ഇഗ്വാന | ഫോട്ടോ:മാതൃഭൂമി
കാണാനഴകേറെ. കൂട്ടുകൂടാന്‍ കൊതിയും കാട്ടുന്നു. കുഞ്ഞായിരിക്കുമ്പോള്‍ ഓന്തിനെയും ഉടുമ്പിനെയുമൊക്കെപ്പോലിരിക്കുന്ന ഇവന്‍ ആറടിയോളം വളരും. പറഞ്ഞുവരുന്നത് ഇഗ്വാനയെക്കുറിച്ചാണ്. വിദേശിയാണെങ്കിലും ഇപ്പോള്‍ നമ്മുടെ നാട്ടിലെയും അരുമസ്‌നേഹികളുടെ ഇഷ്ടതാരമാണീ കുഞ്ഞന്‍ 'ദിനോസര്‍'. വേഗം ഇണങ്ങുന്ന പ്രകൃതവും ഇവയെ ആകര്‍ഷകമാക്കുന്നു. സസ്യഭുക്കായതിനാല്‍ പോറ്റാനും ചെലവ് കുറവാണ്. 50 മുതല്‍ 70 വര്‍ഷം വരെ ആയുസ്സുമുണ്ട്. പ്രധാനമായും തെക്കേ അമേരിക്കന്‍ രാജ്യങ്ങളായ മെക്‌സിക്കോയും ബ്രസീലും അര്‍ജന്റീനയും കരീബിയന്‍ ദ്വീപുകളുമാണ് ഉരഗവര്‍ഗത്തില്‍പ്പെട്ട ഇവയുടെ സ്വദേശം.
Also Read
വിവിധ നിറങ്ങളില്‍
പച്ച, ചുവപ്പ്, മഞ്ഞ, നീല തുടങ്ങിയ നിറങ്ങളില്‍ ഇഗ്വാനകളുണ്ട്. രണ്ടോ മൂന്നോ മാസം പ്രായമുള്ള പച്ച ഇഗ്വാനയ്ക്ക് 8000 മുതല്‍ 10,000 രൂപ വരെയാണ് വില. മറ്റു നിറങ്ങളിലുള്ളവയ്ക്ക് 15,000 മുതല്‍ 40,000 രൂപവരെ വിലയുണ്ട്.
തൊട്ടുതലോടണം
ഇവ മെരുങ്ങാന്‍ വെറും രണ്ടാഴ്ച മതി. പക്ഷേ, ഒരു 'ഉപാധി'യുണ്ട്; ഇവയെ ദിവസവും എടുത്ത് തലോടണം. അങ്ങോട്ട് സ്‌നേഹം കാട്ടിയാല്‍ ഇങ്ങോട്ടുമുണ്ട് എന്നതാണ് ഇഗ്വാനയുടെ നയം. എടുക്കാനും മടിയില്‍വെച്ച് ലാളിക്കാനുമൊക്കെ ഇഷ്ടപ്പെടുന്ന ജീവിയാണ് ഇഗ്വാന. ആദ്യമൊക്കെ ഭക്ഷണം കഴിക്കാന്‍ മടിക്കും. പക്ഷേ, പരിചയമാകുമ്പോള്‍ അതെല്ലാം മാറും. മുറിഞ്ഞുപോകാന്‍ സാധ്യതയുള്ളതിനാല്‍ വാല് ബലമായി പിടിക്കരുത്.

ഭക്ഷണം
പൂര്‍ണ സസ്യഭുക്കായ ഇഗ്വാന മല്ലിച്ചപ്പ്, മുരിങ്ങയില, ചീര, മത്തന്‍, ചെമ്പരത്തി ഇലയും പൂവും, കാരറ്റ് എന്നിവയൊക്കെയാണ് തിന്നുക. ചെമ്പരത്തിപ്പൂവാണ് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം. ഇഗ്വാനയ്ക്ക് കൊടുക്കുന്ന പോഷകമൂല്യമുള്ള തീറ്റകള്‍ ഓണ്‍ലൈനിലും ലഭിക്കും. എങ്കിലും അവയില്ലാതെയും നന്നായി വളരും. ശീതരക്തജീവിയായ ഇഗ്വാനയുടെത് ചൂട് ഇഷ്ടപ്പെടുന്ന പ്രകൃതമാണ്. ചൂട് കിട്ടുന്ന സ്ഥലത്ത് കൂടുവെക്കാന്‍ ശ്രദ്ധിക്കണം. വെയിലേല്‍ക്കാനും അവസരമൊരുക്കണം. ഇഗ്വാനയെ വളര്‍ത്താന്‍ നമ്മുടെ നാട്ടിലും പ്രിയം കൂടിവരികയാണെന്ന് പയ്യാമ്പലത്തെ 'പോസ് എന്‍ പെറ്റല്‍സ്' ജീവനക്കാരന്‍ അജിത്ത് കുമാര്‍ പറഞ്ഞു.
ഒട്ടേറെ മുട്ടകള്‍
രണ്ടരവയസ്സാണ് മുട്ടയിടാനുള്ള പ്രായം. 25 മുതല്‍ 65 വരെ മുട്ടകളിടും. മണലിലോ അതുപോലുള്ള വസ്തുക്കളിലോ ആണ് മുട്ടയിടുക. കൂട്ടില്‍ മണലിട്ടുകൊടുക്കണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..