പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വളര്‍ത്തു പക്ഷികളിലും മൃഗങ്ങളിലും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. അന്തരീക്ഷ താപത്തിലെ വ്യതിയാനവും ഉയര്‍ന്ന ഈര്‍പ്പവും അതുവഴി രോഗപ്രതിരോധശേഷിയിലുണ്ടാകുന്ന കുറവുമാണ് മഴക്കാലത്തെ വില്ലന്‍മാര്‍. കൂടാതെ രോഗാണുക്കള്‍ക്കും രോഗവാഹകര്‍ക്കും വളരാന്‍ അനുകൂല സാഹചര്യവും ഈ സമയത്തുണ്ടാകും. മഴക്കാലത്ത് വളര്‍ത്തു മൃഗങ്ങളില്‍ വരാന്‍ സാധ്യതയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവയാണ്
Also Read
പശു, എരുമ: ഈച്ചകള്‍ പടര്‍ത്തുന്ന മുടന്തന്‍ പനി, അകിടുവീക്കം, കുരലടപ്പന്‍, എലിപ്പനി എന്നിവയാണ് ഈ സമയത്ത് കൂടുതലായി കണ്ടുവരുന്ന സാംക്രമിക രോഗങ്ങള്‍. തീറ്റയില്‍ നിന്നും പൂപ്പല്‍ വിഷബാധയുണ്ടാകാം. പട്ടുണ്ണി പോലുള്ള ബാഹ്യപരാദങ്ങള്‍ പടര്‍ത്തുന്ന രക്തപരാദ രോഗങ്ങളുമുണ്ടാകാം. പാടത്തും പറമ്പിലും മേയാന്‍ വിടുന്നവയില്‍ പണ്ടപ്പുഴു, ഉരുളന്‍ വിരബാധ കാണപ്പെടുന്നു. ഈര്‍പ്പത്തിന്റെ ആധിക്യം ചൊറി രോഗത്തിനും കുളമ്പിന്റെ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. വ്രണങ്ങളില്‍ ഈച്ചകള്‍ മുട്ടയിട്ട് പുഴുബാധയാക്കുന്നു. വിളര്‍ച്ചയുള്ള പശുക്കള്‍ ശ്വാസകോശ പ്രശ്നങ്ങള്‍ക്ക് എളുപ്പം കീഴടങ്ങുന്നു. പച്ചപ്പുല്ലിന്റെ ജലാംശത്തിലും ഘടനയിലും ഉണ്ടാകുന്ന വ്യത്യാസം വയറിളക്കം/വയര്‍ പെരുക്കത്തിന് കാരണമാകാം.
ആട്: ഈര്‍പ്പം നിറഞ്ഞ ചുറ്റുപാട് ആടുകളെയാണ് ഏറ്റവുമധികം ബാധിക്കുന്നത്. ശ്വാസകോശ പ്രശ്നങ്ങള്‍ ആടുകള്‍ക്ക് കൂടുതലായി കണ്ടുവരുന്നു. കൂടാതെ കുരലടപ്പന്‍, കോക്സീഡിയ, പരാദ രോഗങ്ങളും അധികമായി വരാം.
പന്നി: കുരലടപ്പനും പന്നിക്കുഞ്ഞുങ്ങളില്‍ വയറിളക്കവും ശ്വാസകോശ രോഗങ്ങളുമുണ്ടാകാം. തീറ്റയില്‍ പൂപ്പല്‍ വിഷബാധയുണ്ടാകാം. പന്നികള്‍ക്ക് ഹോട്ടല്‍, ചിക്കന്‍ അവശിഷ്ടങ്ങള്‍ കരുതലോടെ നല്‍കിയില്ലെങ്കില്‍ അണുബാധയുണ്ടാകാം.
മുയല്‍: പാസ്ചുറെല്ല എന്ന ബാക്ടീരിയയും കോക്സീഡിയ എന്ന ആന്തരപരാദവും യഥാക്രമം ശ്വസന, ദഹന വ്യൂഹങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കാം.
