എസെകിയൽ പൗലോസ്
നല്ല വരുമാനം തന്ന റബ്ബര്‍ തോട്ടമാണ് വെട്ടിമാറ്റിയത്. കണ്ടവരെല്ലാം മൂക്കത്തു വിരല്‍ വെച്ചു. പക്ഷേ, ഇപ്പോള്‍ അതിനെക്കാള്‍ അദ്ഭുതമാണ് ഈ മൂന്നര ഏക്കര്‍ വരുന്ന ഭൂമിയും പാടവും ഒക്കെ കാണുമ്പോള്‍. 500-ലധികം ഔഷധസസ്യങ്ങളാണ് ഈ ഭൂമിയില്‍ വളരുന്നത്. കണയന്നൂര്‍ ഐക്കരവേലില് വീട്ടില്‍ എസെകിയല്‍ പൗലോസ് എന്ന യുവാവാണ് റബ്ബര്‍ വെട്ടിമാറ്റി ഇന്റഗ്രേറ്റഡ് ഫാമിങ്ങിനായി തന്റെ ഭൂമി ഒരുക്കിയെടുത്തത്. ബെംഗളൂരുവില്‍ ഇലക്ട്രോണിക്സ് ഐ.ടി. എന്‍ജിനീയറായ എസെകിയല്‍ ആഴ്ചയില്‍ രണ്ട് ദിവസം വീട്ടിലുണ്ടാകും. ഔഷധസസ്യങ്ങളുടെ പരിപാലനത്തിനായാണ് ഈ വരവ്.
Also Read
അച്ഛന് എ.സി. പൗലോസിന്റെ പാത പിന്തുടര്ന്നാണ് ഇദ്ദേഹം ഔഷധസസ്യ ശേഖരണം തുടങ്ങുന്നത്. ഇപ്പോള്‍ അപൂര്‍വങ്ങളായ നൂറുകണക്കിന് ഔഷധസസ്യങ്ങള്‍ ഇവിടെയുണ്ട്. കേരളത്തില്‍ അപൂര്‍വമായ ശിംശിപ, ഒലിവ്, കായാമ്പൂ എന്നിവയും ചുവന്ന കറ്റാര്‍വാഴ, കറുത്ത കറ്റാര്‍വാഴ, ഉദരരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന അയ്യപ്പന, പേപ്പട്ടി വിഷബാധയ്ക്ക് ഉപയോഗിക്കുന്ന അംഗോലം, രാസ്നാദി ചെടിയായ അരത്ത, എട്ടുകാലി പച്ച, ആയുര്‍വേദ മരുന്നുകള്‍ക്ക് ഉപയോഗിക്കുന്ന ഗുല്ഗുലു, പാവട്ടം, മരമഞ്ഞള്‍, അശ്വഗന്ധ തുടങ്ങിയ ഔഷധസസ്യങ്ങള്‍ ഇവിടെ വളര്‍ത്തുന്നു.
മുറിവുണങ്ങാന്‍ ഉപയോഗിക്കുന്ന ബിറ്റാഡിന്‍ പ്ലാന്റ് എന്ന സസ്യവും ഇവിടെയുണ്ട്. മഴ പെയ്യുംപോലെ രാവിലെ പൂക്കള്‍ കൊഴിയുന്ന പാരിജാത മരവും ഇവിടെ കാണാം. നിരവധി തരം ചിത്രശലഭങ്ങളും ഇതില്‍ കൂട്ടമായി എത്തുന്നു. വീട്ടാവശ്യത്തിനുള്ള പച്ചക്കറി ഉള്‍പ്പെടെ ഭൂരിഭാഗം സാധനങ്ങളും പറമ്പില്‍ കൃഷിചെയ്യുന്നുണ്ട്. അപൂര്‍വമായി മാത്രം കാണുന്ന അടത്താപ്പ്, കുറ്റി വാളോരം, കുറ്റിക്കാച്ചില്‍, ഏത്ത കപ്പ തുടങ്ങിയവയും ഇവിടെയുണ്ട്.
.jpg?$p=1dd8c95&w=610&q=0.8)
മത്സ്യകൃഷി
ഒന്നര ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന കുളത്തിലാണ് മത്സ്യകൃഷി. താറാവ് കൃഷിക്ക് ഉപയോഗിക്കുന്ന വെള്ളം കൃഷിസ്ഥലം നനയ്ക്കാന്‍ ഉപയോഗിക്കും. കരിങ്കോഴികളെയും വളര്‍ത്തുന്നുണ്ട്. പാടത്തും പറമ്പിലുമെല്ലാം കാടുകയറുന്നത് ഒഴിവാക്കാന്‍ പോത്തുകളെയും വളര്‍ത്തുന്നുണ്ട്. 25,000 ലിറ്റര്‍ ഭൂഗര്‍ഭജല റീച്ചാര്‍ജ് പിറ്റും ഇവിടെ ഉണ്ട്.
കുടുംബത്തിന്റെ പിന്തുണയാണ് പ്രചോദനമെന്ന് എസെകിയല്‍ പറഞ്ഞു. പിതാവ് എ.സി. പൗലോസിനൊപ്പം അമ്മ സാറാമ്മ പൗലോസും എല്ലാ കാര്യങ്ങള്‍ക്കും ഉപദേശവും പിന്തുണയും നല്കുന്നു. ഭാര്യ ശ്രീഷയും മക്കളായ സെഫന്യാഹും സനീറ്റയും കൃഷിയിടത്തില്‍ പിന്തുണയുമായുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..