ച്ചക്കറി വിലക്കയറ്റവും ക്ഷാമവും അനുഭവപ്പെടുന്ന മഴക്കാലത്ത് വീട്ടുവളപ്പിലും ടെറസിലുമെല്ലാം ഇത്തിരി കരുതലോടെ പച്ചക്കറി വളര്‍ത്തിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും. അതിനായി മേടത്തില്‍ത്തന്നെ മഴക്കാല പച്ചക്കറിക്കൃഷി തുടങ്ങാം.

ഇനങ്ങള്‍

മഴ ഏറെ ഇഷ്ടപ്പെടുന്ന പച്ചക്കറികളില്‍ ഒന്നാണ് പയര്‍,  കുരുത്തോലപ്പയര്‍ എന്ന നാടന്‍ പയറിനം മഴക്കാലത്ത് നല്ല വിളവുതരുന്നു. ഏപ്രില്‍ മാസത്തില്‍ നടാന്‍ പറ്റുന്ന ഒന്നാണ് വെണ്ട. മഞ്ഞളിപ്പുരോഗം മഴക്കാല വെണ്ടക്കൃഷിയില്‍ അധികം കാണാറില്ല. ഏപ്രിലില്‍ വിത്തുപാകി മേയ് പകുതിക്കുമുമ്പ് പറിച്ചുനടാന്‍ കഴിഞ്ഞാല്‍ ചീരയും നല്ല വിളവുതരും. ചുവപ്പിനെക്കാള്‍ പച്ചച്ചീരയാണ് മഴക്കാല കൃഷിക്ക് നല്ലത്. സ്വാഭാവികമായി ലഭിക്കുന്ന നനയില്‍ നന്നായി തഴച്ചുവളര്‍ന്ന് കുടചൂടി നില്‍ക്കുന്ന ചീരയെ മഴക്കാല കൃഷിയില്‍നിന്ന് ഒഴിവാക്കേണ്ടകാര്യമില്ല.

തൈകള്‍ മാറ്റിനട്ടാല്‍ തുടര്‍ച്ചയായി നല്ല വിളവു തരുന്ന ഒന്നാണ് വഴുതിന. രണ്ടുവര്‍ഷക്കാലം പ്രത്യേക പരിചരണമൊന്നുമില്ലാതെ വഴുതിനയില്‍നിന്ന് മോശമല്ലാത്ത വിളവു ലഭിക്കും. നീരൂറ്റിക്കുടിക്കുന്ന പ്രാണികള്‍ കുറവാണ് എന്നുള്ളതുകൊണ്ടുതന്നെ മുളകും മഴക്കാലത്ത് നന്നായി വളരും. കൂനകൂട്ടി പാവല്‍ക്കൃഷിയും ചെയ്യാവുന്നതാണ്.

വള്ളി പടരുന്ന കോവല്‍, നിത്യവഴുതിന, പീച്ചില്‍, ചുരങ്ങ എന്നിവയും വളര്‍ത്താം. വെള്ളരി, മത്തന്‍, കുമ്പളം എന്നിവയ്ക്ക് വേനല്‍ക്കാലമാണ് ഉചിതം. മുളച്ചുപൊന്തിയ ചേന, ചേമ്പ് എന്നിവയുടെ ചുവട്ടില്‍ മണ്ണുകൂട്ടി കൊടുക്കണം. മഴവെള്ളം കടക്കാതെ പോളിഷീറ്റുകള്‍ മേഞ്ഞ മേല്‍ക്കൂരയ്ക്കുതാഴെ നടത്തുന്നതാണ് മഴമറക്കൃഷി. സൂര്യപ്രകാശം കടക്കുന്നവിധം സുതാര്യമായ ഷീറ്റുകൊണ്ട് മറച്ച് അതിനുള്ളിലും കൃഷിചെയ്യാം.

കരുതണം രോഗകീടങ്ങളെ

മഴക്കാലത്ത് സൂര്യപ്രകാശം കുറവായതിനാലും വെള്ളം കെട്ടിനില്‍ക്കുന്നതിനുള്ള സാധ്യത കൂടുതലായതിനാലും നട്ട് രണ്ടാഴ്ചയാകുമ്പോഴേക്കും രോഗകീടങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. ട്രൈക്കോഡര്‍മ പോലുള്ള ഗുണകാരികളായ കുമിള്‍നാശിനികള്‍ ഉപയോഗിക്കാം. ചാണകപ്പൊടി ചേര്‍ക്കുമ്പോള്‍ ട്രൈക്കോഡര്‍മ ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. 

