പ്രതീകാത്മക ചിത്രം : Photo: Fred TANNEAU / AFP
കേരളംപോലുള്ള സ്ഥലത്ത് വീട്ടില്‍ ഒരു ഹരിതഗൃഹം അത്യാവശ്യമാണ്. മിക്ക വീട്ടുകാര്‍ക്കും കൃഷിചെയ്യാന്‍ സ്ഥലപരിമിതിയുണ്ട്. കൂടാതെ സമയവുമില്ല. ഹരിതഗൃഹം നിര്‍മിക്കുകയാണെങ്കില്‍ വര്‍ഷത്തില്‍ 365 ദിവസവും വീട്ടിലേക്കാവശ്യമുള്ള പച്ചക്കറി ഉത്പാദിപ്പിക്കാനാകും. ഒരു വീട്ടിലേക്ക് 10 മുതല്‍ 40 ചതുരശ്രമീറ്റര്‍വരെ വിസ്തീര്‍ണമുള്ള ഹരിതഗൃഹം മതിയാകും.
Also Read
കീടബാധ കുറയ്ക്കാം
ഹരിതഗൃഹങ്ങളുടെ എല്ലാവശവും പൂര്‍ണമായും ഇന്‍സെക്റ്റ് നെറ്റുകൊണ്ട് ആവരണംചെയ്യണം. ഇത് രോഗകീടബാധ കുറയ്ക്കാന്‍ സഹായിക്കും. യു.വി. ഷീറ്റ് മുകളില്‍ ആവരണം ചെയ്യാന്‍മാത്രം ഉപയോഗിച്ചാല്‍ മതി. ഏതു വിള വേണമെങ്കിലും ഹരിതഗൃഹത്തില്‍ കൃഷിചെയ്യാം. പാവല്‍, പടവലം പോലുള്ള പരപരാഗണം ആവശ്യമായ കൃഷിയിനങ്ങള്‍ ഹരിതഗൃഹത്തില്‍ കൃഷിചെയ്യാന്‍ കഴിയില്ല എന്ന പ്രശ്‌നം ഇവിടെയുണ്ടാകുന്നില്ല. ഒരുദിവസം അങ്ങനെയുള്ള വിളകളുടെ പരമാവധി അഞ്ചുമുതല്‍ 10 പെണ്‍പൂക്കള്‍ മാത്രമേ വിരിയൂ. ആണ്‍പൂവ് പൊട്ടിച്ച് പെണ്‍പൂവില്‍ തൊട്ടാല്‍മാത്രം മതി.
ഇങ്ങനെ ചെയ്യുന്നതിന് 5, 10 മിനിറ്റ് മാത്രമേ ഒരുദിവസം വേണ്ടിവരൂ. ചെടികള്‍ക്ക് വെള്ളവും വളവും ഡ്രിപ്പറുകളിലൂടെ കൊടുക്കാം. എല്ലാദിവസവും കൃത്യമായി വളവും വെള്ളവും കൊടുക്കുന്നതുകൊണ്ടും മഴ, ശക്തിയായ കാറ്റ്, ശക്തിയായ സൂര്യാതപം, രോഗകീടബാധ, പക്ഷികള്‍, അള്‍ട്രാവയലറ്റ് രശ്മികള്‍ എന്നിവയില്‍നിന്നും ചെടികള്‍ക്ക് സംരക്ഷണം നല്‍കുന്നതുകൊണ്ട് നല്ല ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉണ്ടാകും.
യോജിച്ച കാലാവസ്ഥ
കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഇന്‍സ്ട്രക്ഷണല്‍ ഫാം വെള്ളാനിക്കരയിലുള്ള ഹൈടെക്ക് അടുക്കളത്തോട്ട കൃഷികളില്‍ ധാരാളം ഗവേഷണങ്ങളും പരിശീലനപരിപാടികളും നടന്നുവരുന്നുണ്ട്. ഹൈടെക്ക് അടുക്കളത്തോട്ടങ്ങള്‍, ഹൈടെക്ക് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് യൂണിറ്റില്‍ രൂപകല്പനചെയ്തിട്ടുണ്ട്.
സാധാരണ ഹരിതഗൃഹങ്ങളെ അപേക്ഷിച്ച് ഇതില്‍ രാത്രിയും രാവിലെയും ഈര്‍പ്പം കുറവും ഉച്ചയ്ക്ക് കൂടുതലുമായതിനാല്‍ ചെടികള്‍ക്ക് യോജിച്ച കാലാവസ്ഥ പ്രദാനംചെയ്യാന്‍ കഴിയുന്നു. അതിനാല്‍ ചെടികളുടെ വളര്‍ച്ചയും ഉത്പാദനക്ഷമതയും കൂടുതലായി കണ്ടുവരുന്നു. ഇതില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ചെലവുകുറഞ്ഞ മള്‍ട്ടി ടയര്‍ ഗ്രോബാഗുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഒരു മള്‍ട്ടി ടയര്‍ ഗ്രോബാഗില്‍ 35 മുതല്‍ 45 ചെടികള്‍വരെ വളര്‍ത്താന്‍ കഴിയും.
പച്ചക്കറികള്‍
ചീര, തക്കാളി, വെണ്ട, മുളക്, വഴുതന, പാലക്ക്, പാവല്‍, പടവലം, കുമ്പളം, സാലഡ് വെള്ളരി, പുതിനയില, മല്ലിയില, വേപ്പില, കാബേജ്, കോളിഫ്‌ളവര്‍, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങി എല്ലാത്തരം ചെടികളും ഇതില്‍ കൃഷിചെയ്യാനാകും. ചെടികള്‍ക്ക് വെള്ളവും വളവും ഡ്രിപ്പറുകളിലൂടെ കൊടുക്കാം.
വീട്ടിലേക്കാവശ്യമുള്ളതും രോഗകീടബാധയുണ്ടാകാന്‍ കൂടുതല്‍ സാധ്യതയുള്ളതുമായ പച്ചക്കറികള്‍ ഹരിതഗൃഹത്തില്‍ നടുന്നതാണ് നല്ലത്. ടെറസിന്റെ മുകളിലായാലും മുറ്റത്തായാലും ഹരിതഗൃഹത്തിന്റെ ഷീറ്റും നെറ്റും ആറുമാസം മുതല്‍ ഒരുവര്‍ഷം കൂടുമ്പോഴെങ്കിലും കഴുകി വൃത്തിയാക്കണം. അതിനാല്‍ ഷീറ്റ് കഴുകാനുള്ള സൗകര്യമുണ്ടാകുന്ന വിധത്തിലാകണം ഹരിതഗൃഹം സ്ഥാപിക്കേണ്ടത്.
Content Highlights: Grow a hightech vegetable garden in your house
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..