പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി
കേരളത്തില്‍ അധികമായി മഴലഭിച്ച സ്ഥലങ്ങളില്‍ തെങ്ങിന്‍തടങ്ങളില്‍ ജലം കെട്ടിക്കിടക്കാന്‍ സാധ്യതയുണ്ട്. വേരോട്ടം, ജലാഗിരണശേഷി, മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം എന്നിവയെ വെള്ളക്കെട്ട് പ്രതികൂലമായി ബാധിക്കും. നൈട്രജന്‍, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ നഷ്ടമാകും. കൂടാതെ, വിവിധ കുമിള്‍രോഗങ്ങളും കീടങ്ങളും ബാധിക്കാന്‍ സാധ്യതയുണ്ട്. തടങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകാതെ സൂക്ഷിക്കണം. മഴലഭിച്ച പ്രദേശങ്ങളില്‍ ഇടയിളക്കല്‍ നടത്തുന്നത് തെങ്ങുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
നഴ്സറി പരിപാലനം
മഴപെയ്തു അന്തരീക്ഷത്തിന് ചൂട് കുറയുന്നതിനാല്‍ നഴ്സറികളില്‍ നന നിര്‍ത്താവുന്നതാണ്. വേനല്‍ തുടരുന്നെങ്കില്‍ രണ്ടുദിവസത്തിലൊരിക്കല്‍ നനയ്ക്കുകയും തൈകള്‍ക്ക് തണല്‍ കൊടുക്കുകയും വേണം. പുതിയ തെങ്ങിന് തൈകളും അടിത്തൈകളും വെക്കുന്നതിന് ഉദ്ദേശിക്കുന്നസ്ഥലത്ത് മേയില്‍ ഒരുമീറ്റര്വീതം നീളം, വീതി, ആഴം എന്ന അളവില്‍ കുഴികള്‍ എടുക്കാവുന്നതാണ്.
വളപ്രയോഗം
കനത്തമഴ ലഭിച്ചശേഷം തടം തുറന്ന് ഒരു തെങ്ങിന് ഒരു കിലോഗ്രാംവീതം കുമ്മായം/ഡോളോമൈറ്റ് തടത്തില്‍ വിതറണം. കേരളത്തില്‍ കൂടുതലും അമ്ലത്വമുള്ള മണ്ണായതിനാല്‍ ഇത് ആവശ്യമാണ്. തെങ്ങിന്റെ ചുവട്ടില്‍നിന്ന് 1.8 മീറ്റര്‍ ചുറ്റളവിലാണ് തടം തുറക്കേണ്ടത്.
ജൈവവളം
തെങ്ങിന് ആവശ്യമായ മൂലകങ്ങള്‍ നല്‍കാനും മണ്ണിലെ ഭൗതികഗുണങ്ങള്‍ മെച്ചപ്പെടുത്താനും ജലവും മൂലകങ്ങളും സംരക്ഷിക്കാനും സൂക്ഷ്മമൂലകങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും സൂക്ഷ്മജീവികളുടെ വളര്‍ച്ച ത്വരപ്പെടുത്താനും തെങ്ങിന് ജൈവവളം വര്‍ഷം തോറും ചേര്‍ക്കണം. കുമ്മായംചേര്ത്ത് രണ്ടാഴ്ച കഴിഞ്ഞ് ഇവ ചേര്‍ക്കാം. ഉണക്കിപ്പൊടിച്ച ചാണകം, വേപ്പിന്‍പിണ്ണാക്ക്, കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക്, എല്ലുപൊടി, വീട്ടിലുണ്ടാക്കിയ ചാരം മുതലായവ നല്‍കാവുന്നതാണ്.
