കേരളത്തില്‍ പച്ചക്കറിക്കൃഷിക്ക് അനുയോജ്യമാണ് വേനല്‍ക്കാലം. സൂര്യപ്രകാശം പൂര്‍ണമായും ലഭിക്കുന്ന ഈ സമയത്ത് ഇത് പരമാവധി പ്രയോജനപ്പെടുത്തി മുറ്റത്തൊരു പോഷകത്തോട്ടമൊരുക്കാം. മണ്ണിലാണ് കീടരോഗാണുക്കളുടെ സുഷുപ്താവസ്ഥ. അതുമനസ്സിലാക്കി സ്ഥലം ആദ്യം കിളച്ചുമറിച്ചിടണം. ഒരു നേര്‍ത്ത നനകൂടി നന്നാവും.

150 ഗേജുള്ള സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റിനകത്ത് സൂര്യതാപീകരണമേറ്റ മണ്ണാണ് കൃഷിക്ക് ഏറ്റവും അനുയോജ്യം. അല്ലെങ്കില്‍ ഒരാഴ്ചയെങ്കിലും വെയില്‍ കൊള്ളണം മണ്ണിന്റെ പുളികുറയ്ക്കാന്‍ ഒരു സെന്റിലേക്ക് രണ്ടര കിലോഗ്രാം കുമ്മായം ചേര്‍ക്കാം. കുമ്മായം ചേര്‍ത്ത് മണ്ണിളക്കി ഒരാഴ്ച നേര്‍ത്ത നനകൊടുക്കണം. പൊടിച്ച ചാണകവളമോ കമ്പോസ്റ്റോ മണ്ണിരക്കമ്പോസ്റ്റോ ശീമക്കൊന്ന പോലുള്ള പെട്ടെന്ന് അഴുകുന്ന പച്ചിലവളമോ ജൈവവളമാക്കാം. സെന്റൊന്നിന് 100 കിലോഗ്രാമെന്നതാണ് കണക്ക്. എല്ലാതരം ജൈവവളങ്ങളും യോജിപ്പിച്ചുചേര്‍ക്കുന്നതാണ് ഉത്തമം.

ചീര, വെണ്ട, പയര്‍, വഴുതന, പച്ചമുളക്, വെള്ളരി, അമര, കോവല്‍, പടവലം, പാവല്‍, കക്കിരി തുടങ്ങിയ പച്ചക്കറികള്‍ തിരഞ്ഞെടുക്കാം. വഴുതനയും പച്ചമുളകും തൈകള്‍ നടുന്നതാണ് നല്ലത്. വിത്ത് സ്യൂഡോമോണസില്‍ പുരട്ടിയോ കുതിര്‍ത്തോ നടണം. 75 മില്ലി വെള്ളത്തില്‍ 25 ഗ്രാം സ്യൂഡോമോണാസ് കലക്കി അതില്‍ 10 മണിക്കൂര്‍ കുതിര്‍ത്ത് വിത്തുനട്ടാല്‍ രോഗത്തെ പ്രതിരോധിക്കും. ആഴ്ചയിലൊരിക്കല്‍ ഒരു ടോണിക് നല്‍കണം. ഹരിതകഷായം, ജീവാമൃതം, ഫിഷ് അമിനോ ആസിഡ്, എഗ്ഗ് അമിനോ ആസിഡ് ഏതുമാകാം.

കീടങ്ങളെ അകറ്റാന്‍

മീലിമൂട്ട, വെള്ളീച്ച, ഇലപ്പേന്‍, മുഞ്ഞ, പച്ചത്തുള്ളന്‍, മണ്ഡരികള്‍ എന്നിവയാണ് പ്രധാന ശല്യക്കാര്‍. പച്ചമുളക്, തക്കാളി, വഴുതന എന്നിവയിലാണ് വെള്ളീച്ച പ്രധാനമായും ആക്രമിക്കുക. ഇലകളിലെല്ലാം കറുത്ത പൂപ്പല്‍ വളരും. പ്രായംകൂടിയ ഇലകളുടെ അടിഭാഗത്ത് കൂട്ടംകൂടി ആക്രമിക്കുന്നവയാണ് മണ്ഡരികള്‍. കോശങ്ങളുടെ നീരുറ്റിക്കുടിക്കും. ഇലകളുടെ മുകള്‍ഭാഗം വെള്ളനിറമാകുകയും പിന്നീട് മഞ്ഞളിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അരികില്‍നിന്ന് കരിഞ്ഞുവരും. പയറിലും പാവലിലുമാണ് മുഞ്ഞയുടെ ആക്രമണം. ഇലയിലും തണ്ടിലും പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കും. ഇല ചുരുളലും കരിഞ്ഞുണങ്ങലുമാണ് ഫലം.

വൈകുന്നേരങ്ങളില്‍ കൃഷിക്കുചുറ്റുമായി ചെറിയ തോതില്‍ തീയിടുന്നത് കെണിയുടെ ഫലം ചെയ്യും. നനയ്ക്കുമ്പോള്‍ ചെടിയെക്കൂടി ചേര്‍ത്ത് നനയ്ക്കാം. മഞ്ഞക്കെണിയോ നീലക്കെണിയോ വിളകളുടെ ഉയരത്തിനനുസരിച്ച് ക്രമീകരിച്ച് ആഴ്ചയിലൊരിക്കല്‍ ഗ്രീസ് പുരട്ടി വെക്കണം. വേപ്പെണ്ണ വെളുത്തുള്ളി എമല്‍ഷന്‍ ഇലകളുടെ അടിയില്‍ പതിക്കത്തക്ക രീതിയില്‍ തളിക്കുന്നത് നീരുറ്റിക്കുടിക്കുന്നവയെ നശിപ്പിക്കും. 

പത്തുദിവസത്തിലൊരിക്കല്‍ 20 ഗ്രാം വെര്‍ട്ടിസിലിയം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നത് ഏറ്റവും നല്ല ജൈവനിയന്ത്രണ മാര്‍ഗം. ബോറാക്‌സ് രണ്ടുഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കുന്നതും ഗുണംചെയ്യും.

Content Highlights: How to Organize Your Backyard Vegetable Garden