താന്നി
പുരാണത്തില്‍ നളന്റെ കലിബാധമാറ്റിയ വൃക്ഷമാണ് കലിദ്രുമമെന്ന് അറിയപ്പെടുന്ന നമ്മുടെ താന്നി. മുന്‍കാലത്ത് കര്‍ഷകര്‍ ചേരുമരത്തിന്റെ പൊള്ളലും തടിപ്പും മാറാന്‍ താന്നിമരത്തിനു ചുറ്റും ഏഴുപ്രാവശ്യം 'താന്നിയമ്മവാ രക്ഷിക്കണേ' എന്നു പറഞ്ഞു പ്രദക്ഷിണം വെക്കുന്ന ശീലമുണ്ടായിരുന്നു. നളചരിതത്തില്‍ സൂതനായിവന്ന നളനും ഋതുപര്‍ണ രാജാവും പരസ്പരം തങ്ങള്‍ക്കു ഹൃദിസ്ഥമായിരുന്ന അശ്വഹൃദയം, അക്ഷഹൃദയം എന്നീ രഹസ്യമന്ത്രങ്ങള്‍ കൈമാറിയത് താന്നി മരത്തിന്റെ ചുവട്ടില്‍ നിന്നാണെന്നാണ് വിശ്വാസം.
കഥകള്‍ എന്തായാലും താന്നിയുടെ ഔഷധഗുണം പുരാതന പര്‍ണശാലകളില്‍ മുനിമാര്‍ വൃക്ഷങ്ങളില്‍ ഇതിനു നല്‍കിയ പ്രധാന സ്ഥാനത്തില്‍ നിന്നും മനസ്സിലാക്കാം. സഹസ്രയോഗത്തില്‍ ത്രിഫലങ്ങളില്‍ ഒന്നാമതു വരുന്നത് താന്നിക്കയാണ്. അത് കഫം, പിത്തം തുടങ്ങിയ ത്രിദോഷങ്ങളെ ശമിപ്പിക്കുന്നു. 'നാഗരീകൗഷധ വര്‍ഗം' എന്നതില്‍ ഒരു കടുക്ക, രണ്ടു താന്നിക്ക, നെല്ലിക്ക നാലുമായി കൂട്ടണം' എന്നും 'ത്രിഫലായോഗമതു നല്ല രസായനം' എന്നും പറയന്നുണ്ട്.
പ്രത്യേകതകള്‍
വലിയ വടുകളോടുകൂടിയ തായ്ത്തടിയും ഇലകള്‍ തിങ്ങി വളരുന്ന ചില്ലകളും തൊലിക്കു നരച്ച ചാരനിറം എന്നിവയെല്ലാമാണ് താന്നിയുടെ പ്രത്യേകള്‍. മരുപ്രദേശങ്ങളിലൊഴികെ ഭാരതത്തിലെങ്ങും വളരും. സമുദ്രനിരപ്പില്‍നിന്ന് ആയിരം മീറ്റര്‍വരെ ഉയരമുള്ള പ്രദേശങ്ങളിലെ ഇലപൊഴിയും കാടുകളാണ് ഇവയുടെ ഇഷ്ടവാസസ്ഥാനം. താന്നിത്തൊലിയുടെ അകവശം മഞ്ഞയാണ്. നല്ല കട്ടിയുള്ള തൊലിയാണ്. മഞ്ഞുകാലം തീരാറായാല്‍ ഇല പൊഴിക്കും. മേയ് തുടക്കത്തോടെ പുതിയ ഇലകളും പച്ചകലര്‍ന്ന വെള്ളപ്പൂക്കളുമുണ്ടാകും.
നീണ്ടനാരില്‍ മുള്ളുകള്‍പോലുള്ള ചെറിയ പൂക്കളാണുണ്ടാവുക. പൂക്കള്‍ക്ക് നല്ല തേനിന്റെ ഗന്ധമാണ്. നവംബറില്‍ കായ വിളയാന്‍ തുടങ്ങും. ഉരുണ്ട ആകൃതിയുള്ള കായയ്ക്ക് മൂന്നര സെന്റീമീറ്റര്‍ നീളംവരും. ചാരനിറം. വെല്‍വെറ്റുപോലുള്ള തൊലിയുണ്ട്. മാംസഭാഗത്തിന് നല്ല രുചിയാണ്. വന്യജീവികളുടെ ഇഷ്ടഭക്ഷണമാണിത്. തടി വെട്ടിയെടുത്താലും വെട്ടിയഭാഗത്തുനിന്ന് പുതിയ നാമ്പുകള്‍ ഉണ്ടാകും. തടിക്ക് ഈടു കുറവാണെങ്കിലും നല്ല ഉറപ്പുണ്ട്. വെള്ളത്തില്‍ കേടു കൂടാതെ ദീര്‍ഘകാലം കിടക്കുന്നതിനാല്‍ വഞ്ചി, പാക്കിങ്ങ് പെട്ടി എന്നിവ നിര്‍മിക്കാനാണ് സാധാരണയായി ഉപയോഗിക്കുന്നത്.
തൈ വളര്‍ത്താന്‍
സ്വാഭാവികമായി വിത്തു വിതരണം നടക്കുന്ന താന്നി തനിയെ മുളച്ചുവളരുന്നതാണ്. നാരായവേര് ഒരു വര്‍ഷംകൊണ്ട് ഒരു മീറ്ററിലധികം വളരും. വരള്‍ച്ചയെയും വെള്ളപ്പൊക്കനെത്തയും അതിജീവിക്കും. വിത്തുമുളപ്പിച്ചുണ്ടാക്കുന്ന ഒരു വര്‍ഷം പ്രായമായ തൈകള്‍ നഴ്സറിയില്‍നിന്നു പറിച്ചുനട്ട് പറമ്പുകളില്‍ ഇതു വളര്‍ത്താം.
ഗുണങ്ങള്‍, പ്രയോഗങ്ങള്‍
താന്നിയുടെ തൊലിയും കായും ഇലയും വേരുകളും വരെ ഔഷധ ഭാഗമാക്കാം. ഇതില്‍ ഗാലോടാനിക്, ഗാലിക്, ടാനിക് എന്നീ അമ്ലങ്ങളും റെസിന്‍, ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവയുമുണ്ട്. ത്രിദോഷങ്ങള്‍ ശമിപ്പിക്കും. മലബന്ധം ഇല്ലാതാക്കും. നേത്രരോഗങ്ങള്‍, ചുമ, ശ്വാസംമുട്ടല്‍, ഒച്ചയടപ്പ് എന്നിവ ഇല്ലാതാക്കാന്‍ നല്ല ഔഷധമാണ്. അമിത ദാഹവും ഛര്‍ദ്ദിയും ശമിപ്പിക്കും. മൂത്രരോഗശമനത്തിനും നല്ലതാണ്. താന്നിക്കയിലുള്ള എണ്ണ തലമുടിക്ക് കറുപ്പുനിറവും ഭംഗിയും നല്‍കും. താന്നിപ്പൂവ് പ്രമേഹ ചികിത്സയില്‍ ഉപയോഗിക്കാറുണ്ട്.
Content Highlights: Health Benefits Of Thanni Tree (Terminalia bellirica)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..