മൂന്നുമീറ്റര്‍ അല്ലെങ്കില്‍ നാലു മീറ്റര്‍ മാത്രം പൊക്കം വെക്കുന്ന ഒരു കുറ്റിച്ചെടി, നീണ്ട ഇലകള്‍, നേര്‍ത്ത ഉറപ്പു കുറഞ്ഞ തണ്ടുകള്‍.  കണ്ടാല്‍ അസാധാരണത്വം ഒന്നുമില്ലാത്ത ഈ കുറ്റിച്ചെടിയില്‍ പൂക്കളുണ്ടാവാന്‍ തുടങ്ങിയിലാണ് നാം 'വിവരമറിയുക'. ഇളം മഞ്ഞനിറത്തില്‍ വലിയ പന്തുകള്‍ പോലെയുള്ള പൂക്കള്‍ക്കുള്ളില്‍ നിറച്ചും വിത്തുകളും.

അതെ, അത്തരം ഒരു ചെടി നമ്മുടെ പൂന്തോട്ടത്തില്‍ പുഷ്പിച്ചാല്‍ ആരും അസൂയയോടെ നമ്മെ നോക്കുമെന്നുറപ്പാണ്. അതാണ് പന്തുമരം എന്നുവിളിക്കപ്പെടുന്ന ബലൂണ്‍ പ്ലാന്റ്. 

Hairy ballsഗോംഫോകാര്‍പ്പസ് ഫൈസോകാര്‍പ്പസ് എന്ന ശാസ്ത്രനാമത്തിലുള്ള ബലൂണ്‍ പ്ലാന്റ് ഗോംഫോകാര്‍പ്പസ് ജനുസ്സില്‍പ്പെട്ട അപ്പോസൈനാസിയേ കുടുംബക്കാരനാണ്. ഇതിന് നൈല്‍ഹെഡ് എന്നും ബിഷപ്പ് ബോള്‍ ഹെയറി ബോള്‍ എന്നും പറഞ്ഞുവരുന്നുണ്ട്. തെക്കു-കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്വാഭാവികമായിക്കണ്ടുവരുന്ന ഇത് നമ്മുടെ നാട് അടക്കം മറ്റു പല രാജ്യങ്ങളിലും നട്ടുവളര്‍ത്തിവരുന്നു. ഇത് ഒരു അലങ്കാരച്ചെടിയായാണ് തോട്ടങ്ങളില്‍ വെച്ചു പരിപാലിക്കുന്നതെങ്കിലും പലരാജ്യങ്ങളിലും ഔഷധമായും ഉപയോഗിച്ചുവരുന്നുണ്ട്. 

കളച്ചെടിയാണെങ്കിലും നട്ടുപിടിപ്പിക്കാം 

ആഫ്രിക്കയില്‍ നിന്നും ലോകമൊട്ടുക്കും പരന്ന കളച്ചെടിയാണെങ്കിലും ചട്ടികളിലും പൂന്തോട്ടങ്ങളിലും അലങ്കാരച്ചെടിയായി നട്ടുപിടിപ്പിക്കാവുന്നതാണിത്. മില്‍ക്ക് വീഡ് തരത്തില്‍പ്പെട്ട ഇത് സമുദ്രനിരപ്പില്‍ നിന്ന് 800 മുതല്‍ 5000 അടിവരെ ഉയരത്തില്‍ കണ്ടുവരുന്നു. അപ്പൂപ്പന്‍താടിയെന്ന് നമ്മള്‍ വിളിക്കുന്ന തരത്തില്‍ കാറ്റില്‍ പാറിപ്പറക്കുന്ന രീതിയിലാണ് ഇതിന്റെ വിത്തുവിതരണം.

കൃഷി ചെയ്യാം

വയനാട്ടിലും നമ്മുടെ നാട്ടിലെ പല ഹൈറേഞ്ചുകളിലും വീട്ടുവളപ്പുകളില്‍ മുമ്പുകാലത്ത് കളയായി മുളച്ചു പൊന്തിയിരുന്നതാണെങ്കിലും ഇപ്പോള്‍ അലങ്കാരച്ചെടിയെന്ന രീതിയില്‍ നട്ടുവളര്‍ത്തുന്നു. പോട്ടിങ് മിശ്രിതം നിറച്ച വലിയ ചട്ടിയിലോ ചാക്കിലോ ഇതിന്റെ വിത്ത് നട്ട് നമുക്ക് ഇതിനെ മുളപ്പിച്ചെടുക്കാം. അത്യാവശ്യം തണുപ്പും നല്ല സൂര്യപ്രകാശവും ഉള്ളിടങ്ങളില്‍ നന്നായി വളരുന്നു. മുരട്ടില്‍ വെള്ളം കെട്ടിനില്‍ക്കരുത്. അത് വേരുകള്‍ ചീഞ്ഞ് ചെടി നശിക്കാന്‍ കാരണമാകും. പൂന്തോട്ടങ്ങളുടെ അരികുകളില്‍ ജൈവ വേലിയായും ഇതിനെ വളര്‍ത്താവുന്നതാണ്. വരമ്പുമാടി നീര്‍വാര്‍ച്ച ഉറപ്പാക്കിവേണം വിത്ത് നടാന്‍.

നട്ട് ആറ്-ഏഴ്  മാസങ്ങള്‍ക്കുള്ളില്‍ ചെടി പൂക്കാന്‍ തുടങ്ങും. ഏത് കാലാവസ്ഥയിലും പൂക്കളുണ്ടാകാമെങ്കിലും വേനല്‍ക്കാലത്താണ് കൂടുതലായി പൂക്കള്‍ കാണപ്പെടുക. പച്ചനിറത്തിലുണ്ടാകുന്ന മൊട്ടുകള്‍ വലുതായി പൂക്കളാകുമ്പോഴേക്കും ഇളം മഞ്ഞനിറത്തില്‍ വീര്‍ത്ത് ബലൂണ്‍ പോലെയാകുന്നു. ഓരോ ബോളും രണ്ടാഴ്ചയോളം നിലനില്‍ക്കുന്നു. അതിനുശേഷം ഉണങ്ങിപ്പൊട്ടി അപ്പൂപ്പന്‍താടികളെപ്പോലെ പാറി വിത്തുവിതരണം നടത്തുന്നു. ശരിക്കും ഇതിന്റെ പൂക്കള്‍ ചെറുതാണ്. എന്നാല്‍ പൂവെന്ന് നാം വിളിക്കുന്ന ബോളുകള്‍ യഥാര്‍ഥത്തില്‍ അതിന്റെ വിത്തുകള്‍ സൂക്ഷിക്കുന്ന അറയാണ്. അതാണ് ബലൂണ്‍പ്ലാന്റിന്റെ ഏറ്റവും ആകര്‍ഷകമായ ഭാഗവും.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ കേന്ദ്രത്തില്‍ ഇതിന്റെ വിത്തിന്റെ പാക്കറ്റ് ലഭിക്കും. ചെറിയ പാക്കറ്റിന് പത്തുരൂപയാണ് വില. എന്താ ഒരു പാക്കറ്റ് വിത്ത് വാങ്ങി പൂന്തോട്ടം മനോഹരമാക്കുകയല്ലേ.       

Content highlights: Organic farming, Gomphocarpus physocarpus, Agriculture, Hairy balls, Bishops balls