ഒരേക്കര്‍ സ്ഥലത്ത് തെങ്ങിന് ഇടവിളയായി ഈ ചെടി നട്ടു പരിപാലിച്ചാല്‍ മുക്കാല്‍ ലക്ഷം രൂപ അഞ്ചു മാസം കൊണ്ട് ലഭിച്ചാലോ? അത് കര്‍ഷകര്‍ക്ക് ഒരു അനുഗ്രഹമാകും എന്നതിന് സംശയം വേണ്ട. ശാസ്ത്രീയമായി തെങ്ങ് കൃഷിചെയ്യുമ്പോള്‍ 7.5 മീറ്റര്‍ അകലത്തിലാണ് നടാറ്. അതില്‍ 75 ശതമാനം കൃഷിസ്ഥലവും ഉപയോഗശൂന്യമായി പാഴാവുകയാണ്. തെങ്ങിന്റെ ആകൃതിയും ഇലകളുടെ വിതാനിപ്പും മൂലം കുറച്ച് സൂര്യപ്രകാശം മാത്രമേ കൃഷിയിടത്തിലെ മണ്ണില്‍ പതിക്കൂ. എന്നാല്‍ തെങ്ങിന്റെ ഈ പ്രത്യേകത മുതലെടുത്ത് നല്ല ഇടവിളകള്‍ കൃഷി ചെയ്താലോ? ഏക്കറിന് മുക്കാല്‍ ലക്ഷം ലാഭം കിട്ടുന്ന ഇടവിള.

തുളസിവര്‍ഗത്തില്‍പ്പെടുന്ന ഒരു ചെടിയുണ്ട്. സുഗന്ധദ്രവ്യങ്ങളിലും സൗന്ദര്യ വര്‍ധക വസ്തുക്കളിലും ചേര്‍ക്കുന്ന തൈലം നിര്‍മിക്കുന്ന ചെടി. പഴകുന്തോറും വീര്യമേറുന്ന തീക്ഷ്ണഗന്ധമുള്ള, ലൈംഗികാസക്തി വര്‍ധിപ്പിക്കുന്ന  ഈ ചെടിയാണ് നമ്മുടെ ഇടവിള. പച്ചോളി അല്ലെങ്കില്‍ പച്ചില എന്ന പേരില്‍ അറിയപ്പെടുന്ന ഈ സസ്യം പോഗോസ്റ്റിമോണ്‍ കാബിലിന്‍ബന്ത് എന്ന ശാസ്ത്രനാമത്താല്‍ അറിയപ്പെടുന്ന പച്ചോളി ലാമിയേസിയേ എന്ന കുടുംബത്തില്‍പ്പെടുന്നു. മലയാളത്തില്‍ പച്ചോളി എന്നും തമിഴില്‍ പാച്ചോളി എന്നും സംസ്‌കൃതത്തില്‍ ഗന്ധപത്ര, എന്നും ഇംഗ്ളിഷില്‍ പച്ചോളി എന്നും വിളിക്കപ്പെടുന്നു.

തനിവിളയും ഇടവിളയുമാക്കാം

ഉത്പ്പാദനച്ചെലവു കുറച്ച് ഉത്പാദനം വര്‍ധിപ്പിച്ചാല്‍ മാത്രമേ കൃഷിയില്‍ ലാഭമുണ്ടാക്കാനാവൂ. നമ്മുടെ രാജ്യത്തെ 80 ശതമാനം നാളികേര കൃഷിയിടങ്ങളും ശരാശരി 0.22 ഹെക്ടര്‍ വിസ്തൃതി മാത്രമുള്ളവയാണ്. ഇത്തരം ചെറിയ കൃഷിയിടങ്ങളില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം ചെറിയ കുടുംബങ്ങള്‍ക്കു പോലും ഉപജീവനത്തിന് അപര്യാപ്തമാണ്. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സുസ്ഥിരമായ തൊഴിലും അവര്‍ക്ക് നല്‍കുന്നില്ല. തെങ്ങുകൃഷിയിലെ ഏകവിള സമ്പ്രദായം വളരെ കുറഞ്ഞ ഉത്പാദനക്ഷമതയും തുച്ഛമായ വരുമാനവും മാത്രമേ കര്‍ഷകര്‍ക്കു നല്‍കുന്നുള്ളൂ. നല്ല ഉത്പാദനക്ഷമതയുള്ള ഇടവിള കൃഷിചെയ്യുകയെന്നതാണ് അതിന്റെ പോം വഴി. അതിന് പറ്റിയ വിളയാണ് അഞ്ചുമാസം കൊണ്ട് വിളവെടുക്കാവുന്ന പച്ചോളി. 

