തീരൂർ മുട്ടന്നൂരിലെ ചാലിപറമ്പിൽ അബ്ദുൾ റസാഖ് ടെറസിൽ ഡ്രമ്മിൽ നട്ട ഫലവൃക്ഷങ്ങൾക്കരികിൽ
പലതരം പഴങ്ങള്‍ വിളയുന്ന വീട് പലരുടെയും സ്വപ്നമായിരിക്കും. പക്ഷേ, വീടുള്‍പ്പെടെ കൈവശമുള്ളത് അഞ്ചോ പത്തോ സെന്റ് ഭൂമി മാത്രമാകുമ്പോള്‍ ആ സ്വപ്നമെങ്ങനെ പൂവണിയും? ആ ചോദ്യത്തിനുള്ള ഉത്തരമാണ് 'ഡ്രം' കൃഷി. മാവും പ്ലാവും സപ്പോട്ടയുമൊക്കെ ഡ്രമ്മില്‍ കായ്ച്ചുനില്‍ക്കുന്നത് കാണാന്‍ ചന്തമാണ്. സ്ഥലപരിമിതിയെ മറികടക്കാമെന്നതിനാല്‍ ഡ്രം കൃഷി കേരളത്തിലും ട്രെന്‍ഡാവുകയാണ്.
പലയിനം പേരകള്‍, നാരങ്ങകള്‍, മാവുകള്‍, സപ്പോട്ടകള്‍, റംബൂട്ടാന്‍, ലോംഗന്‍, ഞാവല്‍, മരമുന്തിരി, പപ്പായ ഉള്‍പ്പെടെ സ്വദേശിയും വിദേശിയുമായ ഫലവൃക്ഷങ്ങള്‍ ഇന്ന് ഡ്രമ്മില്‍ കൃഷിചെയ്യുന്നുണ്ട്. നിലത്ത് നട്ടതിനെ അപേക്ഷിച്ച് വേഗം കായ്ക്കുമെന്നത് ഡ്രം കൃഷിയുടെ മെച്ചമാണ്. നേരത്തേ കായ്ക്കുമെങ്കിലും കായ്ഫലങ്ങളുടെ എണ്ണം നിലത്തു നടുന്നതില്‍നിന്ന് കിട്ടുന്നതിനേക്കാള്‍ അല്പം കുറവായിരിക്കും. താമസം മറ്റൊരിടത്തേക്ക് മാറ്റേണ്ടിവന്നാല്‍പ്പോലും കൃഷിയും ഒപ്പം കൊണ്ടുപോകാനാവും.
കിടിലന്‍ കൃഷി
30 വര്‍ഷത്തെ പ്രവാസജീവിതത്തിനുശേഷം ദുബായില്‍നിന്ന് നാട്ടിലെത്തിയ തിരൂര്‍ മുട്ടന്നൂര്‍ സ്വദേശി ചാലിപറമ്പില്‍ അബ്ദുല്‍ റസാഖ് വീട്ടുമുറ്റത്തും പറമ്പിലും മട്ടുപ്പാവിലുമായി 250-ഓളം ഇനം ഫലവൃക്ഷങ്ങള്‍ കൃഷിചെയ്യുന്നു. ഇതില്‍ 135 എണ്ണം ഡ്രമ്മിലാണ്. ടെറസില്‍ 120-ഉം മുറ്റത്ത് 15-ഉം. ഇവ 135-ഓളം വെറൈറ്റികളാണ്.
കാലപ്പാടി, നാം ഡോക്കി മാം, ജമ്പോ റെഡ്, ബനാന മാങ്കോ തുടങ്ങി 50 ഇനം മാവുകള്‍, വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി, ഡാങ്ക് സൂര്യ, തേന്‍വരിക്ക തുടങ്ങിയ പ്ലാവിനങ്ങള്‍, മൂന്നിനം ഓറഞ്ച്, ബനാന, സപ്പോട്ട, ക്രിക്കറ്റ് ബോള്‍, മാമി സപ്പോട്ട ഉള്‍പ്പെടെ വിവിധയിനം സപ്പോട്ടകള്‍, ബേര്‍ ആപ്പിള്‍, ജപ്പാന്‍ പേര, വി.എന്‍.ആര്‍., റെഡ് ഡയമണ്ട് എന്നീ പേര ഇനങ്ങള്‍, ബ്രസീലിയന്‍ ഇനമായ നാലിനം മരമുന്തിരികള്‍ (ജബോട്ടിക്കാവ) തുടങ്ങി 135 ഇനം പഴവര്‍ഗങ്ങളാണ് 135 ഡ്രമ്മുകളില്‍ നട്ടത്. മൂന്നുവര്‍ഷംമുമ്പ് തുടങ്ങിയ ഡ്രം കൃഷിയില്‍ നൂറിലേറെ ഇനം കായ്ച്ചുകഴിഞ്ഞു.
