വീട്ടുമുറ്റത്തുനിന്ന് നമുക്കാവശ്യമുള്ള ഉരുളക്കിഴങ്ങ് കൃഷിചെയ്തെടുക്കാം. അധികം സ്ഥലവും എന്തിന് മണ്ണുവരെ ഇതിന് ആവശ്യമില്ല. കമ്പിവല വളച്ചുചുറ്റി കുത്തനെ നിര്‍ത്തിയാണ് കൃഷി. മണ്ണിന് പകരം അതില്‍ കരിയിലയും വൈക്കോലും നിറയ്ക്കാം. ഇങ്ങനെ കൃഷി ചെയ്തെടുത്താല്‍ ഒരു കുടുംബത്തിനുവേണ്ട ഉരുളക്കിഴങ്ങ് മുഴുവനും നമുക്കിതില്‍നിന്നും പറിച്ചെടുക്കാം.
കമ്പിവല തയ്യാറാക്കാം
രണ്ടിഞ്ച് ഇടയകലവും അഞ്ചടി ഉയരവുമുള്ള കമ്പിവലയാണ് ഇതിനുപയോഗിക്കുക. ഒന്നര മീറ്റര്‍ വീതിയില്‍ മുറിച്ചെടുത്ത കമ്പിവലയില്‍ നന്നായി പെയിന്റ് ചെയ്തെടുക്കുക. ഇത് വളച്ചുകെട്ടി ഒരു കുഴല്‍ രൂപത്തിലാക്കുക. മുക്കാലിഞ്ച് വ്യാസമുള്ള പി.വി.സി. പെപ്പ് അഞ്ചടി നീളത്തില്‍ മുറിച്ചെടുത്ത് അതിന്റെ അടിവശം എന്ഡ്ക്യാപ്പ് വെച്ച് അടയ്ക്കുക. പിന്നീട് അതില്‍ മൂന്നര ഇഞ്ച് ഇടവിട്ട് വെള്ളം പുറത്തേക്ക് വരാനുള്ള രീതിയില്‍ ദ്വാരമിടുക. ഇത് നമ്മള് ചുറ്റിവെച്ച കമ്പിവലക്കൂടിന്റെ നടുവില്‍ വരുന്നരീതിയില് ഫിറ്റുചെയ്യുക. ഇപ്പോള്‍ കമ്പിവലക്കൂട് തയ്യാറായി.
നിറയ്ക്കാം കച്ചിയും കരിയിലയും
കമ്പിവലയുടെ ഉള്‍ഭാഗത്ത് ചുറ്റുമായി നാലിഞ്ച് കനത്തില്‍ കച്ചിനിരത്തി കമ്പിവലയ്ക്കുള്ളില്‍ ഒരു കവചം തീര്‍ക്കണം. നമ്മള് ഉള്ളില്‍ നിറയ്ക്കുന്ന കരിയിലയും ചാണകപ്പൊടിയടങ്ങുന്ന പോട്ടിങ് മിശ്രിതവും പുറത്തേക്ക് പോരാതിരിക്കാനായാണ് ഇങ്ങനെ ചെയ്യുന്നത്. പിന്നീട് ഇതില്‍ കരിയില നിരത്തി ഒരു ചെറിയ മരക്കമ്പുകൊണ്ട് ഇടിച്ചു താഴ്ത്തണം.
അതിലേക്ക് ചാണകപ്പൊടിയോ, ജൈവവളമോ ചേര്‍ത്തു കൊടുക്കാം. അല്ലെങ്കില്‍ നേര്‍പ്പിച്ച ജീവാമൃതം ഒഴിച്ചുകൊടുക്കാം. അതിലേക്ക് നമുക്ക് ഒരു ലെയര്‍ ഉരുളക്കിഴങ്ങ് നടാം. ഇങ്ങനെ കമ്പിവലക്കൂട് നിറയുന്നതുവരെ ആവര്‍ത്തിക്കാം. അങ്ങനെ മുകളിലെത്തുമ്പോള്‍ പത്തോ പന്ത്രണ്ടോ ലെയര്‍ ആയിട്ടുണ്ടാകും. നമ്മള് ആദ്യം സ്ഥാപിച്ച പി.വി.സി. പെപ്പിലൂടെ നന കൊടുത്താല്‍ കമ്പിവലക്കൂടിന്റെ അടി മുതല്‍ മുകള്‍ വരെ നനയും.
