ഇടുക്കി, കാന്തല്ലൂരില്‍ പുഷ്പകൃഷിയിലൂടെ വര്‍ണാഭമായ നേട്ടം കൊയ്യുകയാണ് എറണാകുളത്തുകാരനായ സോജന്‍ ജോസഫ് വള്ളമറ്റം. ആറ് പോളിഹൗസുകളിലായി അരലക്ഷത്തിലേറെ ജെര്‍ബറച്ചെടികളാണ് ഇവിടെ വസന്തം തീര്‍ക്കുന്നത്. 

സോജന്‍ പുഷ്പകൃഷിയിലേര്‍പ്പെട്ടിട്ട് രണ്ടുപതിറ്റാണ്ട് പിന്നിടുന്നു. 8000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള പോളിഹൗസുകളില്‍ വെള്ള, മഞ്ഞ, പിങ്ക് , ചുവപ്പ് നിറങ്ങളിലുള്ള ജെര്‍ബറകളാണ് മുഖ്യം.

ഒരു ചെടിയില്‍ നിന്ന് പ്രതിമാസം ശരാശരി മൂന്ന് പൂക്കള്‍ വിളവെടുക്കാം. ഒരു പൂവിന് സീസണനുസരിച്ച് ആറ് മുതല്‍ 15 രൂപ വരെ വില ലഭിക്കും. പ്രതിമാസം ഒരു ലക്ഷത്തോളം പൂക്കള്‍ വിളവെടുക്കാനാവുന്നുണ്ട്. ഇവ ഒരാഴ്ച വരെ കേടാകാതിരിക്കും. 

'ലെതര്‍ ലീഫ് ഫേണ്‍' എന്ന അലങ്കാര പന്നല്‍ച്ചെടിയാണ് ഇപ്പോള്‍ കൂടുതലായി വളര്‍ത്തുന്നത്. പരിചരണം അധികം വേണ്ടാത്ത വിളയാണ് ലെതര്‍ ഫേണ്‍. 

600 ചതുരശ്ര മീറ്ററില്‍ നട്ടിട്ടുള്ള ഇതില്‍ നിന്ന് ദിവസവും 3000 തണ്ടുകള്‍ വിളവെടുക്കാം.

ഒരു തണ്ടിന് ഒന്നര മുതല്‍ നാല് രൂപ വരെ വില ലഭിക്കുന്നു. മഴവെള്ളം സംഭരണിയെയും കുഴല്‍ക്കിണറിനെയുമാണ് നനയ്ക്കായി ആശ്രയിക്കുന്നത് . തുള്ളിനന ദിവസവും നല്‍കുമ്പോള്‍ വളം ഫെര്‍ട്ടിഗേഷനിലൂടെ ആഴ്ചയില്‍ ഒരിക്കല്‍ ലഭ്യമാക്കുന്നു. മൂന്ന് മാസത്തിലൊരിക്കല്‍ വിളകളുടെ ചുവട്ടില്‍ വേപ്പിന്‍ പിണ്ണാക്കും എല്ലുപൊടിയും ചേര്‍ക്കും. കീടങ്ങളെ അകറ്റാന്‍ വേപ്പെണ്ണ എമല്‍ഷനും മഞ്ഞക്കെണിയുമാണ് ആശ്രയം.

'കാന്തല്ലൂരിലെ കുറഞ്ഞ ആര്‍ദ്രതയും തണുപ്പുമുള്ള അന്തരീക്ഷവുമാണ് പുഷ്പകൃഷിക്ക് ഏറ്റവും അനുകൂലഘടകം. കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ അന്തരീക്ഷ ആര്‍ദ്രത കൂടുതലായതിനാല്‍ പോളിഹൗസുകളില്‍ സ്ഥിരമായി പൂപ്പല്‍ പിടിക്കുന്നു. ഇടയ്ക്കിടെ വൃത്തിയാക്കുന്നത് ചെലവേറിയ കാര്യമാണ്. ഇതേസമയം , കാന്തല്ലൂരില്‍ ഈ പ്രശ്‌നം ഉണ്ടാകുന്നതേയില്ല- സോജന്‍ പറഞ്ഞു.

വിളവെടുത്ത പൂക്കളും തണ്ടുകളും പത്തും ഇരുപതും എണ്ണം കൊള്ളുന്ന പോളിത്തീന്‍ കവറുകളില്‍ നിറച്ചാണ് കേരളത്തിലെ നഗരങ്ങള്‍ക്കു പുറമേ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് അയക്കുന്നത്. 

(ഫോണ്‍: 94470 394 09)

Content highlights: Kanthallur, Organic farming, Agriculture, Gerbera plants