നാര് സമൃദ്ധമായ ഭക്ഷണമാണ് മധുരക്കിഴങ്ങ്. കണ്ണുകളുടെ ആരോഗ്യസംരക്ഷണത്തിന് ഇതിലുള്ള ജീവകം എ ഉത്തമം. നിരോക്‌സീകാരകസമൃദ്ധമാകയാല്‍ വാര്‍ധക്യ സംബന്ധമായ പ്രശ്‌നങ്ങളും കുറയും. ബീറ്റാ കരോട്ടിന്‍ ചര്‍മാരോഗ്യം നിലനിര്‍ത്തും. ജീവകം ബി 6 ഹൃദയാരോഗ്യ സംരക്ഷണത്തിനും മികച്ചത്. ഇപ്പോള്‍ മധുരക്കിഴങ്ങു കൃഷി ചെയ്യാന്‍ അനുയോജ്യ കാലമാണ്.

ഇനങ്ങള്‍

തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം (സി.ടി.സി.ആര്‍.ഐ. വിവരങ്ങള്‍ക്ക്: 0471 2598551) വിളപ്പൊലിമയുള്ള ചില നല്ലയിനം മധുരക്കിഴങ്ങുകള്‍ വികസിപ്പിച്ചിട്ടുണ്ട്. ശ്രീനന്ദിനി, ശ്രീവര്‍ദ്ധിനി, ശ്രീവരുണ്‍, ശ്രീഅരുണ്‍, ശ്രീരത്‌ന, ശ്രീകനക എന്നിവയ്ക്ക് പുറമേ രണ്ടു പുതുമുഖങ്ങളും ഉണ്ട്. ഭൂകൃഷ്ണയും ഭൂസോനയും. ഇതില്‍ ഭൂകൃഷ്ണയില്‍ 100 ഗ്രാം കിഴങ്ങില്‍ 90 മില്ലി ഗ്രാം ആന്തോസയനിന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ കിഴങ്ങിന് വയലറ്റ് നിറമാണ്. ഭൂസോനയാകട്ടെ ബീറ്റാ കരോട്ടിന്‍ സമൃദ്ധവും.

കൃഷിരീതി

മൂന്നോ നാലോ മാസം മതി വിളവെടുക്കാന്‍. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തു കൃഷിചെയ്യണം. വെള്ളക്കെട്ട് പാടില്ല. 20-30 സെന്റീമീറ്റര്‍ നീളമുള്ള നാലോ അഞ്ചോ മുട്ടുകളുള്ള കരുത്തുള്ള വള്ളിക്കഷണങ്ങള്‍ ആണ് നടേണ്ടത്. വള്ളികളുടെ തലപ്പും നടുഭാഗവും നടാനെടുക്കാം. കൃഷിയിടം കിളച്ചൊരുക്കി തടമെടുത്തോ കൂന കൂട്ടിയോ വള്ളി നടാം. അടിവളം ചേര്‍ക്കല്‍ നിര്‍ബന്ധം. ഒരു സെന്റിന് 2 കിലോ കുമ്മായം ചേര്‍ക്കാം. സെന്റിന് 40 കിലോ ചാണകം അല്ലെങ്കില്‍ കമ്പോസ്റ്റ് അടിവളം ആയി ചേര്‍ക്കണം.

കൂടാതെ രാസവളങ്ങളായി ഒരു സെന്റിന് 650 ഗ്രാം യൂറിയ, ഒരു കിലോ രാജ്ഫോസ്, 500 ഗ്രാം പൊട്ടാഷ് എന്നിങ്ങനെയാണ് തോത്. ഇതില്‍ പകുതി യൂറിയയും മുഴുവന്‍ രാജ്ഫോസും മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും അടിവളമായും ബാക്കി പകുതി യൂറിയ അഞ്ചാഴ്ച കഴിഞ്ഞു മണ്ണ് കൂട്ടിക്കൊടുക്കുമ്പോഴും ചേര്‍ക്കണം. നടുമ്പോള്‍ അതിന്റെ മധ്യഭാഗത്തെ മുട്ടുകള്‍ മണ്ണില്‍ നന്നായി താഴ്ത്തിയും മുറിച്ച അഗ്രഭാഗങ്ങള്‍ പുറത്തുമായി വേണം നടാന്‍.

കൂനകളിലാണ് നടുന്നതെങ്കില്‍ കൂനകള്‍ തമ്മില്‍ രണ്ടരയടി അകലം വേണം. ഒരു കൂനയില്‍ മൂന്ന് വള്ളിക്കഷണങ്ങള്‍ വരെ നടാം. നട്ട വള്ളികള്‍ വേഗം വേര് പൊട്ടാന്‍ നനയ്ക്കണം. പ്രത്യേകിച്ച് ആദ്യ രണ്ടാഴ്ചക്കാലം. നട്ട് രണ്ടാഴ്ച കഴിഞ്ഞും അഞ്ചാഴ്ച കഴിഞ്ഞും കളനീക്കി മണ്ണ് കൂട്ടണം. ചെടികള്‍ വള്ളി നീട്ടാന്‍ തുടങ്ങുമ്പോള്‍ വള്ളികള്‍ ഒന്നിളക്കി കൊടുക്കണം. അല്ലെങ്കില്‍ എല്ലാ മുട്ടില്‍ നിന്നും വേരുകള്‍ പൊട്ടാനിടയുണ്ട്. ഇലകള്‍ മഞ്ഞളിച്ചുണങ്ങുമ്പോള്‍ വിളവെടുക്കാം.

സൂക്ഷിക്കണം

മധുരക്കിഴങ്ങിന്റെ പ്രധാന ശത്രു കിഴങ്ങുചെള്ളാണ്. കിഴങ്ങു തുളച്ചു നശിപ്പിക്കും. കമ്യൂണിസ്റ്റ് പച്ച കൊണ്ട് തടത്തില്‍ പുതയിടുന്നത് ഫലപ്രദമാണ്. ഫിഷ് അമിനോ ആസിഡ് തളിക്കുന്നത് ഗുണം ചെയ്യും. മധുരക്കിഴങ്ങിന്റെ കഷണങ്ങള്‍ തന്നെ 100 ഗ്രാമുള്ള ചെറിയ കഷണങ്ങളാക്കി മുറിച്ചു അഞ്ചുമീറ്റര്‍ അകലത്തില്‍ കൃഷിയിടത്തില്‍ വെച്ചാല്‍ അത് തന്നെ കെണികളായി മാറും. ഒരിടത്തു തന്നെ മധുരക്കിഴങ്ങു തുടരെ കൃഷി ചെയ്യാതിരിക്കുക. മൂക്കുമ്പോള്‍ ഉടനെ വിളവെടുക്കുക. വിളവെടുപ്പ് കഴിഞ്ഞ കൃഷിയിടം 48 മണിക്കൂര്‍ വെള്ളം കെട്ടിനിര്‍ത്തിയാല്‍ ചെള്ളുകളെ കുറെ നശിപ്പിക്കാം.

Content Highlights: How to Plant and Grow Sweet Potatoes