' നടത്തറ പഞ്ചായത്തിലെ ആറും എട്ടും വാര്‍ഡിലെ കൃഷിക്കാരെയാണ് ഈ കൃഷിരീതി നടപ്പിലാക്കാന്‍ തിരഞ്ഞെടുത്തത്. അതിനായി രണ്ടു വാര്‍ഡുകളിലെയും കൃഷിക്കാരെപ്പോയി കണ്ടു. അവരുടെ യോഗങ്ങളും സംഘടിപ്പിച്ചു. ജൈവകൃഷിയോട് താത്പര്യമുള്ളവര്‍ മാത്രം മതിയായിരുന്നു. മൊത്തം അറുപത്തിരണ്ടര ഏക്കര്‍ സ്ഥലത്ത് ഞങ്ങള്‍ കൃഷി ചെയ്തു. ഓണത്തിന് നല്ല വിളവ് കിട്ടി.' ഗുഡ് അഗ്രിക്കള്‍ച്ചറല്‍ പ്രാക്റ്റീസ് (GAP) എന്ന രീതിയിലൂടെ കൃഷിക്കാരുടെ കൂട്ടായ്മ സംഘടിപ്പിച്ച് കൃഷി ചെയ്ത അനുഭവം പങ്കുവെക്കുകയാണ് തൃശൂര്‍ ജില്ലയിലെ നടത്തറ പഞ്ചായത്തിലെ ജൈവ കര്‍ഷകനായ രാമന്‍കുട്ടി. 

GAP ന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് തിരുവനന്തപുരത്തുള്ള ഓഫീസിലാണ്. അവിടെ നിന്നും ഉദ്യോഗസ്ഥര്‍ വിളവെടുക്കാനെത്തുകയും മാര്‍ക്കറ്റ് വില കര്‍ഷകര്‍ക്ക് നല്‍കുകയും ചെയ്തു. നടത്തറ പഞ്ചായത്തിലെ GAP ന്റെ കണ്‍വീനറാണ് രാമന്‍കുട്ടി. ജൈവവളങ്ങളും ജൈവകീടനാശിനികളും മാത്രമുപയോഗിച്ചുള്ള കൃഷിയാണ് ഇവര്‍ പ്രോത്സാഹിപ്പിക്കുന്നത്. നടത്തറ പഞ്ചായത്തിലെ 25 ഹെക്ടര്‍ പ്രദേശമാണ് GAP നു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. 

വിത്തും മണ്ണും കൃഷിക്കാരനും ഒപ്പം നിന്നില്ലെങ്കില്‍ കൃഷിയില്‍ നഷ്ടം സംഭവിക്കുമെന്ന് ഈ കര്‍ഷകന് ഉറപ്പാണ്. നഷ്ടം നോക്കിയല്ല നമ്മള്‍ കൃഷി ചെയ്യേണ്ടത്. തന്റേടത്തോടെ ചെയ്യുന്ന തൊഴിലാണ് കൃഷിയെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്നിടത്താണ് രാമന്‍കുട്ടി എന്ന കര്‍ഷകന്റെ വിജയം. മണ്ണിനെ പരിപോഷിപ്പിക്കാന്‍ ഒരുപാട് കാലത്തെ ക്ഷമ വേണം. രോഗങ്ങള്‍ക്കനുസരിച്ച് കൃഷിയോടൊപ്പം നിന്നാല്‍ നഷ്ടം വരില്ലെന്ന്‌ ഓര്‍മപ്പെടുത്തുകയാണ് രാമന്‍കുട്ടി. 

'ചങ്ങാലിക്കോടന്‍ വാഴകളാണ് കൂടുതലായി കൃഷി ചെയ്യുന്നത്. കൃത്യമായ സംരക്ഷണം നല്‍കിയാല്‍ 10 മാസം കൊണ്ട് കായയുണ്ടാകും. മണ്ണ് പരിശോധിച്ചപ്പോള്‍ സൂക്ഷ്മ മൂലകങ്ങളടെ കുറവ് കണ്ടു. ബനാന ടോപ്പ് അപ്പില്‍ വാഴയ്ക്ക് ആവശ്യമായ എല്ലാ സൂക്ഷ്മ മൂലകങ്ങളുമുണ്ട് . അഞ്ച് മാസം ഉപയോഗിച്ചാല്‍ ആറാം മാസത്തില്‍ വാഴവാഴകുലയ്ക്കും. മറ്റുള്ള കൃഷിയില്‍ എട്ടു മാസമെടുക്കും. വിളവെടുക്കാനുള്ള കാലദൈര്‍ഘ്യം കുറയ്ക്കാന്‍ ബനാന ടോപ് അപ്പ് സഹായിക്കും.'. രാമന്‍കുട്ടി അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു. 

തന്റേടത്തോടെ ചെയ്യേണ്ട തൊഴിലാണ് കൃഷി 

'ഒരു കിലോ കായയ്ക്ക് 20 രൂപയായിരുന്നു കഴിഞ്ഞതിന്റെ മുമ്പത്തെ വര്‍ഷത്തെ വില. ആ നഷ്ടം സഹിച്ച കൃഷിക്കാരനാണ് കഴിഞ്ഞ വര്‍ഷം വാഴ വെച്ച് 40 രൂപയ്ക്ക് വിറ്റത്. ഇത് ശരിക്കും ഒരു തന്റേടം തന്നെയാണ്.' വിത്തിന്റെ ഗുണമാണ് ആദ്യം നോക്കേണ്ടത്. രോഗങ്ങള്‍ക്ക് അനുസരിച്ച് കൃഷിയോടൊപ്പം നിന്നാല്‍ നഷ്ടം വരാനില്ല.

