'ഷധസസ്യങ്ങളുടെ മാതാവ്', 'ചെടികളുടെ റാണി' തുടങ്ങി തുളസിക്ക് പദവികളേറെ. സര്‍വരോഗ സംഹാരി എന്ന ഓമനപ്പേരും തുളസിക്ക് സ്വന്തം. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാനും ആരോഗ്യസംരക്ഷണത്തിനുമെല്ലാം തുളസിക്ക് പ്രത്യേക കഴിവുണ്ട്.

കറുത്ത തുളസിയെ കൃഷ്ണതുളസിയെന്നും വെളുത്ത തുളസിയെ രാമതുളസിയെന്നുമാണ് വിളിക്കുന്നത്. നല്ല ചൂടുള്ള കാലാവസ്ഥയില്‍ തുളസി നന്നായി വളരും. ജൈവാംശം കൂടിയ മണ്ണ് തുളസിക്കുത്തമം. ആദ്യ മൂന്നു മാസങ്ങളില്‍ നന്നായി മൂലകങ്ങള്‍ വലിച്ചെടുക്കുന്ന തുളസിയുടെ അറ്റം നുള്ളിക്കളഞ്ഞാല്‍ ചെടി കുറ്റിയായി പടര്‍ന്നുവളരും. ജൈവവളമായി ഉണങ്ങിപ്പൊടിഞ്ഞ ചാണകവളം ചേര്‍ത്തുകൊടുക്കണം. ആദ്യഘട്ടത്തില്‍ ദിവസവും നനയ്ക്കണം. കടലപ്പിണ്ണാക്കും ചാണകപ്പൊടിയും ഒരേ അനുപാതത്തില്‍ കലര്‍ത്തി മാസത്തിലൊരിക്കല്‍ ചേര്‍ത്തുകൊടുക്കുന്നത് തുളസിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്.

തുളസിക്കെണി

തുളസിയിലയുടെ അടിഭാഗത്തുള്ള പ്രത്യേക ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന യൂജിനോള്‍ ആണ് തുളസിയെ ജൈവകെണിയാക്കി ഉയര്‍ത്തുന്നത്. ഇല ഒന്ന് ചതച്ചെടുത്താല്‍ അല്ലെങ്കില്‍ നീരെടുത്താല്‍ അവിടേക്ക് മാമ്പഴയീച്ചകള്‍ പറന്നുവരുന്നത് കാണാന്‍കഴിയും. തുളസിച്ചാറില്‍ അടങ്ങിയിരിക്കുന്ന യൂജിനോള്‍ മാമ്പഴയീച്ചയ്ക്കു പ്രായപൂര്‍ത്തിയിലേക്കുള്ള ദൈര്‍ഘ്യം കുറയ്ക്കുന്നു. അതുകൊണ്ടുതന്നെ മാവ് പൂക്കാന്‍ തുടങ്ങുമ്പോള്‍തന്നെ മാമ്പഴയീച്ച തുളസിച്ചാറ് തേടിയിറങ്ങുന്നു.

ഒരുപിടി തുളസിയിലയും പൂവുംകൂടി ചതച്ചെടുക്കുക. അതില്‍ 30 മില്ലി വെള്ളവും 10 ഗ്രാം പൊടിച്ച ശര്‍ക്കരയും ചേര്‍ക്കാം. അഞ്ചു തുള്ളി എണ്ണയോ സോപ്പോ ചേര്‍ത്ത് ഒരു പ്ലാസ്റ്റിക് കുപ്പിയില്‍ ഒഴിക്കുക. കുപ്പിയുടെ മധ്യഭാഗത്ത് രണ്ട് സൈഡിലുമായി മൂന്ന് ഇഞ്ച് നീളവും രണ്ട് ഇഞ്ച് വീതിയുമുള്ള ദ്വാരങ്ങളിടണം. തുളസിച്ചാറിന്റെ മണത്തില്‍ ദ്വാരത്തിലൂടെ മാമ്പഴയീച്ച കുപ്പിയില്‍ പറന്നിറങ്ങി ചത്തുവീഴും.

ഫെറമോണ്‍ കെണിയില്‍ ആണ്‍ കായീച്ചമാത്രമേ ആകര്‍ഷിക്കപ്പെടുന്നുള്ളൂ. അതേസമയം തുളസിക്കെണിയില്‍ ആണ്‍-പെണ്‍ കായീച്ചക്കള്‍ ആകര്‍ഷികപ്പെടും. മാമ്പഴയീച്ചതന്നെ പേരയിലും നാടന്‍ വാഴയിനങ്ങളിലും കുത്തിക്കയറി ആക്രമിക്കുന്ന പുതിയ സാഹചര്യത്തില്‍ തുളസിക്കെണി ഇത്തരം വിളകളിലും ഉപയോഗിക്കേണ്ടതുമാണ്. കൂടാതെ വെള്ളരിവര്‍ഗവിളകള്‍ പഴുത്തുപോകുന്നതിന് പ്രധാന കാരണക്കാരനായ കായീച്ചകളെയും തുളസിക്കെണയില്‍ ആകര്‍ഷിച്ച് നശിപ്പിക്കാം. 

വിവരങ്ങള്‍ക്ക്: 94460 71460.

Content Highlights: Insect and pest management in Mango tree using thulasi plant