രാസകീട-കുമിള്‍നാശിനികള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്ന രീതിയാണ് സസ്യസംരക്ഷണത്തിന് സ്വീകരിക്കുന്നത്. രാസപദാര്‍ഥങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം മിത്രപ്രാണികളുടെ വംശനാശത്തിലേക്ക് നയിക്കുന്നു. മിത്രപ്രാണികളുടെ അഭാവത്തില്‍ ശത്രുപ്രാണികള്‍ ക്രമാതീതമായി വര്‍ധിക്കുകയും അപ്രധാനകീടങ്ങള്‍ പ്രധാനകീടങ്ങളായി മാറുകയുംചെയ്യുന്നു.

രാസരഹിത കീടനിയന്ത്രണം

മിത്രകീടങ്ങള്‍, പരാദങ്ങള്‍, കുമിളുകള്‍, വൈറസുകള്‍, കെണിവിളകള്‍, ഫെറമോണ്‍ കെണികള്‍ എന്നിങ്ങനെയുള്ള വിവിധ രാസരഹിത കീടനിയന്ത്രണമാര്‍ഗങ്ങള്‍ ഉപയോഗിച്ച് കീടനിയന്ത്രണം സാധ്യമാക്കാം. കൃഷിയിട ശുചിത്വം, വിളപരിക്രമം, നിലമൊരുക്കല്‍, പ്രതിരോധശേഷിയുള്ള ഇനങ്ങള്‍, തടം ചൂടല്‍, വെള്ളം കെട്ടിനിര്‍ത്തല്‍ തുടങ്ങിയ വിളപരിപാലന മുറകളും കീടനിയന്ത്രണത്തിന് കരുത്തേകും.

മിത്രപ്രാണികള്‍

ശത്രുപ്രാണികളുടെ വംശവര്‍ധന തടയാന്‍ സഹായിക്കുന്ന അനേകം ചിലന്തികള്‍, വണ്ടുകള്‍, ചാഴികള്‍, തുമ്പികള്‍, പരാദങ്ങളായ കടന്നല്‍ വര്‍ഗത്തില്‍പ്പെട്ട പ്രാണികള്‍ എന്നിവയുണ്ട്. ഈ മിത്രപ്രാണികള്‍ കൂടുതലായിക്കാണുന്ന സ്ഥലങ്ങളില്‍നിന്നും അവയെ ശേഖരിച്ച് കൃഷിയിടങ്ങളില്‍ വിടാം. പരാദങ്ങളുടെ ആക്രമണത്തിനുവിധേയമായ ശത്രുകീടങ്ങളുടെ വിവിധ ദശകള്‍ ശേഖരിച്ച് അവയില്‍നിന്ന് വിരിഞ്ഞിറങ്ങുന്ന പരാദങ്ങളെ വീണ്ടും കൃഷിയിടത്തില്‍ വിടാം.

ജൈവകീടനാശിനികള്‍

ജൈവകീടനാശിനികളായ വേപ്പെണ്ണ എമല്‍ഷന്‍, ആവണക്കെണ്ണ-വേപ്പെണ്ണ മിശ്രിത എമല്‍ഷന്‍, നാറ്റപ്പൂച്ചെടിച്ചാറ്, കിരിയാത്തുചാറ്, ഗോമൂത്രം-കാന്താരിമുളക് മിശ്രിതം, വെളുത്തുള്ളിച്ചാറ് എന്നിവയുടെയും ചില കീടങ്ങളെ കുടുക്കാന്‍ സഹായിക്കുന്ന മഞ്ഞക്കെണി, തുളസിക്കെണി, പഴക്കെണി, കഞ്ഞിവെള്ളക്കെണി, ശര്‍ക്കരക്കെണി, മീന്‍കെണി തുടങ്ങിയവയുടെയും ഉപയോഗം മിത്രകീടങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തി കീടനിയന്ത്രണം ഫലപ്രദമാക്കാന്‍ സഹായിക്കും. ട്രൈക്കോഡെര്‍മ പോലുള്ള ഫംഗസുകള്‍ കുമിള്‍രോഗനിയന്ത്രണത്തിനും ബാസിലസ് തുറിഞ്ചിയന്‍സിസ് എന്ന ബാക്ടീരിയയെ ശത്രുപ്പുഴുക്കളുടെ നിയന്ത്രണത്തിനും ഉപയോഗിക്കാം. പയറിലെ ഏഫിഡിന്റെ (മുഞ്ഞ) നിയന്ത്രണത്തിന് ഫലംചെയ്യുന്ന കുമിളാണ് ഫൂസേറിയം പാലിഡോറോസിയം.