നായ: മഴക്കാലം പാര്‍വോ രോഗകാലമാണ്. മഴയൊഴിയുന്ന സമയം എലിപ്പനി കാണപ്പെടാം. പാദങ്ങളും ചര്‍മ്മവും പലവിധ പ്രശ്നങ്ങള്‍ക്ക് അടിമപ്പെടാം. ബാഹ്യപരാദങ്ങള്‍ ചര്‍മ്മ പ്രശ്നങ്ങളും മറ്റു രോഗങ്ങളുമുണ്ടാക്കും.
ഓമനപ്പക്ഷികള്‍: വൃത്തിഹീനമായ, ഈര്‍പ്പം നിറഞ്ഞ കൂടും പരിസരവും ബാക്ടീരിയ മൂലമുള്ള വയറിളക്കത്തിനും ഫംഗസ് മൂലമുള്ള ശ്വാസകോശ രോഗങ്ങള്‍ക്കും കാരണമാകുന്നു. ആന്തര-ബാഹ്യ പരാദബാധയും ശ്രദ്ധിക്കുക.
കോഴി: തറയിലെ വിരിപ്പിലെ ഈര്‍പ്പം കോക്സീഡിയ, കുഞ്ഞുങ്ങളില്‍ ബ്രൂഡര്‍ ന്യുമോണിയം എന്നിവയുണ്ടാക്കാം. വിരിപ്പില്‍ നിന്നുണ്ടാകുന്ന അമോണിയ പ്രശ്നക്കാരനാകുന്നു. വിരബാധയും തീറ്റയിലെ പൂപ്പല്‍ വിഷബാധയും കരുതിയിരിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- മഴക്കാലം തുടങ്ങുന്നതിന് മുമ്പേ, കേടുപാടുകള്‍ മാറ്റി തൊഴുത്ത് കെട്ടുറപ്പുള്ളതും ശുചിത്വമുള്ളതുമാക്കുക
- വിരമരുന്നുകളും പ്രതിരോധ കുത്തിവെപ്പുകളും വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കൃത്യമായി നല്‍കുക
- തൊഴുത്തിലോ പരിസരത്തോ എലിശല്യം ഇല്ലാതിരിക്കുവാന്‍ ശ്രദ്ധിക്കുക. എലിയില്‍ നിന്നും പകരുന്ന എലിപ്പനി അഥവാ ലെപ്ടോസ്പൈറോസിസ് എന്ന രോഗം ഉരുക്കള്‍ക്കും കര്‍ഷകര്‍ക്കും ഒരുപോലെ മാരകമാണ്
- തൊഴുത്തിലും മേച്ചില്‍ സ്ഥലങ്ങളിലും കുടിയ്ക്കാന്‍ ശുദ്ധജലലഭ്യത ഉറപ്പാക്കുക
- തീറ്റച്ചാക്കുകള്‍ ചുമരില്‍ ചാരിവയ്ക്കാതെ മരപ്പലകയുടെയോ, ഇരുമ്പ് പലകയുടേയോ മുകളില്‍ സൂക്ഷിക്കുക. തീറ്റയില്‍ ഈര്‍പ്പം കലര്‍ന്നാല്‍ അത് മാരകമായ പൂപ്പല്‍ വിഷബാധയ്ക്ക് കാരണമാകും
- കൊതുക് മുട്ടിയിട്ട് പെരുകുന്നത് തടയാന്‍ തൊഴുത്തും പരിസരവും വൃത്തിയാക്കി വെയ്ക്കുവാനും വെള്ളക്കെട്ട് ഇല്ലാതിരിക്കുവാനും ശ്രദ്ധിക്കുക. ചാണക്കുഴികളില്‍ മഴ നേരിട്ട് വീഴാതെ മൂടിവെയ്ക്കുക.