വിത്ത് ലഭിക്കാന്‍
ഉരുളക്കിഴങ്ങിന്റെ വിത്തുകള്‍ ലഭിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. പച്ചക്കറികള്‍ മൊത്തക്കച്ചവടം നടത്തുന്ന കടകളില്‍നിന്ന് ഒഴിവാക്കുന്ന കിഴങ്ങുകള്‍ സംഘടിപ്പിച്ച് മുളവരുന്നഭാഗം മുറിച്ച് കമ്പിവലയ്ക്കുള്ളില്‍ നടാം. എളുപ്പം മുളയ്ക്കാന്‍ രണ്ടുദിവസം ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ മതി. കമ്പിവലയ്ക്കുള്ളില്‍ നടുമ്പോള്‍ മുളവന്നഭാഗം പുറത്തേക്ക് വരുന്ന രീതിയില്‍ വേണം നടാന്‍. എന്നാലേ പെട്ടെന്നു മുളച്ചു പൊന്തൂ. ചേന നടുന്ന പോലെ മുളകള്‍ വന്നഭാഗം നോക്കി നാലാക്കി മുറിച്ചു നടാം.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ് ഉരുളക്കിഴങ്ങ് നടാന്‍ നല്ലത്. ഉരുളക്കിഴങ്ങിന് വെള്ളം ആവശ്യമാണ്. കടുത്ത വെയിലുള്ള സ്ഥലത്താണെങ്കില്‍ വേണമെങ്കില്‍ തണല്‍വല കെട്ടിക്കൊടുക്കാം. വേരുകള്‍ അധികം ആഴത്തിലേക്ക് വളരാത്തതിനാല്‍ കൂടെക്കൂടെ വെള്ളം പി.വി.സി. പൈപ്പിലൂടെ ഒഴിച്ചു കൊടുക്കണം. വേപ്പിന് പിണ്ണാക്ക് ചേര്‍ത്താല്‍ കീടങ്ങളില്‍നിന്നും രക്ഷിക്കാം. രണ്ടാഴ്ച കൂടുമ്പോള്‍ ചാരം, ചാണകം തുടങ്ങിയ ജൈവവളങ്ങള്‍ ചേര്‍ക്കണം. ഇലകളില്‍ പുഴുക്കള്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ വേപ്പെണ്ണ മിശ്രിതം തളിക്കാം.
ഇലകള്‍ വാടിത്തുടങ്ങുന്നതാണ് ഉരുളക്കിഴങ്ങ് പാകമാകുന്നതിന്റെ ലക്ഷണം. കൃഷി ചെയ്ത ഉരുളക്കിഴങ്ങിന്റെ ഇനമനുസരിച്ച് 80 മുതല്‍ 120 ദിവസങ്ങള്‍ കഴിയുമ്പോള്‍ ഉരുളക്കിഴങ്ങ് വിളവെടുക്കാം. വീട്ടുമുറ്റത്തെ ഇത്തിരി സ്ഥലത്ത് പത്ത് കമ്പിവലക്കൂടുവെച്ചാല് നമുക്കു വീട്ടിലേക്കുവേണ്ട ഉരുളക്കിഴങ്ങ് രാസവളമോ കീടനാശിനിയോ ചേര്‍ക്കാതെ വിളയിച്ചെടുക്കാം.
സുല്‍ത്താന്‍ ബത്തേരിയിലെ വര്‍ഗീസ് എന്ന കര്ഷകന് ഇത്തരത്തില്‍ ഒട്ടേറെ കിഴങ്ങ് കൃഷിചെയ്ത് വിജയിച്ച കര്‍ഷകനാണ്. അദ്ദേഹം ആവശ്യക്കാര്‍ക്ക് ഇത്തരത്തില്‍ കമ്പിവലക്കൂട് തയ്യാറാക്കിക്കൊടുക്കുന്നുമുണ്ട്. ആവശ്യക്കാര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും അദ്ദേഹം കൊടുക്കുന്നു. ഫോണ്‍: 9744367439.
Content Highlights: Growing Potatoes in Towers, Small Space Potato Planters