ആനകുളം സ്വദേശി ഗീത, പ്ലാവറ സ്വദേശിനി ഷമ്മി
വീട്ടുമുറ്റത്തെ കൃഷിയിലൂടെ വരുമാനത്തിന്റെ വസന്തകാലമൊരുക്കുകയാണ് തിരുവനന്തപുരം നന്ദിയോട്ടെ വീട്ടമ്മമാര്‍. വീടിന്റെ മട്ടുപ്പാവിലും മുറ്റത്തും ചുറ്റുവട്ടത്തും തരിശായി കിടക്കുന്ന എല്ലാഭാഗങ്ങളും ഇവര്‍ അടുക്കളത്തോട്ടമാക്കി മാറ്റുന്നു. വനിതകള്‍ക്കും കൃഷികൊണ്ട് സ്വയംപര്യാപ്തരാകാം എന്നു തെളിയിക്കുകയാണ് നന്ദിയോട്ടെ വനിതകള്‍.
ആനകുളം സ്വദേശിനി ഗീതയാണ് കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്ന കര്‍ഷക. ബിരുദധാരിയായ ഗീത കൃഷിയോടുള്ള ഭ്രമംകൊണ്ട് സര്‍ക്കാര്‍ ജോലി വേണ്ടെന്നുവെച്ചാണ് പാടത്തേക്കിറങ്ങിയത്. 1996 മുതല്‍ ശീതകാല പച്ചക്കറിയില്‍ ഉള്‍പ്പെടെ മികവു തെളിയിച്ച ഗീത സ്വന്തമായി ജൈവവളങ്ങള്‍ ഉത്പാദിപ്പിച്ച് വില്‍പ്പനയും നടത്തുന്നുണ്ട്. പഞ്ചഗവ്യം, ഹരിത കഷായം, ഖനജീവാമൃതം, ദ്രവജീവാമൃതം, മണ്ണിരക്കമ്പോസ്റ്റ് എന്നിവ ഗീതയുടെ കൃഷിയിടത്തില്‍ നിര്‍മിക്കുന്നുണ്ട്.
ഗീതയെക്കൂടാതെ പ്ലാവറ സ്വദേശിനി ഷമ്മി, പവ്വത്തൂര്‍ സ്വദേശിനി വിജി, ചന്ദ്രബാബു, കള്ളിപ്പാറ സ്വദേശിനി ശ്രീജു കെ.ആര്‍., കുടവനാട് സ്വദേശിനി ശുഭ പി.കെ., പേരയം സ്വദേശിനി വിജയം, കള്ളിപ്പാറ സ്വദേശിനി ആര്‍.ശ്രീലേഖ എന്നിവരെല്ലാം കൃഷിയിലൂടെ വരുമാനം കണ്ടെത്തുന്നവരാണ്.
ചീര, വാഴ, പയര്‍, പാവല്‍, കാന്താരി മുളക്, പടവലം, തക്കാളി, ഇഞ്ചി, വാനില, മത്തന്‍, സാലഡ് വെള്ളരി, മുട്ടക്കോസ്, കോളിഫ്‌ളവര്‍, വെള്ളരി, മഞ്ഞള്‍, കത്തിരി, വഴുതന എന്നിവയെല്ലാം വീട്ടമ്മമാരുടെ കൃഷിയിടത്തില്‍ വിളയുന്നുണ്ട്. പച്ചക്കറികളെക്കൂടാതെ ഓര്‍ക്കിഡ് പോലുള്ള അലങ്കാരച്ചെടികളിലും ഇവര്‍ വരുമാനമുണ്ടാക്കുന്നു. പശു, മുട്ടക്കോഴി എന്നിവയാണ് മിക്കവരുടേയും മറ്റൊരു വരുമാനം.
പിന്തുണയുമായി അധികൃതരും
വീട്ടമ്മമാരുടെ കാര്‍ഷിക സംരംഭങ്ങള്‍ക്ക് പിന്തുണയുമായി കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്തും കൂടെയുണ്ട്. കൃഷി ഓഫീസര്‍ അതിഭ പി.ബി., കൃഷി അസിസ്റ്റന്റുമാരായ പ്രകാശ് കെ.ജെ., അനു ബി.എസ്., അജിത് കുമാര്‍ എന്നിവരെല്ലാം നിരന്തരം കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. പഞ്ചായത്തും നിരവധി പദ്ധതികള്‍ കര്‍ഷകര്‍ക്കായി നടപ്പാക്കുന്നുണ്ട്. അടുക്കളത്തോട്ടം, ഗ്രോ ബാഗ് വിതരണം, ഇടവിളക്കിറ്റ് വിതരണം, വാഴക്കൃഷിക്ക് ധനസഹായം, വാണിജ്യ അടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നവര്‍ക്ക് പ്രത്യേക സബ്സിഡി എന്നിവയും നല്‍കിവരുന്നു.
Content Highlights: Housewives empowered through farming
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..