രുകാലത്ത് സര്‍ബത്തുംകായ എന്ന് പുച്ഛിച്ചുതള്ളിയിടത്തുനിന്നും ഹൈ വാല്യൂ ഫ്രൂട്ട് എന്ന ഗണത്തിലേക്ക് മേയ്ക്ക് ഓവര്‍ ചെയ്ത് തിരിച്ചെത്തിയവളാണ് പാഷന്‍ ഫ്രൂട്ട്. നമ്മുടെ കാലാവസ്ഥയില്‍ വളരെ നന്നായി വളരുകയും ഒരുപാട് ശ്രദ്ധകൊടുക്കാതെതന്നെ നല്ല ഉത്പാദനം നല്‍കാനും പാഷന്‍ ഫ്രൂട്ടിന് കഴിയും. ഒപ്പം ജീവിതശൈലീ രോഗങ്ങളെ ചെറുത്തുതോല്‍പ്പിക്കാനുള്ള കഴിവുംകൂടിയാകുമ്പേള്‍ പാഷന്‍ ഫ്രൂട്ട് നമ്മുടെ ഏറ്റവും പ്രിയങ്കരിയായ പഴവര്‍ഗമാകുന്നു.

ഇനങ്ങള്‍

വള്ളിയായി പടര്‍ന്നുകയറുന്ന പാഷന്‍ ഫ്രൂട്ടിന് നല്ലൊരു പന്തല്‍ ഒരുക്കാന്‍ സാധിച്ചാല്‍ പാതി വിജയമായി എന്നു പറയണം. ഇതിനായി മുറ്റത്തൊരു പന്തല്‍ ഒരുക്കാം അല്ലെങ്കില്‍ ടെറസില്‍ പന്തലിട്ട് പടര്‍ത്താം. വീടിനകത്ത് നല്ല തണുപ്പു കിട്ടാനും വീട്ടുകാരുടെ ആരോഗ്യം കാക്കാനും പാഷന്‍ ഫ്രൂട്ടിന് കഴിയും. വെള്ളം കെട്ടിനില്‍ക്കാത്ത ഏതു മണ്ണും പാഷന്‍ ഫ്രൂട്ടിന്റെ വളര്‍ച്ചയ്ക്ക് ഉത്തമം. സാമാന്യം ഈര്‍പ്പവും കുമ്മായവും മിതമായ അളവില്‍ ജൈവാംശവുമുണ്ടെങ്കില്‍ പാഷന്‍ ഫ്രൂട്ട് തഴച്ചുവളരും.

മഞ്ഞനിറത്തിലും പര്‍പ്പിള്‍ നിറത്തിലുമുള്ള ഇനങ്ങളാണ് നിലവിലുള്ളത്. നല്ല മൂപ്പുള്ള ചെടിയുടെ വള്ളിയില്‍ ശക്തമായ മുകുളങ്ങള്‍ ഉണ്ടെങ്കില്‍ മുറിച്ചുനടാന്‍ ഉപയോഗിക്കാം. വിത്തു മുളച്ചുവരുന്ന തൈകളെക്കാളും വളരേ മുമ്പുതന്നെ വള്ളി മുറിച്ചുനട്ട തൈകള്‍ കായ്ക്കുമെന്നതാണ് പ്രത്യേകത. ഒരടി നീളവും അഞ്ച് ഇലകളും നടാന്‍ ഉപയോഗിക്കുന്ന വള്ളിക്കഷണത്തിനുണ്ടാവണം. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്ത് അര കിലോഗ്രാം കുമ്മായം ചേര്‍ത്ത് മണ്ണുമായി ഇളക്കിച്ചേര്‍ക്കണം. 

