മഞ്ഞുകാലത്തെ തണുപ്പില്‍ നന്നായി വളരാന്‍ ഇഷ്ടപ്പെടുന്ന ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്‌ലവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട്, ഫ്രഞ്ച് ബീന്‍സ്, ബ്രൊക്കോളി തുടങ്ങിയവയ്ക്ക് ഇത് കൃഷിക്കാലം. കൂടാതെ സവാള, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവയും കൃഷിയിറക്കാം. ഹൈറേഞ്ച് മേഖലയില്‍ മാത്രം ഒതുങ്ങിയിരുന്ന മഞ്ഞുകാല കറിവിളകള്‍ ഇന്ന് കേരളത്തിലെ സമതലപ്രദേശങ്ങളിലേക്കും സമൃദ്ധമായി വളര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു.
നിരന്തരഗവേഷണങ്ങളിലൂടെ 30-35 ഡിഗ്രി പകല്‍ച്ചൂടിലും 20-25 ഡിഗ്രി രാത്രിച്ചൂടിലും വളര്‍ത്തിവിളയിക്കാവുന്ന മികച്ചയിനങ്ങള്‍ ഇന്ന് കൈയെത്തും ദൂരത്തുണ്ട്. കേരളത്തിലെ സമതലങ്ങളില്‍ താരതമ്യേന തണുപ്പ് കിട്ടുന്ന സെപ്റ്റംബര്‍-ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ശീതകാല പച്ചക്കറികള്‍ പറമ്പിലും തൊടിയിലും മട്ടുപ്പാവിലും ഒക്കെ വളര്‍ത്താന്‍ യോജിച്ച കാലം. ശീതകാല പച്ചക്കറിക്കൃഷിക്ക് മുന്നൊരുക്കങ്ങള്‍ തുടങ്ങേണ്ട സമയമാണിപ്പോള്‍. കൃഷിയിടം ഒരുക്കുന്നതോടൊപ്പം വിത്തും തൈകളും മുന്‍കൂട്ടി തയ്യാറാക്കാം.
കാരറ്റ്, ബീറ്റ്‌റൂട്ട്, മുള്ളങ്കി
നേരിട്ട് വിത്തുപാകി വളര്‍ത്തേണ്ട വിളകളാണ് കാരറ്റ്, ബീറ്റ്‌റൂട്ട്, റാഡിഷ് അഥവാ മുള്ളങ്കി എന്നിവ. കൃഷിയിടം നന്നായി ഉഴുതൊരുക്കി സെന്റിന് 100 കിലോ എന്ന തോതില്‍ ചാണകപ്പൊടി ചേര്‍ക്കണം. പുളിരസമുള്ള മണ്ണില്‍ സെന്റിന് ഒന്നരമുതല്‍ രണ്ടു കിലോവരെ കുമ്മായം ചേര്‍ക്കാം. ഇതില്‍ 45 സെന്റീമീറ്റര്‍ ഇടയകലത്തില്‍ 20 സെന്റീമീറ്റര്‍ ഉയരത്തില്‍ പാത്തി കോരി അതില്‍ 10 സെന്റീമീറ്റര്‍ അകലത്തില്‍ വിത്ത് പാകണം. ഒരാഴ്ച കൊണ്ട് വിത്ത് മുളയ്ക്കും. രണ്ടാഴ്ച കഴിഞ്ഞു വളരെ അടുത്ത തൈകള്‍ ഇളക്കിമാറ്റി അകലം ക്രമീകരിക്കണം.
സെന്റിന് 300 ഗ്രാം യൂറിയ, 300 ഗ്രാം രാജ്ഫോസ്, 250 ഗ്രാം പൊട്ടാഷ് എന്നത് കാരറ്റിനും ബീറ്റ്റൂട്ടിനും മുള്ളങ്കിക്കും ഇത് യഥാക്രമം 300-200-200 എന്ന തോതിലും വേണം. കാരറ്റിനും ബീറ്റ്റൂട്ടിനും 45 ദിവസമാകുമ്പോള്‍ മണ്ണ് കയറ്റിക്കൊടുക്കണം. മുള്ളങ്കിക്കു 25-30 ദിവസമാകുമ്പോള്‍തന്നെ ഇത് വേണ്ടിവരും.
