ഫോട്ടോ: പ്രമോദ്കുമാർ വി.സി.
വീട്ടില്‍ ചട്ടിയില്‍ ബൊക്ക പോലെ പുതിന വളര്‍ന്നുനിന്നാലോ? ചമ്മന്തിക്കും കറിക്കും മാത്രമല്ല വീട്ടില്‍ ബിരിയാണി ഉണ്ടാക്കുമ്പോള്‍ വരെ മുറിച്ചെടുക്കാന്‍ പാകത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുതിനച്ചെടി നമുക്കെല്ലാം സന്തോഷമുണ്ടാക്കും. ഒരു തരത്തിലും കീടനാശിനിയും രാസവളവും ഏല്‍ക്കാത്തതാവുമ്പോള്‍ ആരോഗ്യത്തിനും ഉത്തമം. കാരണം മാരകമായ രാസകീടനാശിനികള്‍ ഏറ്റവും കൂടുതല്‍ തളിച്ചുവരുന്നവ പുതിനയും മല്ലിച്ചപ്പും പോലുള്ള ഇലകളാണെന്നിരിക്കെ.
തൈകള്‍ സംഘടിപ്പിക്കാം വേരുപിടിപ്പിക്കാം
നഴ്സറികളില്‍നിന്നോ പരിചയക്കാരില്‍നിന്നോ തൈകള്‍ സംഘടിപ്പിക്കുകയെന്നതാണ് ഇതിന്റെ ആദ്യത്തെ കടമ്പ. മാര്‍ക്കറ്റില്‍നിന്നു വാങ്ങുന്നവയില്‍ നല്ല പച്ചത്തണ്ടുള്ളതില്‍ വേരുപിടിപ്പിച്ചും തൈകള്‍ ഉണ്ടാക്കാം. കാര്‍ഷികവിപണന സ്റ്റോറുകളില്‍ നിന്നും വാങ്ങുന്ന വേരുപിടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഹെര്‍ബല്‍ റൂട്ട് ഗ്രോത്ത് സ്റ്റിമുലൈസര്‍ മുറിച്ചെടുത്ത തണ്ടിന്റെ അറ്റത്ത് പുരട്ടി പോട്ടിങ് മിശ്രിതം നിറച്ച ചെറിയ ബാഗില്‍ നട്ട് വേരു പിടിപ്പിക്കാം. വേരുപിടിച്ച് പുതിയ ഇലകള്‍ വന്നു കഴിഞ്ഞാല്‍ പോട്ടിങ് മിശ്രിതം നിറച്ച ചട്ടിയില്‍ മാറ്റിനട്ടാണ് വളര്‍ത്തിയെടുക്കേണ്ടത്.
പോട്ടിങ് മിശ്രിതം നിര്‍മിക്കാം
മണ്ണ്, ചകിരിച്ചോറ്, മണ്ണിന്റെ അളവിന്റെ മൂന്നിലൊന്ന് ചാണകപ്പൊടിയും ചട്ടിക്കൊന്നിന് 50 ഗ്രാം വേപ്പിന്‍പിണ്ണാക്കും 50 ഗ്രാം കുമ്മായവും ചേര്‍ത്താണ് പോട്ടിങ് മിശ്രിതം തയ്യാറാക്കേണ്ടത്. മിശ്രിതം ചട്ടിയില്‍ നിറച്ച് വേരുപിടിച്ച തൈകള്‍ ഒരു ചട്ടിയില്‍ മൂന്നെണ്ണം വരെ നടാം.
പരിപാലനം
നല്ല സൂര്യപ്രകാശം ഉള്ള സ്ഥലങ്ങളിലാണ് പുതിന നന്നായി വളരുക. എന്നാല്‍, സൂര്യപ്രകാശം കുറഞ്ഞയിടങ്ങളിലും വളരും. നല്ല വളം വേണ്ട ഒരു ചെടിയാണിത്. കാലിവളവും ഗോമൂത്രം നേര്‍പ്പിച്ചതും കടലപ്പിണ്ണാക്ക് കുതിര്‍ത്ത് നേര്‍പ്പിച്ചത് ചാണകെത്തളിയുടെ കൂടെയും രണ്ടാഴ്ചയിലൊരിക്കല്‍ കൊടുക്കാം. ജൈവവള ഗ്രാന്യൂളുകള്‍ കുറേശ്ശെ ഇട്ടു കൊടുക്കാം. അതും രണ്ടാഴ്ചയിലൊരിക്കല്‍. നനയുടെ കാര്യമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. നന തീരെ കുറയാനും വല്ലാതെ കൂടാനും പാടില്ല. ഇടയ്ക്കിടെ തുമ്പ് വെട്ടിനിര്‍ത്താം. അങ്ങനെ ചെയ്താല്‍ നല്ല ബുഷായി പുതിന വളരും.
കീടങ്ങളും രോഗങ്ങളും
തണ്ടുചീയല്‍ രോഗമാണ് പുതിനയ്ക്ക് സാധാരണയായി കണ്ടുവരുന്നത്. ചട്ടികള്‍ നടുന്നതിന് മുമ്പ് വേപ്പിന്‍ പിണ്ണാക്ക് അടിവളമായികൊടുക്കുകയും പിന്നീട് ഓരോ ഇരുപത്ദിവസം കൂടുമ്പോഴും ഒരു ചട്ടിക്ക് 50 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തുകൊടുക്കുകയുംവേണം. ഇലകള്‍ തമ്മിലൊട്ടിച്ച് അതിനുള്ളില്‍ കൂടുകൂട്ടുന്ന പുഴുക്കളാണ് പുതിന യുടെ പ്രധാനശത്രു. അതിവേഗം തൈകള്‍ നശിച്ചുപോവാന്‍ ഇത് കാരണമാവുന്നു. വേപ്പെണ്ണ അധിഷ്ഠിത ജൈവകീടനിശിനികളും. കാന്താരി-അലക്കു സോപ്പ് ലായനിയും ആഴ്ചയില്‍ രണ്ടുതവണ തളിച്ചാല്‍ കീടങ്ങളെ ചെറുക്കാം.
Content Highlights: Growing mint plants in your kitchen garden
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..