കാസര്‍കോട് ജില്ലയിലെ കയ്യൂര്‍ ചീമേനി പഞ്ചായത്തില്‍ നെല്ലൂരിനടുത്ത സ്ഥലം ഇഞ്ചിപ്പാടമാണ്. കുന്നിന്‍ചെരിവില്‍ രണ്ടേക്കറില്‍ കൃഷിയിറക്കിയിരിക്കുന്നത് ബി.എസ്.എന്‍.എല്‍. കോണ്‍ട്രാക്ട് സ്റ്റാഫ് മഹേഷാണ്.

കുടുംബ സ്വത്തില്‍ കൃഷിയിറക്കിയാണ് ഈ യുവകര്‍ഷകന്‍ ആദായമുണ്ടാക്കുന്നത്. വെട്ടിമാറ്റിയ റബ്ബര്‍തോട്ടത്തില്‍ ഇഞ്ചികൃഷിയിറക്കുകയായിരുന്നു. അത്യുത്പാദന ശേഷിയുള്ള ഐ.ഐ.എസ്.ആര്‍, മഹിമ, വരദ എന്നീ ഇനങ്ങളാണ് കൃഷി ചെയ്തത്. ഫെബ്രുവരിയില്‍ നിലമൊരുക്കാന്‍ തുടങ്ങി. നന്നായി കിളച്ച് കുറ്റികളും വേരുകളും നീക്കി ഒരടി ഉയരത്തില്‍ വാരംകോരിയാണ് മണ്ണൊരുക്കിയത്. പുളിരസം കൂടിയ മണ്ണായതുകൊണ്ട് കുമ്മായം ചേര്‍ത്തിളക്കി. വേനല്‍മഴ ലഭിച്ച് പകുതിയായതോടെ ജൈവവളം ചേര്‍ത്ത് ഇഞ്ചിനട്ടു.

25 സെ.മീ. അകലത്തിലായി രണ്ടിഞ്ച് താഴ്ചയില്‍ 20 ഗ്രാം വരുന്ന വിത്താണ് നട്ടത്. ഓരോമാസവും കളകള്‍ നീക്കി വളംചേര്‍ത്ത് മണ്ണുകൂട്ടി. പച്ചിലകൊണ്ട് നല്‍കിയ പുതയാണ് മഹേഷിന്റെ ഇഞ്ചിക്ക് കരുത്തായത്.

ഇലമഞ്ഞളിച്ച് തുടങ്ങിയപ്പോള്‍തന്നെ മിത്ര ബാക്ടീരിയായ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി മണ്ണ് കുതിര്‍ത്താണ് മുട്ടുചീയല്‍ എന്ന രോഗത്തില്‍ നിന്ന് ഇഞ്ചിയെ രക്ഷിച്ചത്.

രാസകീടനാശിനികള്‍ ഒന്നും ഉപയോഗിക്കാതെ കൃഷിചെയ്ത ഇഞ്ചിക്ക് ഇപ്പോള്‍ത്തന്നെ വന്‍ ഡിമാന്‍ഡാണ്. (ഫോണ്‍: 9446.089111)