കമ്പു നട്ട് വളര്‍ത്താം 

ഇടവിളക്കൃഷിക്ക് വിത്ത് തേടി അലയേണ്ട. കൊമ്പു മുറിച്ചു നട്ടാണ് ഇത് വളര്‍ത്തിയെടുക്കുന്നത. നല്ല വളക്കൂറും നീര്‍വാര്‍ച്ചയുമുള്ള മണ്ണില്‍ ഇത് തനിവിളയായും വളര്‍ത്തിയെടുക്കാം. നല്ല നന നല്‍കി തുറസ്സായ സ്ഥലങ്ങളിലും പച്ചോളി വളര്‍ത്തിയെടുക്കാം. വര്‍ഷാവര്‍ഷങ്ങളില്‍ 150-300 സെന്റിമീറ്റര്‍ മഴ ലഭിക്കുന്ന നേരിയ അളവില്‍ അമ്ലതയുള്ള മണ്ണാണ് കൃഷിക്ക് ഉത്തമം. 

മഴക്കാലത്തിന്റെ ആരംഭത്തില്‍ വാരമെടുത്താണ് തണ്ടുകള്‍ നടേണ്ടത്. തണ്ടുകള്‍ 10 -12 സെന്റിമീറ്റര്‍ വരുന്ന കഷണങ്ങളാക്കി മുറിച്ചെടുത്ത് 10-10 സെന്റിമീറ്റര്‍ അകലത്തിലാണ് നടുക. മഴ പെയ്യുന്നില്ലെങ്കില്‍ വേരുപിടിച്ച് നാമ്പുകള്‍ പൊട്ടുന്നതുവരെ ദിവസം ഒരു നേരം നനച്ചു കൊടുക്കാം. നല്ല വിളവു ലഭിക്കാന്‍ ജൈവവളങ്ങളും രാസവളങ്ങളും ഇടകലര്‍ത്തി ഉപയോഗിക്കാം. 

ഒരു ഏക്കറിന് രണ്ടു ടണ്‍ ജൈവവളം അടിവളമായി ചേര്‍ത്തുകൊടുക്കാം. 25 കിലോഗ്രാം യൂറിയ, റോക്‌ഫോസ്ഫേറ്റ് 60 കിലോ, പൊട്ടാഷ് 45 കിലോ എന്നിങ്ങനെ ചേര്‍ത്തുകൊടുക്കാം. മേല്‍വളമായി കാലിവളം അല്ലെങ്കില്‍ യൂറിയ മാത്രം നല്‍കാം. ഓരോ 45 ദിവസം കൂടുമ്പോഴും (രണ്ടുതവണമാത്രം) 50 കിലോ വീതം യൂറിയയാണ് മേല്‍വളമായി നല്‍കേണ്ടത്. പച്ചോളി തൈലത്തിന്റെ അളവും ഗുണവും വര്‍ധിപ്പിക്കാന്‍ കാത്സ്യം, മഗ്നീഷ്യം തുടങ്ങിയ സൂക്ഷ്മ മൂലകങ്ങള്‍  നല്‍കുന്നതിലൂടെ കഴിയുന്നു.

