-
കൃഷിചെയ്യാന്‍ ഭൂമിയും സമയവും ഇല്ലാത്തവര്‍ക്ക് ഇനി സ്വന്തം വീട്ടുമുറ്റത്ത് കൃഷിയിറക്കാം. തോട്ടമൊരുക്കാന്‍ നിലമൊരുക്കുകയോ മണ്ണും വളവും കീടനാശിനിയും പണിക്കാരെയും തേടിയും അലയുകയോ വേണ്ട. ആധുനികകൃഷി രീതിയായ ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് കൃഷിരീതികളാണ് സാധാരണക്കാര്‍ക്കും വീട്ടുമുറ്റത്തോ, ബാല്‍ക്കണിയിലോ, മട്ടുപ്പാവിലോ കൃഷിത്തോട്ടം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നത്. താത്പര്യവും അല്പം സമയവും ചെലവഴിക്കാമെങ്കില്‍ വീട്ടിലേക്കാവശ്യമായ മുഴുവന്‍ വിഷരഹിത പച്ചക്കറികളും മീനും ഈ രീതിയില്‍ ഉത്പാദിപ്പിക്കാം.
ഹൈഡ്രോപോണിക്സ്
വെള്ളത്തില്‍ അലിയുന്ന വളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷിരീതിയാണിത്. വളലായനികള് പരിചംക്രമണം ചെയ്തുകൊണ്ടുള്ള ഈ കൃഷിരീതിയില്‍ സാധാരണ കൃഷിക്ക് വേണ്ടതിന്റെ അഞ്ചുമുതല്‍ 10 ശതമാനം വരെ വെള്ളം മാത്രം മതി. വെള്ളവും വളവും ഒട്ടും നഷ്ടപ്പെടാതെ പൂര്‍ണമായി കൃഷിക്ക് ഉപയോഗപ്പെടുത്താമെന്നതാണ് ഇതിന്റെ പ്രത്യേകത.
ചെടികള്‍ക്കാവശ്യമായ വളങ്ങള്‍ വെള്ളത്തില്‍ അലിഞ്ഞുചേരുന്നതിനാല്‍ ചെടികളുടെ വേരുകള്‍ക്ക് വളംതേടി ദൂരെ പോകേണ്ടതില്ല. അതിനാല്‍ ചെടികള്‍ക്ക് ഈ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഊര്‍ജം കൂടി ഇലകളുടെയും തണ്ടുകളുടെയും വളര്‍ച്ചയ്ക്ക് പ്രയോജനപ്പെടുത്താം. വേര് പിടിക്കാനാവശ്യമായ പോഷക ലായനി, നാട/കുഴല്‍, ഗ്രോ മീഡിയം എന്നിവയാണ് ഈ കൃഷിക്ക് വേണ്ടത്.
ന്യൂട്രിയന്റ് ഫിലിം ടെക്നിക്, ഡച്ച് ബെഞ്ച് സിസ്റ്റം, ഡീപ് വാട്ടര്‍ കള്‍ച്ചര്‍ എന്നിവയാണ് ഹൈഡ്രോപോണിക്സ് കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ കൃഷിരീതികള്‍. ന്യൂട്രിയന്റ് ഫിലിം സിസ്റ്റവും ഡീപ് വാട്ടര്‍ കള്‍ച്ചര്‍ സിസ്റ്റവും കൂടുതലായി ചീരവര്‍ഗങ്ങള്‍ കൃഷി ചെയ്യാനാണ് ഉപയോഗിക്കുന്നത്. പച്ചക്കറി കൃഷിക്കാണ് ഡച്ച് ബെഞ്ച് സിസ്റ്റം ഉപയോഗിക്കുന്നത്.