പച്ചക്കറിക്കൃഷിയിലെ സംയോജിത കീടനിയന്ത്രണമാര്‍ഗങ്ങള്‍

 • വിളകള്‍ മാറ്റിമാറ്റി കൃഷിചെയ്യുക.
 • കാലംതെറ്റിയുള്ള കൃഷിരീതികള്‍ ഒഴിവാക്കണം.
 • മിശ്രവിളക്കൃഷി സമ്പ്രദായം അനുവര്‍ത്തിക്കാം.
 • കീടപ്രതിരോധശക്തിയുള്ള മുന്തിയ ഇനങ്ങളും നാടന്‍ ഇനങ്ങളും ഉപയോഗിക്കാം.
 • മണ്ണില്‍ കുമ്മായം ചേര്‍ത്ത് അമ്ലത കുറച്ച്, എല്ലാ മൂലകങ്ങളുടെയും ആഗിരണം സാധ്യമാക്കുകയും കോശങ്ങള്‍ക്ക് ദൃഢത കൊടുത്ത് കീടങ്ങളെ തടയുക.
 • മണ്ണിന്റെ ജൈവാംശം വര്‍ധിപ്പിച്ച് സസ്യങ്ങള്‍ക്ക് ആരോഗ്യം ഉറപ്പുവരുത്തുക. മണ്ണില്‍ പുതയിട്ടും ആവശ്യത്തിന് നന കൊടുത്തും ഈര്‍പ്പം നിലനിര്‍ത്തി ചെടികളെ ആരോഗ്യപരമായി പരിപാലിക്കാം.
 • ചെടികളുടെ വളര്‍ച്ചയും കീടരോഗബാധയും കൃത്യമായി നിരീക്ഷിക്കുക.
 • അധികം ചലനശേഷിയില്ലാത്ത കീടങ്ങളെ നശിപ്പിക്കുക.
 • പച്ചക്കറികള്‍ കൃഷിചെയ്യുമ്പോള്‍ (റാഡിഷ്, ബീന്‍സ്, കാരറ്റ്, തക്കാളി) ഇടയില്‍ രൂക്ഷഗന്ധമുള്ള സസ്യങ്ങളായ ഉള്ളിയും വെളുത്തുള്ളിയും കൃഷിചെയ്യാം. രൂക്ഷഗന്ധമുള്ള സസ്യങ്ങളെ ഇടയ്ക്ക് നട്ട് കീടങ്ങളെ തടയാം. പ്രധാന വിളകള്‍ക്കുചുറ്റും കീടങ്ങള്‍ക്കു താത്പര്യമുള്ള മറ്റുവിളകളെ വളര്‍ത്തി പ്രധാന വിളയിലേക്ക് കീടങ്ങള്‍ വരുന്നത് കുറയ്ക്കുക. ഉദാഹരണമായി, തക്കാളിക്കുചുറ്റും ചോളം നട്ടാല്‍ വൈറസ് വാഹകരായ വെള്ളീച്ച വരുന്നത് തടയാം. വെള്ളരിവര്‍ഗവിളകള്‍ ചെറുതായിരിക്കുമ്പോള്‍ ഒപ്പം മുതിര വളര്‍ത്തിയാല്‍ മത്തന്‍ വണ്ടുകളുടെ ഉപദ്രവം കുറയ്ക്കാം.
 • വെണ്ട, വഴുതിന തുടങ്ങിയ വിളകളുടെ മൃദുല കോശങ്ങള്‍ക്കുള്ളില്‍ കയറിയിരിക്കുന്ന തണ്ടുതുരപ്പന്‍ പുഴുക്കളെ ആക്രമിച്ച ഭാഗത്തിനു താഴെവെച്ച് തണ്ടുമുറിച്ച് മാറ്റി നശിപ്പിക്കണം
 • പ്രകാശത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന പ്രാണികളെ (തണ്ടുതുരപ്പന്റെ ശലഭങ്ങള്‍, മുഞ്ഞ, പച്ചത്തുള്ളന്‍ മുതലായവ) വിളക്കുകെണിയുപയോഗിച്ച് നശിപ്പിക്കുക.
 • പച്ചത്തുള്ളന്‍, വെള്ളീച്ച എന്നിവയെ ആകര്‍ഷിച്ചുനശിപ്പിക്കാന്‍ മഞ്ഞക്കെണി ഉപയോഗിക്കാം. മഞ്ഞ പെയിന്റടിച്ച തകരപ്പാട്ടയോ ടിന്നോ പ്ലാസ്റ്റിക് നാടയോ എണ്ണയോ ഗ്രീസോ പുരട്ടി ഇതിനുപയോഗിക്കാം.
 • കായീച്ചയില്‍നിന്ന് വെള്ളരിവര്‍ഗവിളകളെ രക്ഷിക്കാന്‍ പരാഗണത്തിനുശേഷം കായകള്‍ പൊതിഞ്ഞുകെട്ടിയിടുക. പഴം, പഴകിയ കഞ്ഞിവെള്ളം തുടങ്ങിയവ ഉപയോഗിച്ച് കെണികളുണ്ടാക്കി കായീച്ചയെ നശിപ്പിക്കാം.
 • ഫിറമോണ്‍ കെണികളുപയോഗിച്ച് കായീച്ചകളെയും വഴുതിനയുടെ തണ്ടുതുരപ്പന്‍ പുഴുക്കളെയും നിയന്ത്രിക്കാം.
 • കീടബാധ കണ്ടാല്‍ അവ വര്‍ധിക്കുന്നുണ്ടോയെന്നും സാമ്പത്തികനഷ്ടത്തിന്റെ പരിധിയിലേക്കെത്തുന്നുണ്ടോ എന്നും ശ്രദ്ധിക്കുക. ഒപ്പം മിത്രപ്രാണികള്‍ ഉണ്ടോയെന്നും മനസ്സിലാക്കുക.
 • വിവിധ സസ്യച്ചാറുകള്‍ ഉപയോഗിച്ച് കീടങ്ങളെ അകറ്റിനിര്‍ത്തുക.

വിവരങ്ങള്‍ക്ക്: 9446071460

Content Highlights: How to control pests and diseases