മറ്റ് എണ്ണക്കുരുക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ ഭക്ഷ്യ എണ്ണ ഉത്പാദിപ്പിക്കുന്ന വൃക്ഷമാണ് എണ്ണപ്പന. നാളീകേരത്തെയും മറ്റു ഫലങ്ങളെയും പോലെ മോഷ്ടാക്കള്‍ കൊണ്ടുപോകാത്ത വിള കൂടിയാണ് എണ്ണപ്പന. വളരെയധികം അകലത്തില്‍ നടുന്ന പനകള്‍ക്കിടയില്‍ കൃഷി ചെയ്യാവുന്ന ഇടവിളകളെപ്പറ്റിയാണ് ഇവിടെ വിശദമാക്കുന്നത്.

സൂര്യപ്രകാശം,ജലം,പോഷകാഹാരങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ എണ്ണപ്പനയോട് മത്സരിക്കാതെ ഒത്തുപോകുന്ന സസ്യങ്ങള്‍ ഇടവിളകളായി തെരഞ്ഞടുക്കാം.

പച്ചക്കറികള്‍, വാഴ(ഡാര്‍ഫ് കാവന്‍ഡിഷ്) പുകയില, മുളക്,മഞ്ഞള്‍, ഇഞ്ചി, കൈതച്ചക്ക മുതലായവയാണ് ഏറ്റവും അനുയോജ്യമായ വിളകള്‍. പുഷ്പകൃഷിയും നടത്താം.

പ്രകാശ സംശ്ലേഷണത്തിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഇടവിളകള്‍ നടുമ്പോള്‍ എണ്ണപ്പനയുടെ ഇലകള്‍ ഒതുക്കി കെട്ടിവയ്ക്കരുത്. അതുപോലെ തന്നെ മണ്ണില്‍ നിന്നും ജലവും പോഷകാംശങ്ങളും വലിച്ചെടുക്കുന്ന വേരുകള്‍ നശിക്കുമെന്നതിനാല്‍ പനയുടെ തടം ഉഴുതുമറിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പനയെ സ്വതന്ത്രമായി വളരാന്‍ അനുവദിക്കണം. 

മെയ്‌സ്, ചോളം, കരിമ്പ് മുതലായ സസ്യങ്ങള്‍ ഇടവിളകളായി നടുമ്പോള്‍ എണ്ണപ്പനയില്‍ നിന്നും വേണ്ടത്ര അകലത്തില്‍ നടണം. തണലോ ഇടവിളകളുടെ വേരുകളുമായുള്ള മത്സരമോ എണ്ണപ്പനയുടെ വളര്‍ച്ചയെ ബാധിക്കരുത്.

കരിമ്പ് ഇടവിളയായി നടുമ്പോള്‍, എണ്ണപ്പനയുടെ തടത്തിനരികിലുള്ളവയ്ക്ക് താങ്ങുകൊടുത്തോ മേലഗ്രം കോതിയോ പനയ്ക്കുണ്ടാകാവുന്ന തണല്‍ ഒഴിവാക്കണം. 

പയറുവര്‍ഗത്തില്‍പ്പെട്ട ചെറുപയര്‍, ഉഴുന്ന്, എള്ള് , നിലക്കടല മുതലായവ ഇടവിളകളായി നടുമ്പോള്‍ അവയ്ക്ക് നിരന്തരമായ ജലസേചനം ആവശ്യമില്ലെങ്കിലും എണ്ണപ്പനയ്ക്കാവശ്യമായ ഈര്‍പം ലഭിക്കുന്നതിനുവേണ്ടി പതിവായി ജലസേചനം നടത്തണം. 

(കടപ്പാട്: ദേശീയ എണ്ണപ്പന ഗവേഷണ കേന്ദ്രം)

 

Content highlights: Oil palm cultivation, Agriculture, Intercropping