അക്വാപോണിക്സ്
മീന്‍ വളര്‍ത്തലും കൃഷിയും ഒന്നിച്ചു നടത്തുന്ന രീതിയാണ് അക്വാപോണിക്സ്. ടാങ്കില്‍ മീനുകളും അതിനു മുകളിലോ, അരികിലോ പച്ചക്കറികളും ഈ രീതിയില്‍ കൃഷിചെയ്യാം. അഞ്ച് സെന്റ് സ്ഥലമുണ്ടങ്കില്‍ വാണിജ്യാടിസ്ഥാനത്തില്‍ പോലും ഈ രീതിയില്‍ കൃഷിയിറക്കാം. ടാങ്കില്‍ വളര്‍ത്തുന്ന മീനിന്റെ കാഷ്ഠം ചെടികള്‍ക്ക് വലിച്ചെടുക്കാവുന്ന വളമാക്കി മാറ്റുന്നതാണ് ഈ കൃഷിരീതി. മീന്‍ കാഷ്ഠത്തില്‍ അടങ്ങിയ ഫോസ്ഫറസും പൊട്ടാഷുമാണ് ഇതിലെ പ്രധാന വളം. ചെടികള്‍ മറഞ്ഞു വീഴാതിരിക്കാന്‍ കല്ലുകള്‍, ചരല് എന്നിവ നിറച്ച് താങ്ങ് നല്‍കുന്നത് കൂടുതല്‍ ഗുണം ചെയ്യും.
കുളം/ടാങ്കില്‍നിന്ന് വെള്ളം പൈപ്പ് വഴി പമ്പ് ചെയ്താണ് മുകള്‍ത്തട്ടിലോ, അരികിലോയുള്ള ചെടികള്‍ക്ക് എത്തിക്കുന്നത്. മത്സ്യങ്ങള്‍ക്ക് നല്കിയ ഭക്ഷണാവശിഷ്ടങ്ങളും മത്സ്യക്കാഷ്ഠവും കലര്‍ന്ന വളസമ്പന്നമായ വെള്ളമാണ് ചെടികളിലെത്തുന്നത്. കട്ല, രോഹു, തിലാപ്പിയ, കാര്‍പ്പ് തുടങ്ങിയ മത്സ്യങ്ങളാണ് കുളത്തില്‍ വളര്‍ത്താന്‍ നല്ലത്. പയര്‍, തക്കാളി, സലാഡ് കുക്കുമ്പര്‍, കാബേജ്, കോളിഫ്ലവര്‍, ചീര, ലറ്റിയൂസ്, പാലക്ക്, വെണ്ട, വഴുതന, മുളക്, ക്യാപ്സിക്കം, മിന്റ് തുടങ്ങിയ വിളകള്‍ വളര്‍ത്താം.
ഗുണനിലവാരമുള്ള പച്ചക്കറികള്‍ക്കൊപ്പം വിഷം കലരാത്ത മീനുകളെയും വളര്‍ത്താമെന്നതാണ് ഈ കൃഷിരീതിയുടെ പ്രത്യേകത. അക്വാപോണിക്സില്‍ മീഡിയ ബെഡ് സിസ്റ്റം, റാഫ്റ്റ് സിസ്റ്റം ന്യൂട്രിയന്റ് ഫിലിം സിസ്റ്റം എന്നീ അനുബന്ധ കൃഷി രീതികളുമുണ്ട്. റാഫ്റ്റ് രീതിയില്‍ ഇലക്കറികളും ബെഡ് സിസ്റ്റത്തില്‍ കായ്കനികളും വളര്‍ത്താം. നാലോ അഞ്ചോ തട്ടുകളായും ഈ രീതിയില്‍ കൃഷി ചെയ്യാം. ചെടികള്‍ ഉപയോഗിച്ച ശേഷമുള്ള വെള്ളം കുഴല്‍ വഴി കുളം/ടാങ്കില്‍ ശേഖരിക്കുന്നതിനാല്‍ ഒരു തുള്ളി വെള്ളം പോലും പാഴാകുന്നില്ലെന്നതും ഈ കൃഷിരീതിയുടെ പ്രത്യേകതയാണ്.
പരിശീലനം
തൃശ്ശൂര്‍ വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാലയിലെ ഹൈ-ടെക് റിസര്‍ച്ച് അന്‍ഡ് ട്രെയിനിങ് യൂണിറ്റില്‍ ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് കൃഷിയില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. വിവരങ്ങള്‍ക്ക്: 7025498850.
കേരളത്തിന് ഏറെ സാധ്യത
അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് കൃഷിരീതികള്‍ക്ക് കേരളത്തില്‍ ഏറെ സാധ്യതകളാണുള്ളത്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് ഇത് ഒരു സ്വയംതൊഴിലായും തിരഞ്ഞെടുക്കാം.
- ഡോ. പി. സുശീല, അസോസിയേറ്റ് പ്രൊഫസര്‍ ഹൈടെക് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് യൂണിറ്റ്, കാര്‍ഷിക സര്‍വകലാശാല, തൃശ്ശൂര്‍
Content Highlights: hydroponics and aquaponics at home
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..