Agriculture

നാടന്‍ വിത്തുകള്‍ അന്വേഷിച്ച് കണ്ടെത്തണം

നാടന്‍ വിത്തുകള്‍ നമുക്ക് നഷ്ടപ്പെട്ടിട്ടില്ലെന്നും നമ്മള്‍ അന്വേഷിച്ചു കണ്ടെത്തണമെന്നും രാമന്‍കുട്ടി ഓര്‍മിപ്പിക്കുന്നു. ആള്‍ക്കാര്‍ കൂടുതല്‍ വിളവ് കിട്ടാനാണ് ഹൈബ്രിഡ് വിത്തുകള്‍ തേടിപ്പോകുന്നത്. 'വയനാട് പോലെയുള്ള പ്രദേശങ്ങളില്‍ നാടന്‍ വിത്തുകള്‍ ഉണ്ട്. ഹൈബ്രിഡ് വിത്തുകള്‍ ഉപയോഗിച്ച് ചെയ്യുന്ന കൃഷിക്കും ജൈവവളം ഉപയോഗിച്ച് ചെയ്യുന്ന കൃഷിക്കും വ്യത്യാസമുണ്ട്. കായക്ക് വലുപ്പമുണ്ടാകാന്‍ മരുന്ന് അടിക്കുന്നു. മരുന്ന് അടിച്ച കായ വറുക്കുന്നതും മരുന്ന് അടിക്കാത്ത വറുത്തതും തമ്മില്‍ തൂക്കത്തില്‍ വ്യത്യാസമുണ്ട്. നല്ല സാധനങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഉത്പാദനം കുറയും. ക്ഷമ വേണം. ഒരു കിലോ മരുന്ന് അടിച്ച കായ വറുത്താല്‍ 800 ഗ്രാം പോലും കിട്ടില്ല' . ജൈവകൃഷിയുടെ പ്രാധാന്യമാണ് രാമന്‍കുട്ടി ഊന്നിപ്പറയുന്നത്. അതേ സമയം നമുക്ക് നന്നായി വിശ്വാസമുള്ള ഹൈബ്രിഡ് വിത്ത് ഇടുകയാണെങ്കില്‍ നഷ്ടം വരില്ലെന്നുള്ള വിശ്വാസക്കാരനാണ് ഇദ്ദേഹം.

Raman kutty

'കൃഷിക്കാരന് ഇന്ന് ചെയ്ത കൃഷിക്ക് ആദായം കിട്ടുകയും നഷ്ടമില്ലാതെ കൃഷി ചെയ്യുകയും വേണമെങ്കില്‍ ജൈവകൃഷിയിലൂടെ പോയാല്‍ കാലതാമസം പിടിക്കും. മണ്ണും പ്രദേശവും നമ്മളും കൂടി ഒരുങ്ങി വന്നാലേ ജൈവകൃഷി വിജയിക്കുകയുള്ളു. മിതമായ രീതിയില്‍ രാസവളം ഉപയോഗിക്കുന്നതില്‍ പ്രശ്‌നമില്ല.'ജൈവ ഉത്പന്നങ്ങള്‍ക്ക് മാത്രമായി പ്രത്യേക മാര്‍ക്കറ്റ് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് രാമന്‍കുട്ടി.

പോളിഹൗസില്‍ കാലാവസ്ഥ നോക്കാതെ തന്നെ കൃഷി ചെയ്ത് കുറഞ്ഞ ഭൂമിയില്‍ നിന്ന് ധാരാളം വിളവ് കൊണ്ടു വരാന്‍ സാധിക്കുമെന്ന് രാമന്‍കുട്ടി പറയുമ്പോള്‍ സാങ്കേതിക വിദ്യ പരീക്ഷിച്ചുനോക്കാന്‍ മടിയില്ലാത്ത കര്‍ഷകനെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. 

കാലത്തിനനുസരിച്ച് ചെയ്യുന്നതാണ് കൃഷി. വിപരീത കാലവസ്ഥയില്‍ കൃഷിയിറക്കിയാല്‍ നഷ്ടം വരും. കൃഷി തിരഞ്ഞെടുക്കുന്നതില്‍ കുറേക്കാര്യങ്ങളുണ്ട്. അതാതിന്റെ സമയത്ത് വിത്തും മണ്ണും കൃഷിക്കാരനും ഒപ്പം നിന്നില്ലെങ്കില്‍ നഷ്ടമാണ്. അറിയുന്ന കൃഷിയുടെ കൂടെയാണ് നമ്മള്‍ നില്‍ക്കേണ്ടത്. അറിയാത്ത കൃഷിക്കൊപ്പം നിന്നാല്‍ നഷ്ടമാണെന്ന് ഓര്‍മിപ്പിക്കുകയാണ് രാമന്‍കുട്ടി.