രണ്ടാഴ്ചയ്ക്കുശേഷം 10 കിലോഗ്രാം ചാണകവളവും മേല്‍മണ്ണും ചേര്‍ത്ത് കുഴി നിറച്ച് ഒരു മാസം വെച്ചതിനുശേഷം നടുന്നതാണ് പാഷന്‍ ഫ്രൂട്ട് തഴച്ചുവളരാന്‍ നല്ലത്. പുതുതായി ഉണ്ടാകുന്ന വള്ളികളിലാണ് കായ പിടിക്കുന്നത്. 100 ഗ്രാം പൊട്ടാഷും 30 ഗ്രാം ബോറാക്സും വര്‍ഷത്തില്‍ രണ്ടു തവണയായി ചേര്‍ത്തുകൊടുത്താല്‍ കായ പൊഴിച്ചിലും കാമ്പില്ലാത്ത പഴങ്ങളുണ്ടാകുന്നത് തടയാനും കഴിയും. പഴയ വള്ളികള്‍ പ്രൂണ്‍ ചെയ്താല്‍ പുതിയ തലപ്പുകള്‍ ഉണ്ടാകുകയും കായപിടിത്തം കൂടുകയും ചെയ്യും.

ഗുണങ്ങള്‍

പാസിഫ്ളോറ എഡുലിസ് എന്ന ശാസ്ത്രനാമമുള്ള പാഷന്‍ ഫ്രൂട്ട് പാസിഫ്ളോറേസ്യേ കുടുംബാംഗമാണ്. ഇതിലടങ്ങിയിരിക്കുന്ന പാസിഫ്ളോറിന്‍ ആണ് ടെന്‍ഷന്‍ അകറ്റാന്‍ ഉപയോഗിക്കുന്ന മരുന്നിലെ പ്രധാന ഘടകം. ധാരാളം നാരുകളും ചെറിയ കലോറിയും അമിത വണ്ണക്കാരുടെ സഹായത്തിനെത്തുമ്പോള്‍ ഗ്ലൈസീമിക് ഇന്‍ഡക്സ് താഴ്ന്ന ലെവലിലുള്ളത് പ്രമേഹക്കാര്‍ക്ക് തുണയാകുന്നു. കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ കലവറയാണ് പാഷന്‍ ഫ്രൂട്ട്. രോഗപ്രതിരോധശേഷി കൂട്ടാനുള്ള പ്രത്യേക കഴിവും ഇതിനുണ്ട്.

വിളവെടുക്കാം

നമ്മുടെ കാലാവസ്ഥയില്‍ മഴ തുടങ്ങിയശേഷമാണ് വിളവ് കൂടുന്നത്. അതായത് മേയ് മുതല്‍ നവംബര്‍വരെ നന്നായി വളം ചെയ്യുകയും നനയ്ക്കുകയും ചെയ്യുകയാണെങ്കില്‍ ഒരു വര്‍ഷം ശരാശരി 200-250 പഴങ്ങള്‍വരെ ലഭിക്കും. ജാം, ജെല്ലി, സ്‌ക്വാഷ്, ചമ്മന്തി എന്നിവ ഉണ്ടാക്കാന്‍ പാഷന്‍ ഫ്രൂട്ട് ഉപയോഗിക്കാം. നല്ല മൂത്ത പാഷന്‍ ഫ്രൂട്ട് തോട് അടക്കം വറ്റല്‍ മുളകും തേങ്ങയും ചേര്‍ത്തരച്ച ചമ്മന്തി, ചമ്മന്തികളുടെ കൂട്ടത്തിലെ പോഷകരാജാവാണ്. 

പഴുത്ത പാഷന്‍ ഫ്രൂട്ടിന്റെ കാമ്പും തേനും ചേര്‍ത്ത് കഴിക്കുന്നത് അമൃതിന് തുല്യമാണെന്നും പറയാം. പാഷന്‍ ഫ്രൂട്ടിന്റെ തോട് ആവികയറ്റിയതിനുശേഷം മിക്സിയില്‍ അരച്ചെടുക്കുക. ഒരു കിലോഗ്രാം ഇങ്ങനെ ഉണ്ടാക്കിയ പള്‍പ്പും 300 മില്ലി പാഷന്‍ ഫ്രൂട്ട് ജ്യൂസും ഒരു കിലോഗ്രാം പഞ്ചസാരയും ചേര്‍ത്ത് അടുപ്പത്ത് വെച്ചിളക്കിയാല്‍ ഒന്നാംതരം ജാം തയ്യാറാക്കാം.

വിവരങ്ങള്‍ക്ക് : 9446071460

Content Highlights:  How to get get high yields from passion fruits