- കുളമ്പ് ചീയല്‍, കുളമ്പിനുണ്ടാകുന്ന ക്ഷതങ്ങള്‍ എന്നിവ ഒഴിവാക്കുവാനായി വെള്ളക്കെട്ടുകളില്‍ മേയാന്‍ വിടാതിരിക്കുക
- ചെള്ള്, ഈച്ച, പേന്‍ തുടങ്ങിയ ബാഹ്യ പരാദങ്ങളെ ഒഴിവാക്കാന്‍ വിദഗ്ദോപദേശം തേടുക
- പനിയോ, ശ്വാസതടസ്സമോ, കാല്‍ മുടന്തലോ ശ്രദ്ധിയില്‍പ്പെട്ടാല്‍ വെറ്ററിനറി സഹായം തേടണം
- കോഴിക്കൂട് നിര്‍മ്മിക്കുവാനായി ഈര്‍പ്പം അധികം വരാന്‍ ഇടയില്ലാത്ത സ്ഥലം തിരഞ്ഞെടുക്കണം.
- മഴച്ചാറ്റല്‍ ഉള്ളില്‍ വീഴാതിരിക്കാന്‍ മേല്‍ക്കൂരയുടെ ചായ്വ് നീട്ടിക്കൊടുക്കണം.
- കൂടുകളുടെ തറയില്‍ വെള്ളം നനയുന്നതും ഈര്‍പ്പം തങ്ങി നില്‍ക്കുന്നതും രോഗാണുക്കളുടെ വര്‍ദ്ധനവിന് കാരണമാകും. കൂടാതെ തറയിലെ വിരിപ്പില്‍ ഈര്‍പ്പം തട്ടുമ്പോള്‍ പുറത്തു വരുന്ന അമോണിയ വാതകം കോഴിയുടെ ആരോഗ്യത്തിന് ഹാനീകരവുമാണ്. അതുകൊണ്ട് വിരിപ്പ് (ലിറ്റര്‍) ഇടയ്ക്കിടെ ഇളക്കിക്കൊടുത്ത് ഈര്‍പ്പം അകറ്റുവാന്‍ ശ്രദ്ധിക്കണം. ഇളക്കുമ്പോള്‍ കുമ്മായം 100 ചതുരശ്ര അടിയ്ക്ക് 3 കി.ഗ്രാം എന്ന തോതില്‍ ചേര്‍ത്തിളക്കുന്നത് അഭികാമ്യമാണ്. ഇത് ചുരുങ്ങിയത് രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ചെയ്യണം. നന്നായി നനഞ്ഞ വിരിപ്പ് ഉടനെ മാറ്റി പുതിയത് വിരിക്കണം.
- ജലസ്രോതസ്സുകളില്‍ രോഗാണുക്കളുള്ള മലിനജലം കലരാന്‍ ഇടയുള്ളതുകൊണ്ട് അണുനാശിനി ചേര്‍ത്ത് ശുദ്ധീകരിച്ച വെള്ളം മാത്രം കുടിക്കാന്‍ കൊടുക്കുക. ഇതിനായി ബ്ലീച്ചിംഗ് പൗഡറോ, വെള്ളം ശുചിയാക്കുന്നതിന് മാര്‍ക്കറ്റില്‍ ലഭ്യമായ മറ്റ് അണുനാശിനികളോ നിര്‍മാതാവിന്റെ നിര്‍ദ്ദേശ പ്രകാരം ചേര്‍ക്കാവുന്നതാണ്.
- മഴക്കാലത്ത് താരതമ്യേന പകല്‍ വെളിച്ചം കുറവായതുകൊണ്ട് മുട്ടക്കോഴികളില്‍ മുട്ടയുല്‍പാദനം കുറയാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ വെളിച്ചത്തിനായി ഫ്ളൂറസെന്റ് ലൈറ്റുകള്‍ ഇട്ട് ദിവസവും 16 മണിക്കൂര്‍ എന്ന തോതില്‍ വെളിച്ചം നല്‍കണം
- മഴക്കാലത്ത് കോഴിക്കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ നാലാഴ്ചകളില്‍ ചൂട്കൊടുത്ത് വളര്‍ത്തുമ്പോള്‍ ചൂട് നിലനിര്‍ത്തുന്നതിനായി ഷെഡ്ഡിന്റെ ഭാഗികമായി തുറന്ന ഭാഗങ്ങളില്‍ കര്‍ട്ടനുകള്‍ ഉപയോഗിക്കാവുന്നതാണ്.
- വിരമരുന്നുകളും, പ്രതിരോധ കുത്തിവെയ്പുകളും വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കൃത്യമായി നല്‍കണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..