തൃത്തല്ലൂര്‍ പടിഞ്ഞാറ് പൊക്കാഞ്ചേരിയിലാണ് ഗള്‍ഫില്‍നിന്ന് മടങ്ങിയ കറുപ്പംവീട്ടില്‍ സമീര്‍ റൗഫിന്റെ ചെറുപയര്‍ കൃഷി. കേരളത്തില്‍ അത്ര സാധാരണമല്ലാത്ത കാഴ്ച. രണ്ടുമാസം മുന്‍പ് ആരംഭിച്ച കൃഷി നൂറുമേനി വിളെവെടുപ്പിന് തയ്യാറായിക്കഴിഞ്ഞു. തെങ്ങില്‍തോപ്പിലെ ഏകദേശം പത്തേക്കറിലാണ് പരീക്ഷണം. 

കോവിഡുമൂലം ദുബായിയിലേക്ക് തിരിച്ചുപോകാന്‍ കഴിയാതെ വന്നപ്പോഴാണ് കൃഷി എന്ന ആശയം വന്നത്. പിതാവിന്റെ സുഹൃത്ത് മയില്‍സ്വാമി കൗണ്ടറിന്റെ കോയമ്പത്തൂരിലെ കൃഷിയിടത്തിലെ സ്ഥലത്തെ ചോളം, കപ്പലണ്ടി, ഇഞ്ചി തുടങ്ങിയവയുടെ കൃഷിയും വിളകളും കണ്ടതും പ്രേരണയായി. കോയമ്പത്തൂര്‍ കാര്‍ഷിക സര്‍വകലാശാലയില്‍നിന്നാണ് വിത്ത് സംഘടിപ്പിച്ചത്. ഒരേക്കറില്‍ എട്ടുകിലോ വിത്തിറക്കിയാല്‍ 800 കിലോ വിളവ് കിട്ടുന്നതാണ് ചെറുപയര്‍ കൃഷിയുടെ പ്രത്യേകത.

ചാവക്കാട് വില്യംസ് നഗറിലെ സുഹൃത്തായ ഡോക്ടര്‍ ജംഷിയും കൂടിച്ചേര്‍ന്നു. അദ്ദേഹത്തിന്റെ പിതാവിന്റെ സ്ഥലത്താണ് കൃഷിയിറക്കിയിട്ടുള്ളത്. ചെറുപയര്‍ച്ചെടിക്ക് വെയില്‍ പ്രതിരോധശക്തി ഉള്ളതിനാല്‍ രണ്ടു മാസത്തിനിടയില്‍ രണ്ടുമൂന്നു പ്രാവശ്യം മാത്രമാണ് വെള്ളം നനക്കേണ്ടി വന്നിട്ടുള്ളത്. പൂര്‍ണമായും ജൈവരീതിയിലാണ് പരിപാലനം. വളമായി ചാണകവും കുമ്മായവുമാണ് ഉപയോഗിച്ചിട്ടുള്ളത്. കീടനാശിയുടെ ഉപയോഗം വേണ്ടിവന്നില്ല.

വാടാനപ്പള്ളി കൃഷി ഓഫീസര്‍ എസ്. സുജീഷ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ. വത്സല, കൃഷി അസിസ്റ്റന്റ് അരുണ പി. തിലകന്‍ എന്നിവര്‍ സഹകരിച്ചു. നാട്ടില്‍ മാതാവിനോടൊപ്പമാണ് സമീറിന്റെ താമസം. കൃഷിക്ക് സഹോദരിമാരായ സബിതയും റഹിലയും തുണയായുണ്ട്. 

ഒരാഴ്ചയ്ക്കുള്ളില്‍ വിളവെടുപ്പ് നടത്തും. ചൊവ്വല്ലൂര്‍പ്പടിയില്‍ എട്ടേക്കര്‍ സ്ഥലത്തും ചാവക്കാട് പേരകത്ത് അഞ്ചര ഏക്കര്‍ സ്ഥലത്തും ചേറ്റുവയില്‍ രണ്ടിത്തായി പത്തേക്കര്‍ സ്ഥലത്തും പൊക്കാഞ്ചേരിയിലുമായി ഏകദേശം 30 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. ഇനി ജൈവ പച്ചക്കറി കൃഷിക്കുള്ള തയ്യാറെടുപ്പിലാണ് സമീര്‍.

മറ്റുള്ളവര്‍ക്ക് പ്രചോദനം

സുഭിക്ഷകേരളം പദ്ധതിപ്രകാരം തരിശുഭൂമികള്‍ കൃഷി യോഗ്യമാക്കി ഭക്ഷ്യസുരക്ഷ കൈവരിക്കണമെന്നതാണ് സര്‍ക്കാര്‍ നയം. കൂടുതല്‍ യുവാക്കളെ കൃഷിയിലേക്ക് കൊണ്ടുവരാനും അവര്‍ നല്‍കുന്ന കൃഷിയിലെ പുതിയ ഊര്‍ജം മറ്റുള്ളവരിലേക്കു പകര്‍ന്നുനല്‍കാനും ഇത്തരം സംരംഭങ്ങള്‍ മൂലം സാധിക്കും . മറ്റുള്ളവര്‍ക്ക് പ്രചോദനമാവും വിധത്തില്‍ കൃഷി വളരണം.- എസ്. സുജീഷ് , വാടാനപ്പള്ളി കൃഷി ഓഫീസര്‍.

Content Highlights: Gulf returnee grows green gram; expects high yield