55-60 ദിവസമാകുമ്പോള്‍ ഇവയുടെ വിളവെടുപ്പാകും. കാരറ്റിന്റെ പൂസ കേസര്‍, നാന്റിസ്, പൂസ മേഘാലി; ബീറ്റ്‌റൂട്ടിന്റെ ഡെട്രിയറ്റ്, ഡാര്‍ക്ക് റെഡ്; മുള്ളങ്കിയുടെ പൂസ ദേശി, പൂസ രശ്മി, പൂസ ചേതകി, അര്‍ക്ക നിഷാന്ത് എന്നിവ മികച്ച ഇനങ്ങളാണ്.
ഉള്ളിയും സവാളയും
കേരളത്തില്‍ ഉള്ളിയും സവാളയും നന്നായി കൃഷിചെയ്യാം എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. കേരള കാര്‍ഷിക സര്‍വകലാശാല ഇതിനും പരിഹാരം കണ്ടു. അഗ്രി ഫൗണ്ട് ഡാര്‍ക്ക് റെഡ്, അര്‍ക്ക നികേതന്‍ എന്നീ സവാളയിനങ്ങള്‍ നമ്മുടെ കാലാവസ്ഥയ്ക്ക് വളരെ അനുയോജ്യമാണ്. വിത്തു പാകി 10 സെന്റീമീറ്റര്‍ ഉയരമാകുന്ന തൈകള്‍ നല്ല സൂര്യപ്രകാശം കിട്ടുന്നിടത്തു നടണം.
ചാണകപ്പൊടി, മണ്ണിരകമ്പോസ്റ്റ്, കോഴിക്കാഷ്ഠം, പുളിപ്പിച്ചു നേര്‍പ്പിച്ച പിണ്ണാക്ക് ലായനി തുടങ്ങിയവ വളമായി ചേര്‍ക്കാം. തൈകള്‍ 10 സെന്റിമീറ്റര്‍ അകലത്തില്‍ നടണം. ഗ്രോബാഗിലും മട്ടുപ്പാവിലും ഒക്കെ ഇങ്ങനെ നടാം. തൈകള്‍ നട്ട് മൂന്നര-നാല് മാസമാകുമ്പോള്‍ വിളവെടുക്കാം. ഒരു സെന്റില്‍ വളര്‍ത്തിയാല്‍ 25-30 കിലോ വരെ വിളവ് കിട്ടും.
അര്‍ക്ക കല്യാണ്‍, അര്‍ക്ക പ്രഗതി എന്നീ ചെറിയ ഉള്ളിയിനങ്ങളും കേരളത്തില്‍ വളര്‍ത്താം. ആറു മുതല്‍ എട്ടാഴ്ച വരെ പ്രായമുള്ള തൈകളാണ് നടുക. തൃശ്ശൂര്‍ കൃഷിവിജ്ഞാനകേന്ദ്രമാണ് ഉള്ളി, സവാള എന്നിവയുടെ കൃഷിരീതി തയ്യാറാക്കി പ്രചരിപ്പിച്ചത്. ഒരു സെന്റില്‍ 1000-1500 ഉള്ളിത്തൈകള്‍ വരെ നടാം. ശാസ്ത്രീയ കൃഷിയില്‍ 35-40 കിലോ വരെ വിളവും പ്രതീക്ഷിക്കാം.
കാബേജും കോളിഫ്‌ലവറും
ഹ്രസ്വകാലവിളകളാണ് കാബേജും കോളിഫ്‌ലവറും. തൈ നട്ട് രണ്ടു-രണ്ടര മാസം മതി വിളവെടുപ്പിന്. തുലാമഴ തീരുന്ന ഒക്ടോബര്‍ - നവംബറോടുകൂടി കൃഷി തുടങ്ങാം. വിത്തു പാകി തൈകളാക്കാന്‍ മണലും മണ്ണിരകമ്പോസ്റ്റും ചകിരിക്കമ്പോസ്റ്റും 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയ മിശ്രിതം നന്ന്. വിത്ത് മുളയ്ക്കാന്‍ 4-5 ദിവസം മതി. 20-25 ദിവസമാകുമ്പോള്‍ ഇളക്കി നടാം. ഇവയുടെ നല്ല തൈകള്‍തന്നെ ഇപ്പോള്‍ പ്രോട്രേകളില്‍ വാങ്ങാന്‍ കിട്ടും. നിലത്തോ ഗ്രോബാഗിലോ നേരിട്ട് നട്ടും വളര്‍ത്താം. ഗ്രോബാഗില്‍ മണ്ണ്, ചാണകപ്പൊടി (കമ്പോസ്റ്റ്), ചകിരിച്ചോറ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയെടുക്കുന്ന മിശ്രിതം ഉപയോഗിക്കാം.
