കാര്‍ഷിക വിലത്തകര്‍ച്ചയെ നേരിടാന്‍ കേരളത്തിനുള്ള വലിയ സാധ്യതയാണ് തേനീച്ചവളര്‍ത്തല്‍. ജൈവവൈവിധ്യത്താല്‍ സമ്പന്നമായ കേരളത്തില്‍ ചൂഷണം ചെയ്യാപ്പെടാത്ത  മേഖലയാണിത്.  റബര്‍ തോട്ടങ്ങളില്‍ തേനീച്ച വളര്‍ത്തിയാല്‍ 50,000 ടണ്‍ തേന്‍ ഉത്പാദിപ്പിക്കാനുള്ള സാഹചര്യമാണ്  കേരളത്തിലുള്ളത്‌. ഇപ്പോഴുള്ള ഉത്പാദനമാകട്ടെ  ഒന്‍പതിനായിരം ടണ്‍ മാത്രം.  ഒരു കിലോ തേനിന് 250 മുതല്‍ 420 രൂപ വരെ വിലയുണ്ട്.

മൂല്യവര്‍ധിത സാധ്യതകള്‍ കൂടി  കണക്കാക്കിയാല്‍പോലും 500 കോടിയില്‍ താഴെയാണ് ഇത്തരത്തില്‍ നാം നേടുന്ന വരുമാനം. റബര്‍ വിലത്തകര്‍ച്ചയില്‍ കര്‍ഷകര്‍ക്ക് രക്ഷനേടാനുള്ള പ്രധാന സാധ്യതകളിലൊന്നാണ് തേനീച്ചവളര്‍ത്തല്‍. കേരളത്തില്‍ 40 ലക്ഷം തേനീച്ചക്കോളനികള്‍ വളര്‍ത്താനാകും. ഇപ്പോഴുള്ളതാവട്ടെ നാലുലക്ഷം കോളനികളില്‍ താഴെമാത്രം.

ചൈനയാണ് തേന്‍ ഉത്പ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യം. റബര്‍ തോട്ടങ്ങള്‍ ഏറെയുള്ള കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ അടുത്ത കാലത്തായി തേനീച്ചവളര്‍ത്തലില്‍ ഏറെ ശ്രദ്ധവയ്ക്കുന്നു. കാലാവസ്ഥാ വ്യതിയാനവും പ്രളയവും വന്നതോടെ രണ്ടു വര്‍ഷമായി കേരളം തേനീച്ച വളര്‍ത്തലില്‍ ഏറെ പിന്നോട്ടുപോയി.

പ്രകൃതി മനുഷ്യനു നല്‍കിയ വരദാനങ്ങളില്‍ ഒന്നാണ് തേന്‍. ചര്‍മ സൗന്ദര്യത്തിനും ദഹന പക്രിയ സുഗമമാക്കാനും അമിവണ്ണം നിയന്ത്രിക്കാനും ആയുസ് വര്‍ധിപ്പിക്കാനുമെല്ലാം തേന്‍ ഉത്തമമായ ഔഷധമാണ്. പ്രമേഹരോഗികള്‍ക്കുപോലും കഴിക്കാവുന്ന  ഔഷധമാണ് തേന്‍. വികസിതരാജ്യങ്ങളില്‍ ഒരാള്‍ വര്‍ഷം 10 മുതല്‍ 15 കിലോവരെ തേനുപയോഗിക്കുമ്പോള്‍ ഇന്ത്യയിലെ  ആളോഹരി ഉപഭോഗം നാലു കിലോയില്‍ താഴെയാണ്.

Content highlights: Honey bee cultivation, Agriculture