കാര്‍ഷിക വിളകള്‍ക്കൊപ്പം പോഷകത്തോട്ടം, മൃഗപരിപാലനം, കോഴി, താറാവ്, മത്സ്യക്കൃഷി, തേനീച്ചക്കൃഷി തുടങ്ങിയവ ഉള്‍പ്പെടുത്തി കുറഞ്ഞ ഭൂമിയില്‍നിന്ന് പരമാവധി ആദായമുറപ്പിക്കുന്ന രീതിയാണ് സംയോജിതകൃഷിരീതി. ഓരോ പ്രദേശത്തിനും അവിടത്തെ മണ്ണിനെയും കാലാവസ്ഥയെയും അടിസ്ഥാനപ്പെടുത്തി, സംയോജിതകൃഷിരീതികള്‍ അതത് പ്രദേശങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ അനുവര്‍ത്തിക്കണം. ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ഏവര്‍ക്കും അവരവരുടെ പുരയിടത്തെ ജൈവഗൃഹമാക്കി മാറ്റാം.

സംയോജിതകൃഷിക്കൊപ്പം മണ്ണ്-ജല സംരക്ഷണപ്രവര്‍ത്തനങ്ങള്‍, സംയോജിത കീടനിയന്ത്രണം, ജൈവവളം നിര്‍മാണം എന്നിവയും അനുവര്‍ത്തിക്കണം. സംയോജിതകൃഷിയുടെ വിവിധ മേഖലകള്‍

പോഷകത്തോട്ടം

പച്ചക്കറികള്‍, ഫല-കിഴങ്ങുവര്‍ഗങ്ങള്‍, അത്യാവശ്യം സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം. വെണ്ട, ചീര, തക്കാളി, പച്ചമുളക് തുടങ്ങിയ ഹ്രസ്വകാല പച്ചക്കറികള്‍ കൂടാതെ ദീര്‍ഘകാല പച്ചക്കറിയിനങ്ങളായ മുരിങ്ങ, കോവല്‍, അമര, ചതുരപ്പയര്‍, പീച്ചിങ്ങ, വാളരിപ്പയര്‍, കറിവേപ്പില, വിവിധതരം ഇലവര്‍ഗങ്ങള്‍ എന്നിവ സ്ഥലപരിമിതിക്കനുസരിച്ചും ടെറസിന്റെ മുകളിലുമായി നട്ടുവളര്‍ത്താം. കിഴങ്ങുവര്‍ഗങ്ങളായ ചേന, ചേമ്പ്, കാച്ചില്‍, കപ്പ മുതലായവയും ഇഞ്ചി, കുരുമുളക്, മഞ്ഞള്‍ ഫലവര്‍ഗങ്ങളായ മാവ്, പ്ലാവ്, പേര, സപ്പോട്ട, പാഷന്‍ ഫ്രൂട്ട്, വാഴ, പപ്പായ എന്നിവയും നട്ടുപിടിപ്പിക്കണം.

മൃഗസംരക്ഷണം

പാല്‍, മുട്ട, മാംസം എന്നിവ ലഭിക്കുന്നതിനായി പുരയിടത്തിലെ സ്ഥലപരിമിതിക്കനുസരിച്ച് പശു, ആട്, കോഴി, മത്സ്യം, താറാവ്, മുയല്‍ എന്നിവയെ വളര്‍ത്താം. നാടന്‍രീതിയില്‍ കോഴി വളര്‍ത്തുമ്പോള്‍ അവ മറ്റുകൃഷികളെ നശിപ്പിക്കും. അതിനാല്‍, പുരയിടക്കൃഷിക്കനുയോജ്യമായ കേജ് സിസ്റ്റത്തില്‍ ബി.വി. 380 എന്ന മുട്ടക്കോഴികളെ വളര്‍ത്താം. പച്ചക്കറികളുടെ ഇലകള്‍, അസോള എന്നിവ തീറ്റയായി കൊടുത്താല്‍ 50 ശതമാനം തീറ്റ കുറയ്ക്കാം. കോഴിക്കാഷ്ഠം വളമായി ഉപയോഗിക്കാം. പശു, ആട്, മുയല്‍ എന്നിവയ്ക്ക് ഇലകള്‍, അടുക്കളയിലെ ജൈവ അവശിഷ്ടങ്ങള്‍ എന്നിവ തീറ്റയായി കൊടുക്കാം. മൃഗങ്ങളുടെ കാഷ്ഠം വളമായി ഉപയോഗിക്കാനും സാധിക്കും. മുയലുകളെ ഇറച്ചിക്കും അലങ്കാരത്തിനും വളര്‍ത്താം. ഒപ്പം, കുഞ്ഞുങ്ങളെ വില്‍ക്കുകയും ചെയ്യാം.

തേനീച്ചവളര്‍ത്തല്‍

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കൈകാര്യംചെയ്യാന്‍ പറ്റുന്നതാണ് ചെറുതേനീച്ചക്കൃഷി. പ്രത്യേകപരിശീലനം ആവശ്യമില്ല. കാശിത്തുമ്പ, ചെണ്ടുമല്ലി തുടങ്ങിയ പൂക്കളും പുരയിടത്തിലെ മറ്റുചെടികളുടെ പൂമ്പൊടിയും തേനീച്ചയ്ക്ക് ലഭ്യമാവും. ഒരുവര്‍ഷം ഒരുപ്രാവശ്യം 250 ഗ്രാം തേന്‍ ഒരു കൂടില്‍നിന്ന് കിട്ടും.

മണ്ണ്-ജല സംരക്ഷണം

തെങ്ങിന്റെ തടം ശരിയായരീതിയില്‍ തുറന്നും ചെടികള്‍ക്ക് പുതയിട്ടും പരമാവധി മഴവെള്ളം തോട്ടത്തില്‍ത്തന്നെ ആഴ്ന്നിറങ്ങുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യണം. മഴവെള്ളം സംഭരിക്കാന്‍ കിണര്‍ റീച്ചാര്‍ജിങ്ങും ആവാം.

സംയോജിത കീടനിയന്ത്രണം

കൃഷിയിടം വൃത്തിയായി സൂക്ഷിക്കണം. കഴിയുന്നതും പച്ചക്കറികളിലെ കീടങ്ങളെ അപ്പപ്പോള്‍ കൈകള്‍ കൊണ്ടുതന്നെ നശിപ്പിക്കുക. വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം, കാന്താരിമുളക്-ഗോമൂത്ര മിശ്രിതം തുടങ്ങി ജൈവ ഉപാധികളും ഉണ്ടാക്കാം.

വിവരങ്ങള്‍ക്ക്: 9446028915.