വിളവെടുക്കലും സംസ്‌കരണവും

വളരെപ്പെട്ടെന്നുതന്നെ വിളവെടുക്കാമെന്നതാണ് പച്ചോളിയെ താരമാക്കുന്നത്. നട്ട് അഞ്ച് മാസം കഴിഞ്ഞാല്‍ത്തന്നെ വിളവെടുക്കാം. ചെടിയുടെ അടിവശത്തെ ഇലകള്‍ മഞ്ഞനിറം കാണിക്കുന്നതാണ് വിളവെടുക്കാനായി എന്ന അറിയിപ്പ്. ചെടിയുടെ തൂമ്പില്‍ നിന്ന് പത്തു മുതല്‍ 25 സെന്റിമീറ്റര്‍വരെ താഴ്ത്തിയാണ് കമ്പുകള്‍ മുറിച്ചെടുക്കേണ്ടത്. മുറിച്ചെടുക്കുമ്പോള്‍ ഒന്നുരണ്ടു കൊമ്പുകള്‍ മുറിക്കാതെ നിര്‍ത്തിയാല്‍ അടുത്ത വിളവെടുപ്പിന് പാകമായി ചെടി പന്തലിക്കും. ഇങ്ങനെ മൂന്ന് നാലു മാസം ഇടവിട്ട് വിളവെടുക്കാം. 

ഇത് വെയിലത്ത് ഉണക്കിയെടുത്ത് അതിലേക്ക് വലിയ തോതില്‍ നീരാവി കടത്തിവിട്ടാണ് തൈലം ഉണ്ടാക്കുന്നത്. ഇത് ആറുമാസം വരെ ഉണക്കിസൂക്ഷിച്ചാണ് തൈലമെടുക്കുന്നത്. തൈലമെടുക്കാന്‍ വൈകുന്നതോടെ തൈലത്തിന്റെ ഗുണവും നിറവും കൂടും.  ഒരേക്കറില്‍ നിന്ന് ഏകദേശം 50 കിലോഗ്രാം തൈലം ലഭിക്കും. ഒരുകിലോ തൈലത്തിന് വിപണിയില്‍ 2000 മുതല്‍ 2500 വരെയാണ് ഇപ്പോഴത്തെ വില. അതിന്റെ കമ്പുകള്‍ കാര്‍ഷിക സര്‍വകലാശാലയുടെ കാമ്പസുകളില്‍ നിന്ന് ലഭിക്കും.
 
തൈലത്തിന്റെ ഉപയോഗം
 
ഇത് മ്ലാനത, ലൈംഗികാസക്തിക്കുറവ് എന്നിവ അകറ്റാനുള്ള ഔഷധങ്ങളില്‍ ചേരുവയാണ്. കൂടാതെ വേദന സംഹാരിയായും ചര്‍മ സംരക്ഷണത്തിനും ശാരീരിക ഉണര്‍വിനും ഉന്മേഷത്തിനും പച്ചോളിതൈലം ധാരാളമായി ഉപയോഗിക്കുന്നു. വരണ്ടതും വിള്ളലുള്ളതുമായ ചര്‍മത്തിനും ഉപ്പൂറ്റിവാതം (അത്ലറ്റിക് ഫൂട്ട്) രോഗത്തിനും മുറിവുകള്‍ ഉണക്കുന്നതിനും പിരിമുറുക്കം, ഉത്കണ്ഠരോഗം, ചൊറി,ചിരങ്ങുകള്‍ (എക്സിമ), വിളര്‍ച്ച എന്നിവയ്ക്കും പച്ചോളിത്തൈലം ഉപയോഗിക്കാം. 

ജലദോഷം, തലവേദന, ഛര്‍ദ്ദി, വെരിക്കോസ് വെയിന്‍, രക്തസ്രാവം, പനി തുടങ്ങിയവയ്ക്കും ശമനം നല്‍കും. ഞരമ്പുകളുടെ ഉത്തേജനത്തിനും ദഹനത്തിനും സഹായിക്കും. എന്താ തെങ്ങിന്‍തോപ്പുകള്‍ തരിശിടാതെ പച്ചോളി ഇടവിളയാക്കുകയല്ലേ?

Content highlights: Intercroping, Agriculture, Organic farming