ചെടിയുടെ വളര്‍ച്ച ത്വരപ്പെടുത്താനും മണ്ണിന്റെ സ്വാഭാവികതയും വളക്കൂറും നിലനിര്‍ത്തുന്നതുമായ പ്രധാന വളക്കൂട്ടാണ് മണ്ണിരക്കമ്പോസ്റ്റ്. ഒരുചെടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായതെല്ലാം മണ്ണിരക്കമ്പോസ്റ്റിലുണ്ട്. മണ്ണിരക്കമ്പോസ്റ്റ് മണ്ണില്‍ ചെയ്യുന്നത് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണെന്നു നോക്കാം.

  • മണ്ണിലടങ്ങിയ രാസവളങ്ങള്‍ വലിച്ചെടുക്കാന്‍ ചെടിയെ സഹായിക്കുന്നു.
  • മണ്ണില്‍ സദാസമയം ഈര്‍പ്പം നിലനിര്‍ത്തുന്നു.
  • മണ്ണില്‍ ആവശ്യമായ വായുസഞ്ചാരം ഉറപ്പുവരുത്താനും മണ്ണിരക്കമ്പോസ്റ്റ് സഹായിക്കുന്നു.
  • പുളിരസമുള്ള മണ്ണിലെ ചെടികള്‍ക്ക് ഹാനികരമാകുന്ന അലുമിനിയം തന്മാത്രകളെ ചെടികള്‍ക്ക് ആവശ്യമുള്ളതോതിലേക്കു മാറ്റാന്‍ മണ്ണിരക്കമ്പോസ്റ്റിന് കഴിയും.
  • അന്തരീക്ഷ നൈട്രജനെ ആഗിരണം ചെയ്യുന്ന സൂക്ഷ്മാണുക്കളുടെ മണ്ണിലെ ത്വരിത വളര്‍ച്ചയ്ക്കും മണ്ണിരക്കമ്പോസ്റ്റ് സഹായിക്കുന്നു.
  • ചെടികളെയും വിളകളെയും പുഷ്ടിപ്പെടുത്തുന്ന എന്‍സൈമുകളുടെ അളവ് മണ്ണില്‍ കൂടുന്നതിന് മണ്ണിരക്കമ്പോസ്റ്റ് കാരണമാകുന്നുണ്ട്.
  • പ്രധാനപ്പെട്ട സൂക്ഷ്മമൂലകങ്ങളും ഫോസ്ഫറസും പൂര്‍ണമായ തോതില്‍ ലഭിക്കാന്‍ മണ്ണിരക്കമ്പോസ്റ്റ് ചേര്‍ത്താല്‍ മതി.
  • ചെടികളുടെ വളര്‍ച്ചയ്ക്ക് തുടക്കത്തില്‍ ആവശ്യമായ നൈട്രജന്‍, പൊട്ടാഷ്, സള്‍ഫര്‍ എന്നിവ ലഭ്യമാക്കാനും മണ്ണിരക്കമ്പോസ്റ്റിന് കഴിയും.

മണ്ണിരക്കമ്പോസ്റ്റിന്റെ അളവ്

ഓരോ ചെടിക്കും മണ്ണിര കമ്പോസ്റ്റ് ചേര്‍ക്കേണ്ടത് വ്യത്യസ്ത അളവിലാണ്. ഫല വര്‍ഗവിളകള്‍ക്ക് മരമൊന്നിന് മാസത്തില്‍ 200 ഗ്രാം, വൃക്ഷവിളകള്‍ക്ക് മാസത്തില്‍ 400 ഗ്രാം, പച്ചക്കറികള്‍ക്ക് ചെടിയൊന്നിന് മാസത്തില്‍ ഒരു തവണ 100 ഗ്രാം, ധാന്യവിളകള്‍ക്ക് ഒരു ഹെക്ടറിന് രണ്ടു ടണ്‍ എന്നിങ്ങനെയാണ് മണ്ണിര കമ്പോസ്റ്റ് ചേര്‍ക്കേണ്ടത്.

വിട്ടിലുണ്ടാക്കാം മണ്ണിരക്കമ്പോസ്റ്റ്

30 സെന്റീമീറ്ററെങ്കിലും നീളവും വീതിയും ഉയരവുമുള്ള ചട്ടിയോ, പ്ലാസ്റ്റിക്ക് പെട്ടിയോ, അടി വിസ്താരമുള്ള പാത്രമോ ഇതിനായി ഉപയോഗിക്കാം. അടിവശത്തായി രണ്ട് ദ്വാരങ്ങള്‍ ഇടണം. അടിയില്‍ യഥാക്രമം അഞ്ച്, മൂന്ന്, അഞ്ച് സെന്റീമീറ്റര്‍ എന്നിങ്ങനെ കനത്തില്‍ മണല്‍, ചകിരിച്ചോര്‍, ചാണകപ്പൊടി എന്നിങ്ങനെ വിതറുക. അതില്‍ 100-150 എണ്ണം മണ്ണിരകളെ ഇടുക. 

20 ദിവസം കഴിഞ്ഞ് അടുക്കള അവശിഷ്ടങ്ങളും ചപ്പുചവറുകളും (കടലാസ്, ഇലകള്‍  തുടങ്ങിയവ)ഇതിനുമുകളില്‍ എട്ട് ഇഞ്ചു കനം ആകുന്നതുവരെ നിരത്തുക. പെട്ടി മൂടി മാറ്റിവെച്ച് ഈര്‍പ്പം നിലനിര്‍ത്തുന്നതിനായി ദിവസവും വെള്ളം തളിച്ചു കൊടുക്കണം. 35-40 ദിവസം കഴിഞ്ഞ് പെട്ടി വെയിലത്ത് എടുത്തുവെക്കുക വെയില്‍ കൊള്ളുന്നതോടെ മണ്ണിര താഴോട്ട് പൊയ്‌ക്കൊള്ളും. അതിനുശേഷം മേലെയുള്ള കമ്പോസ്റ്റ് മാറ്റി എടുക്കാം.

പെട്ടിക്കകത്ത് പ്ലാസ്റ്റിക് കുപ്പി, പ്ലാസ്റ്റിക് എന്നിവ ഇടരുത്. എണ്ണയും എരിവുമുള്ള വസ്തുക്കള്‍ ഇടരുത്. ഇടയ്ക്കിടെ അവശിഷ്ടങ്ങള്‍ ഒരു കമ്പ് ഉപയോഗിച്ച് ഇളക്കി കൊടുക്കണം. മണ്ണിരക്കമ്പോസ്റ്റില്‍ നല്‍കുന്ന ഈര്‍പ്പം ഒലിച്ചിറങ്ങി ദ്വാരങ്ങള്‍ വഴി വരുന്ന ദ്രാവകമായ വെര്‍മിവാഷ് ഇരട്ടിവെള്ളം ചേര്‍ത്ത് ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം.

Content Highlights: How to Use Vermicompost?