സ്യൂഡോമോണാസ് 20 ഗ്രാം അല്ലെങ്കില്‍ ലിക്വിഡ് സ്യൂഡോമോണാസ് അഞ്ചു മില്ലി മുതല്‍ പത്തു മില്ലിവരെ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിക്കുകയോ നന കഴിഞ്ഞ് അരമണിക്കൂറിനുശേഷം ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയോ ആകാം. പുള്ളിക്കുത്ത് രോഗം, അഴുകല്‍ രോഗം എന്നിവയെ ഇത് പ്രതിരോധിക്കുന്നു.

കീടങ്ങളുടെ ആക്രമണത്തിനെതിരേ ജൈവ കീടനാശിനികള്‍ മാറ്റിമാറ്റി തളിക്കാം. വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം, പുകയിലക്കഷായം, വെളുത്തുള്ളി കാന്താരി മിശ്രിതം എന്നിവയെല്ലാം ഉപയോഗിക്കാം. ആഴ്ചയിലൊരിക്കല്‍ സ്‌പ്രെയിങ് ഡേ ആയി മാറ്റിവെക്കാം. കൃഷിയിടത്തിനടുത്ത് ചെറിയ പ്രാണികള്‍ക്ക് വളരാന്‍ അവസരമൊരുക്കുന്ന കളകള്‍, കാടുകള്‍ എന്നിവ വെട്ടിമാറ്റേണ്ടതാണ്.

വളപ്രയോഗം

ചാക്കില്‍ വളര്‍ത്തുന്ന പച്ചക്കറികള്‍ക്ക് രണ്ടാഴ്ചയിലൊരിക്കല്‍ ഒരു സ്പൂണ്‍ കുമ്മായം കൊടുക്കാം. നീര്‍വാര്‍ച്ച ഉറപ്പാക്കണം. ആവശ്യത്തിനുമാത്രം നനച്ചില്ലെങ്കില്‍ മണ്ണിലുള്ള വായുസഞ്ചാരം കുറയും. ചെടിക്കുവേണ്ട മൂലകം നല്‍കുന്ന മണ്ണില്‍ ജീവിക്കുന്ന സൂക്ഷ്മജീവികള്‍ക്ക് ശ്വസിക്കാന്‍ കഴിയണം. ആഴ്ചയിലൊരിക്കല്‍ ദ്രവരൂപത്തിലുള്ള പുളിപ്പിച്ച ജൈവവളങ്ങള്‍ കാലിവളം, എല്ലുപൊടി, കമ്പോസ്റ്റ്, പച്ചില വളം മുതലായവയും നല്‍കാം.

വേഗത്തില്‍ പോഷകം ലഭിക്കുന്ന, വീട്ടില്‍ത്തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ജൈവസ്‌ളറി കൂട്ട്. 10 കിലോ ചാണകം, ഒരുകിലോ വീതം വേപ്പിന്‍ പിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക്, എല്ലുപൊടി, ആവശ്യത്തിന് വെള്ളം, അഥവാ ഗോമൂത്രം എന്നിവ ചേര്‍ത്ത് പുളിപ്പിക്കാന്‍ വെക്കുക. അഞ്ചാംദിവസം ഇളക്കി ഒരു കപ്പ് സ്ലറി പത്തിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ച് ഉപയോഗിക്കാം.

ഫിഷ് അമിനോ ആസിഡും നല്ലൊരു പോഷകമാണ്. ഒരു കിലോ മത്തിയും ഒരു കിലോ ശര്‍ക്കരയും പതിനഞ്ചുദിവസം വായുകടക്കാത്ത വിധം അടച്ചുസൂക്ഷിക്കുക. അതിനുശേഷം തുറന്ന് രണ്ട് മില്ലി, ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ച് ഉപയോഗിക്കാം. ഉത്പാദനത്തില്‍ കുറവെന്ന കാരണത്താല്‍ പാടേ ഉപേക്ഷിക്കേണ്ട ഒന്നല്ല മഴക്കാല പച്ചക്കറിക്കൃഷി. പച്ചക്കറിയെ സംബന്ധിച്ച് വിളവുണ്ടായാല്‍ വിലയിടിയാത്ത ഒരു കാലമാണ് മഴക്കാലം. 

വിവരങ്ങള്‍ക്ക്: 9847686234.

Content Highlights: Grow Vegetables in Rainy Season