കോട്ടായി വലിയപറമ്പിൽ മേലേവീട് രാമകൃഷ്ണന്റെ കൃഷിയിടത്തിൽ തെങ്ങിൻപട്ട ഉപയോഗിച്ചുള്ള കുമ്പളങ്ങക്കൃഷി
കുമ്പളങ്ങ കൃഷിയിറക്കണമെന്ന ആശ കലശലായപ്പോള്‍ രാമകൃഷ്ണന്റെ മുന്നിലെ പ്രധാനപ്രശ്‌നം അതിനായി തൂണുകളില്‍ ഒരുക്കേണ്ട കമ്പിവലയുടെ ചെലവായിരുന്നു. പരിഹാരമെന്തെന്നുള്ള ചിന്തയ്‌ക്കൊടുവില്‍ രാമകൃഷ്ണനു മുന്നില്‍ തെളിഞ്ഞ ആശയം പച്ചക്കറി കൃഷിക്കാര്‍ക്കിടയില്‍ വൈറലായി. അതാണ് തെങ്ങിന്‍പട്ടയിലെ കുമ്പളങ്ങക്കൃഷി.
20 സെന്റ് കൃഷിയിടത്തില്‍ നിരത്തിയിട്ട ഉണങ്ങിയ തെങ്ങോലകളില്‍ ഇപ്പോള്‍ നിറയെ കുമ്പളങ്ങ വിരിയുകയാണ്. രാമകൃഷ്ണന്റെ മനസ്സില്‍ പരീക്ഷണ ആശയംതന്നെ വിജയിച്ചതിന്റെ സന്തോഷവും.
തമിഴ്‌നാട്ടില്‍ വ്യാവസായികാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ നടത്തുന്ന കുമ്പളങ്ങക്കൃഷി പന്തലിടാതെത്തന്നെ സംസ്ഥാനത്ത് നടപ്പാക്കി വിജയിപ്പിച്ചിരിക്കുകയാണ് പാലക്കാട്, കോട്ടായി വലിയപറമ്പ് മേലേവീട്ടില്‍ എം.എന്‍. രാമകൃഷ്ണന്‍. വീട്ടിലെ ആവശ്യത്തിന് മാത്രമല്ല, വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ തെങ്ങോലകള്‍ക്കുമുകളില്‍ കുമ്പളങ്ങക്കൃഷി നടത്തി.
തെങ്ങോലകള്‍ പറമ്പില്‍ വിരിച്ച് ഇടയില്‍ കുമ്പളങ്ങവിത്ത് പാകിയുള്ള കൃഷിയില്‍ പറമ്പില്‍ കളവരില്ലെന്നത് കൃഷിച്ചെലവും കുറയ്ക്കുന്നു. കൂടാതെ മണ്ണിലെ ജലാംശം നിലനിര്‍ത്തുന്ന പുതപ്പായും തെങ്ങിന്‍പട്ടകള്‍ ഉപയോഗിക്കാം.
'20 സെന്റില്‍നിന്ന് ഏഴ് ടണ്‍ വിളവാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. രണ്ടരക്കിലോ തൂക്കമെത്തുമ്പോള്‍ തന്നെ കുമ്പളങ്ങ വിളവെടുക്കണം. ഇല്ലെങ്കില്‍ ചെടിയില്‍ പുതിയത് വിരിയില്ല.' -രാമകൃഷ്ണന്‍ പറയുന്നു.
വിവിധതരത്തിലുള്ള വാഴകള്‍, ചീര, വഴുതന, പയര്‍ തുടങ്ങിയവയും രാമകൃഷ്ണന്റെ രണ്ടരയേക്കര്‍ കൃഷിയിടത്തിലുണ്ട്. 2019-ലെ കൃഷിവകുപ്പിന്റെ മുറ്റത്തൊരുമുറം പച്ചക്കറി പദ്ധതിയിലെ ജില്ലാതല അവാര്‍ഡ് രാമകൃഷ്ണനായിരുന്നു.
ജില്ലാതലത്തില്‍ പഴം-പച്ചക്കറി കര്‍ഷകനുള്ള 2007-ലെ വി.എഫ്.പി.സി.കെ. അവാര്‍ഡും രാമകൃഷ്ണനായിരുന്നു.
Content Highlights: How To Grow Winter Melon Or Ash Gourd with out pantal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..