130 ലിറ്റര്‍ വലുപ്പമുള്ള ഡ്രമ്മാണ് ഉപയോഗിക്കുന്നത്. പച്ചച്ചാണകം (10 കിലോ), കടലപ്പിണ്ണാക്ക് (അഞ്ചുകിലോ), വേപ്പിന്‍ പിണ്ണാക്ക് (രണ്ടു കിലോ), എല്ലുപൊടി (ഒരു കിലോ), വെല്ലം (രണ്ടു കിലോ), ശീമക്കൊന്ന അല്ലെങ്കില്‍ മറ്റെന്തെങ്കിലും പച്ചില (അഞ്ചു കിലോ) എന്നിവ 150 ലിറ്റര്‍ വെള്ളത്തില്‍ നന്നായി ലയിപ്പിച്ച് ഒരാഴ്ച പുളിപ്പിച്ച ജൈവസ്ലറിയാണ് വളമായി ഉപയോഗിക്കുന്നത്. ഇങ്ങനെ തയ്യാറാക്കിയ ജൈവസ്ലറി അഞ്ചിരട്ടി വെള്ളം ചേര്‍ത്താണ് ചെടികള്‍ക്ക് തളിക്കേണ്ടത്. തന്റെ കൃഷി നല്ല പച്ചപ്പോടെ നില്‍ക്കുന്നതിനുപിന്നില്‍ ഈ വളമാണെന്ന് റസാഖ് പറയുന്നു.
ചെയ്യേണ്ടവിധം
- 80 മുതല്‍ 130 ലിറ്റര്‍വരെ വലുപ്പമുള്ള പ്ലാസ്റ്റിക് ഡ്രമ്മുകളാണ് ഉപയോഗിക്കേണ്ടത്. ചെടിയുടെ വളര്‍ച്ചാസ്വഭാവമനുസരിച്ചാണ് ഡ്രമ്മിന്റെ വലുപ്പം നിശ്ചയിക്കുക. 200 മുതല്‍ 250 ലിറ്റര്‍ വരെ വലുപ്പമുള്ള രണ്ടു ഭാഗവും അടപ്പുള്ള ഡ്രമ്മുകള്‍ പകുതിയായി മുറിച്ചാല്‍ രണ്ടായി ഉപയോഗിക്കാം. രാസവസ്തുക്കള്‍ ഉള്‍പ്പെടെ പലതരം വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച സെക്കനന്‍ഡ് ഡ്രമ്മുകള്‍ കഴുകി വൃത്തിയാക്കിയശേഷം ഉപയോഗിക്കാം.
- അടിഭാഗത്തുനിന്ന് മൂന്ന് ഇഞ്ച് ഉയരത്തില്‍ ഡ്രമ്മിന്റെ ചുറ്റിലുമായി കുറഞ്ഞത് മൂന്ന് തുളയെങ്കിലും ഇടണം. വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണിത്. എട്ട് എം.എം. മുതല്‍ 16 എം.എം. വരെ വിസ്തൃതിയുള്ള തുളകളാണ് വേണ്ടത്.
- മണ്ണ്, ജൈവവളം, ചകിരിച്ചോറ് എന്നിവ ഒരേ അനുപാതത്തില്‍ ചേര്‍ത്ത പോര്‍ട്ടിങ് മിശ്രിതമാണ് ഡ്രമ്മില്‍ നിറയ്ക്കേണ്ടത്. ഡ്രമ്മിന്റെ മുക്കാല്‍ ഭാഗം മാത്രമേ നിറയ്ക്കാവൂ.
- ദിവസമോ രണ്ടുദിവസത്തില്‍ ഒരിക്കലെങ്കിലുമോ നനയ്ക്കണം
- ദ്രവരൂപത്തിലുള്ള വളം നല്‍കുന്നതാണ് നല്ലത്. അത് മാസത്തിലോ രണ്ടുമാസത്തിലൊരിക്കലെങ്കിലുമോ നല്‍കണം. തടിയില്‍നിന്ന് അല്പം മാറി മിതമായ വളപ്രയോഗമാണ് നടത്തേണ്ടത്.
- തൈകള്‍ അമിതമായി വളരാന്‍ അനുവദിക്കാതെ വെട്ടിയൊതുക്കുകയും (ട്രെയ്ന്‍ ചെയ്യുക) ഓരോ വിളവെടുപ്പിനു ശേഷം കൊമ്പുകോതല്‍ (പ്രൂണിങ്) നടത്തുകയും വേണം.
Content Highlights: Growing Fruit Trees in drum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..