ചോളക്കൃഷി പരീക്ഷിക്കുന്നതിനായി നട്ട 100 മൂടുകള്‍ വിളവെടുക്കാന്‍ പാകം. വേണമെങ്കില്‍ ചോളം കാഞ്ഞിരപ്പള്ളിയിലും വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് വീട്ടമ്മ. കുന്നുഭാഗം മെഹറോസ് വീട്ടില്‍ മെഹര്‍ ഫിറോസിനാണ് വീടിനോട് ചേര്‍ന്നുള്ള പറമ്പിലെ ചോളക്കൃഷിയില്‍ നൂറുമേനി വിളവ് ലഭിച്ചത്.
മക്കള്‍ക്ക് സ്ഥിരമായി കടയില്‍നിന്ന് ചോളം വാങ്ങിയിരുന്നത്. എന്നാല്‍ പിന്നെ വിഷരഹിതമായി ചോളം വീട്ടില്‍ തന്നെ കൃഷി ചെയ്തെടുത്താലെന്തായെന്ന ചിന്തയില്‍നിന്നാണ് കൃഷി ആരംഭിച്ചതെന്ന് മെഹര്‍ പറയുന്നു. എന്നാല്‍ കൃഷി എത്രകണ്ട് വിജയിക്കുമെന്നായിരുന്നു സംശയം.
പരീക്ഷണമെന്നനിലയില്‍ 100 തൈകള്‍ കുമളിയിലെ സുഹൃത്തിന്റെ പക്കല്‍നിന്നു വാങ്ങി കൃഷി ചെയ്തു. രണ്ടര മാസം മുന്‍പ് നട്ട ചോളം പത്ത് ദിവസത്തിനുള്ളില്‍ വിളവെടുക്കാന്‍ പാകമായി നില്‍ക്കുകയാണിപ്പോള്‍.
ചെറിയ തോതില്‍ ഒരു വീട്ടിലേക്ക വേണ്ട എല്ലാ പച്ചക്കറിയും നമുക്ക് തന്നെ ഉത്പാദിപ്പിക്കാമെന്ന് മെഹര്‍ പറയുന്നു. കടയില്‍നിന്ന് വാങ്ങിയ കൂര്‍ക്ക പാകിയത് നല്ലരീതിയില്‍ കൃഷിയിടത്തില്‍ വളരുന്നുണ്ട്. ഒപ്പം കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, വെള്ളരി, കുക്കുമ്പര്‍, തക്കാളി തുടങ്ങിയവയുടെയും കൃഷി ആരംഭിച്ചു.
ഇവയും ആദ്യ പരീക്ഷണമായി കൃഷി ചെയ്ത് നോക്കിയശേഷമാണ് കൂടുതല്‍ ചെയ്യുന്നത്. നമ്മുടെ കാലാവസ്ഥയില്‍ ഈ കൃഷി പറ്റുമോയെന്ന് ചോദിക്കുന്നവരോട് മെഹര്‍ ഉറപ്പ് പറയും എന്തും വിളയിക്കാം. മണ്ണിനെയറിഞ്ഞ് മനസ്സറിഞ്ഞ് കൃഷി ചെയ്താല്‍ മാത്രം മതി.
Content Highlights: Housewife cultivates maize in Kanjirapally