നല്ല സൂര്യവെളിച്ചം കിട്ടുന്ന തുറസ്സായ സ്ഥലമാണ് അനുയോജ്യം. നിലത്തു നടുമ്പോള്‍ തറയൊരുക്കി കാബേജ് 45 സെന്റിമീറ്റര്‍ ഇടവിട്ടും കോളിഫ്‌ലവര്‍ 60 സെന്റിമീറ്റര്‍ ഇടവിട്ടും നടണം. ഒരു സെന്റില്‍ 150 ഓളം തൈകള്‍ നടാം. ഗ്രോബാഗില്‍ നടുമ്പോള്‍ വളപ്രയോഗം ഇങ്ങനെ: ഇളക്കി നടുമ്പോള്‍ ബാഗൊന്നിന് യൂറിയ, രാജ്ഫോസ്, പൊട്ടാഷ് എന്നിവ യഥാക്രമം 3, 20-25, 3 ഗ്രാം വീതം; രണ്ടാഴ്ച, നാലാഴ്ച, ആറാഴ്ച എന്നിങ്ങനെ കഴിയുമ്പോള്‍ ഇവ 3, 20, 3 ഗ്രാം വീതം ചേര്‍ക്കണം. കൂടാതെ മണ്ണിര കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങളും തുടര്‍വളര്‍ച്ചയ്ക്കു ചേര്‍ക്കാം.
കോളിഫ്‌ലവര്‍ പൂ വിരിഞ്ഞുതുടങ്ങുമ്പോള്‍ ചെടിയില്‍ പൂവിനോട് ചേര്‍ന്ന് ഇലകള്‍ കൂട്ടിപ്പൊതിഞ്ഞാല്‍ പൂവില്‍ നേരിട്ട് വെയിലടിക്കാതെ അതിന്റെ വെളുത്ത നിറം നിലനിര്‍ത്താം. 60-85 ദിവസം കൊണ്ട് വിളവെടുക്കാം.
ഇവ രണ്ടും കൂടുതല്‍ വിടരുംമുമ്പ് വിളവെടുക്കാന്‍ ശ്രദ്ധിക്കണം. പൂസ ഡ്രം ഹെഡ്, ഗോള്‍ഡന്‍ ഏക്കര്‍, ഗംഗ, കാവേരി, പ്രൈഡ് ഓഫ് ഇന്ത്യ എന്നിവ കാബേജിന്റെയും പൂസ ഏര്‍ളി സിന്തറ്റിക്, പൂസ ദീപാളി എന്നിവ കോളിഫ്‌ലവറിന്റെയും ഇനങ്ങളാണ്.
വിത്തുകളും തൈകളും കിട്ടാന്‍
കാബേജ്, കോളിഫ്‌ലവര്‍, ക്യാപ്‌സിക്കം, കാരറ്റ്, ബ്രൊക്കോളി തുടങ്ങി വിവിധതരം ശീതകാലപച്ചക്കറികളുടെ തൈകള്‍ ഇവിടങ്ങളില്‍ നിന്നു ലഭിക്കും.
- വി.എഫ്.പി.സി.കെ.: കാസര്‍കോട് (0499-4257061), എറണാകുളം (0484-2881300), തിരുവനന്തപുരം (0471-2740480)
- കൃഷിഭവനുകള്‍, ജില്ലാ കൃഷിത്തോട്ടങ്ങള്‍, സീഡ് ഫാമുകള്‍;
- കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഇന്‍സ്ട്രക്ഷണല്‍ ഫാമുകള്‍, ജില്ലകളിലെ കൃഷിവിജ്ഞാനകേന്ദ്രങ്ങള്‍
- തൃശ്ശൂര്‍ കൃഷിവിജ്ഞാന കേന്ദ്രം (0484-2277220)
- സീഡ് പ്രോസസിങ് പ്‌ളാന്റ്, പാലക്കാട്(0492-2222706)
- മോഡല്‍ ഹൈടെക് നഴ്‌സറി, മൂവാറ്റുപുഴ(9447900025)
- തളിര്‍ ഔട്ട്ലെറ്റ്, കൊല്ലം
Content Highlights: It's time to plant your winter vegetable seeds