അതിവേഗം വളരുന്ന പയര്‍വര്‍ഗ പച്ചിലവളച്ചെടിയാണ് ശീമക്കൊന്ന. മറ്റു പച്ചിലച്ചെടികള്‍ വളരാന്‍ ബുദ്ധിമുട്ടുള്ള ചൊരി മണല്‍ പ്രദേശത്തെ തെങ്ങിന്‍തോപ്പിലും ഇത് പച്ചിലവളത്തിനായി വളര്‍ത്താം.

ഒരു ഹെക്ടര്‍ തെങ്ങിന്‍തോപ്പില്‍ ശീമക്കൊന്ന വളര്‍ത്തി പച്ചിലവളമായി പ്രയോജനപ്പെടുത്തിയാല്‍ തെങ്ങിന് ആവശ്യമുള്ള നൈട്രജന്റെ 90 ശതമാനവും ഫോസ്ഫറസിന്റെ 25 ശതമാനവും പൊട്ടാഷിന്റെ 15 ശതമാനവും ലഭിക്കും എന്നാണ് കണക്ക്. ആവശ്യത്തിന് ശീമക്കൊന്ന ലഭ്യമെങ്കില്‍ തെങ്ങിനു നല്‍കേണ്ട നൈട്രജന്റെ പകുതി അളവ് ശീമക്കൊന്ന ചേര്‍ത്തും, പകുതി രാസവളം ചേര്‍ത്തും ലഭ്യമാക്കാം. ഈ രീതിയില്‍ വളപ്രയോഗം നടത്തിയ മണല്‍ മണ്ണുള്ള തോട്ടങ്ങളില്‍ തെങ്ങിന്റെ വിളവ് രാസവളത്തിലൂടെ മാത്രം നൈട്രജന്‍ നല്‍കിയ തെങ്ങുകളുടെ വിളവിനേക്കാള്‍ 44% അധികമായതായി കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തില്‍ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

രണ്ടുവരി തെങ്ങിന് ഇടയില്‍ മൂന്ന് വരിയായി ശീമക്കൊന്ന വളര്‍ത്തി വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യം ഫെബ്രുവരി, ജൂണ്‍, ഒക്ടോബര്‍ മാസങ്ങളില്‍ പച്ചിലവളം എടുക്കാന്‍ സാധിക്കും. ഒരു ഹെക്ടര്‍ തോട്ടത്തില്‍ നിന്ന് ഈ രീതിയില്‍ 10 ടണ്‍ വരെ പച്ചിലവളം കിട്ടുകയും ചെയ്യും.

ഇതിനു പുറമെ സുബാബുള്‍,കലപ്പഗോണിയം, ഡയിഞ്ച, പ്യൂറേറിയ, കിലുക്കി, ചണമ്പ് തുടങ്ങിയവയും തെങ്ങിന് അനുയോജ്യമായ പച്ചിലവളങ്ങളാണ്‌

(കടപ്പാട്: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ)

 

Content highlights: Coconut field, Gliricidia, Agriculture, Coconut