രാസവളം
വേനല്‍മഴ ആവശ്യത്തിന് ലഭിച്ചുകഴിഞ്ഞ് കാലവര്‍ഷം നേരത്തേ ആരംഭിക്കുകയാണെങ്കില്‍ മഴയെ ആശ്രയിച്ചുള്ള കൃഷിയില്‍ ശുപാര്‍ശചെയ്തിരിക്കുന്ന രാസവളത്തിന്റെ മൂന്നിലൊരു ഭാഗം മേയ് അവസാനത്തോടെ ചേര്‍ത്തു കൊടുക്കാവുന്നതാണ്. ശരാശരി പരിപാലനം നല്കുന്ന തെങ്ങുകള്‍ക്ക് 250 ഗ്രാം യൂറിയ, 280 ഗ്രാം രാജ്ഫോസ്, 380 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കണം. നല്ല പരിചരണമുള്ള, കായ്ഫലം ലഭിക്കുന്ന തെങ്ങുകള്‍, സങ്കരയിനം തെങ്ങുകള്‍, അത്യുത്പാദനശേഷിയുള്ള തെങ്ങുകള്‍ എന്നിവയ്ക്ക് 360 ഗ്രാം യൂറിയ, 550 ഗ്രാം രാജ്ഫോസ്, 670 ഗ്രാം പൊട്ടാഷ് എന്നിവ തടത്തില്‍ നല്‍കണം.
തെങ്ങിന്റെ മണ്ട വൃത്തിയാക്കല്‍ ഓലക്കവിളുകളില്‍ മണ്ണ്-വേപ്പിന് പിണ്ണാക്ക് മിശ്രിതം നിറയ്ക്കല്‍, ഒരുശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കല്‍, തോട്ടത്തില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കല്‍ മുതലായവ കാലവര്‍ഷം ആരംഭിക്കുന്നതിനുമുമ്പേ സ്വീകരിക്കേണ്ട പ്രതിരോധനടപടികളാണ്. കാലവര്‍ഷാരംഭത്തോടെ ഉണ്ടാകുന്ന രോഗകീട ആക്രമണങ്ങളെ നിയന്ത്രിക്കാന്‍ ഈ മുന്നൊരുക്കങ്ങള്‍ സഹായിക്കും. കുറഞ്ഞ അന്തരീക്ഷതാപനിലയും കൂടിയ ആര്‍ദ്രതയും കുമിള്രോഗവ്യാപനത്തിന് അനുകൂലഘടകമാണ്.
കൂമ്പ് ചീയല്‍
തൈകളുടെ കൂമ്പോല മഞ്ഞനിറത്തില്‍ ആവുകയും പതുക്കെ വലിച്ചാല്ത്തന്നെ ഊരിവരുകയും ചെയ്യുന്നു. വളര്‍ച്ചയെത്തിയ തെങ്ങുകളില്‍ കൂമ്പോലയുടെ നിറം മഞ്ഞ ആകുകയും കടഭാഗത്തുവെച്ച് ഒടിഞ്ഞുതൂങ്ങുകയും ചെയ്യുന്നു. പ്രാരംഭദശയില്‍ത്തന്നെ രോഗം കണ്ടുപിടിച്ചില്ലെങ്കില്‍ തെങ്ങു നശിച്ചുപോകും.
നിയന്ത്രണം
തെങ്ങുകളുടെ മണ്ട കൃത്യമായി വൃത്തിയാക്കി ഒരുശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം മഴക്കാലത്തിനുമുമ്പ് തളിക്കണം. 40 ദിവസങ്ങള്‍ കഴിഞ്ഞ് ഇത് ആവര്‍ത്തിക്കണം. മണ്ടയിലെ അഴുകിയഭാഗങ്ങള് ചെത്തിമാറ്റി ബോര്‍ഡോക്കുഴമ്പ് തേച്ച് പുതിയ കാമ്പ് വരുന്നതുവരെ മഴകൊള്ളാതെ സൂക്ഷിക്കണം. ട്രൈക്കോഡര്‍മചേര്‍ത്ത് സമ്പുഷ്ടീകരിച്ച ചകിരിച്ചോറ് കട്ട രണ്ടെണ്ണംവീതം മഴക്കാലത്തിനു മുമ്പ് നാമ്പോലയുടെ കവിളില്വെക്കുക.
തെങ്ങിനെക്കുറിച്ച് അറിയാന്‍ ബന്ധപ്പെടേണ്ട നമ്പര്‍ : 0471 2400621, 9446283898
Content Highlights: How to Grow and Care for Coconut tree
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..