കാര്‍ഷിക വിളകളെ തിന്നുനശിപ്പിക്കുന്ന പ്ലേഗ് പുഴുവിന്റെ ആക്രമണം എറണാകുളം ജില്ലയിലെ പൂത്തൃക്ക പഞ്ചായത്തില്‍ കണ്ടെത്തി. റബ്ബര്‍ വെട്ടിമാറ്റിയ തോട്ടത്തിലെ ആവരണ വിളയായ പയറിലാണ് ആദ്യമായി പുഴുക്കള്‍ കാണപ്പെട്ടത്. പിന്നീട് സമീപത്തുള്ള വീടുകളിലെ കാര്‍ഷികവിളകളിലേക്ക് അതിവേഗം പ്ലേഗ് രോഗം പോലെ പടരുകയായിരുന്നു.

ആക്രമണം

വാഴ, പച്ചക്കറികള്‍, ചേമ്പ്, ചേന, പയര്‍വര്‍ഗങ്ങള്‍, ആവണക്ക്, മരച്ചീനി, ഓര്‍ക്കിഡ്, ബോള്‍സം തുടങ്ങിയ ചെടികളെ പുഴുക്കള്‍ കൂട്ടമായി ആക്രമിച്ചു. കൂടുതല്‍ ആക്രമണം കാണപ്പെട്ടത് രാത്രി കാലങ്ങളിലാണ്. പോളി ഫാഗസ് കീടമായതിനാല്‍ ഇല, പൂക്കള്‍, കായ്കള്‍ എന്നിവയെല്ലാം ഇവ ഭക്ഷണമാക്കുന്നു.

പൂര്‍ണവളര്‍ച്ചയെത്തിയ പുഴുക്കള്‍ക്ക് ആറ് സെന്റീമീറ്റര്‍വരെ നീളമുണ്ടാകും. ഇരുണ്ട തവിട്ടു നിറമുള്ള ശരീരത്തിന്റെ വശങ്ങളില്‍ വെളുത്ത നിറത്തില്‍ നേര്‍ത്ത വരകള്‍ കാണാം. തലയ്ക്കും കാലുകള്‍ക്കും ഓറഞ്ച് നിറമാണ്. വെള്ളായണി കാര്‍ഷിക ഗവേഷണ കേന്ദ്രമാണ് പുഴുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

പല സസ്യജന്യ കീടനാശിനികളും ഉത്പാദിപ്പിക്കുന്ന മരച്ചീനി, പെരിങ്ങലം, കമ്യൂണിസ്റ്റ് പച്ച, കറിവേപ്പ് എന്നിവയെപ്പോലും ഇവ ആഹാരമാക്കിയിരുന്നു. പ്രദേശത്ത് പ്രകൃതിദത്തമായി പുഴുക്കളെ നശിപ്പിക്കുന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ ജൈവിക നിയന്ത്രണത്തില്‍ പുഴുക്കള്‍ നശിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ശരാശരി 85 ദിവസത്തെ ജീവിത ചക്രമുള്ള ഇവ സമാധി ദിശയിലെത്താറാകുമ്പോഴാണ് വീടുകളിലേക്ക് എത്തുന്നത്.

നശിപ്പിക്കാം

അഞ്ചുമുതല്‍ 10 മില്ലീലിറ്റര്‍ വേപ്പെണ്ണയും ആറ് ഗ്രാം ബാര്‍ സോപ്പും ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുകയോ വേപ്പധിഷ്ഠിത കീടനാശിനികള്‍ അഞ്ച് മില്ലി/ഒരു ലിറ്റര്‍ അനുപാതത്തില്‍ തളിക്കുകയോ ചെയ്യാവുന്നതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ആവശ്യമെങ്കില്‍ മാത്രം രാസകീടനാശിനികളായ ഫെയിം/കൊറാജന്‍/ഡെല്‍റ്റാ മെത്രിന്‍ എന്നിവ ഉപയോഗിക്കാം.

പ്ലേഗ് പുഴുക്കള്‍ മനുഷ്യനെയോ മൃഗങ്ങളെയോ നേരിട്ട് ബാധിക്കില്ല. ഇവയെക്കുറിച്ച് കൂടുതല്‍ പഠനവും നിരീക്ഷണവും ആവശ്യമാണ്. സംസ്ഥാനത്ത് ഇവ എങ്ങനെയെത്തി, ഇവയുടെ ജീവശാസ്ത്രം എന്നിവ സംബന്ധിച്ച പഠനം നടത്തിവരുകയാണ്. കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരം, ആറളം എന്നിവിടങ്ങളില്‍ ഈ കീടത്തെ കണ്ടെത്തിയിട്ടുണ്ട്. 

വിവരങ്ങള്‍ക്ക്: 9383470870.

Content Highlights: How to prevent plague worm infestation