കാക്കനാട്: മുമ്പ് നാട്ടുകാര്‍ മാലിന്യം വലിച്ചെറിഞ്ഞിരുന്ന സ്ഥലം ഇന്ന് നല്ലൊരു പൂന്തോട്ടമായി മാറി. മാലിന്യത്തിനൊപ്പം അനധികൃതമായി ഒട്ടേറെ കടകളും പ്രവര്‍ത്തിച്ചിരുന്ന സ്ഥലമാണ് പ്രകൃതിരമണീയമായിരിക്കുന്നത്.

കാക്കനാട് ഐ.എം.ജി.ക്ക് സമീപം ഇന്‍ഫോപാര്‍ക്ക് റോഡരികിലെ 60 സെന്റ് പുറമ്പോക്ക് ഭൂമിയിലാണ് തൃക്കാക്കര നഗരസഭയുടെയും കാക്കനാട് വില്ലേജ് അധികൃതരുടെയും നേതൃത്വത്തില്‍ രണ്ടുമാസം കൊണ്ട് പൂന്തോട്ടമൊരുക്കിയത്. വിവിധ നിറങ്ങളിലുള്ള ജമന്തികള്‍ പൂന്തോട്ടത്തില്‍ പൂത്തുനില്‍ക്കുന്നു.

ചെലവൊന്നുമില്ലാതെ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പൂന്തോട്ടം ഒരുക്കിയത്. പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്നിടത്തേക്ക് മാലിന്യം വ ലിച്ചെറിയാന്‍ ആരും തുനിയില്ലെന്നതിന്റെ അടിസ്ഥാനത്തിലാണിത്.

പൂക്കളെ സ്‌നേഹിക്കുന്നവരുടെ നിതാന്ത ജാഗ്രത, കൈയേറ്റക്കാരില്‍ നിന്ന് ഭൂമിയുടെ സംരക്ഷണവും ഉറപ്പുവരുത്തും. ഓണത്തോടെ പൂന്തോട്ടത്തില്‍ വിളവെടുപ്പു നടത്താനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും പദ്ധതി നടപ്പിലായിരുന്നില്ല.

കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ നേതൃത്വത്തില്‍ ജമന്തി നട്ടത്. നേരത്തേ അനധികൃത കച്ചവടങ്ങളുടെ കേന്ദ്രമായിരുന്ന ഇവിടെ കളക്ടറുടെ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് കടകള്‍ പൊളിച്ചു നീക്കിയത്.

ജമന്തിപ്പുക്കളുടെ വിളവെടുപ്പ് തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.കെ. നീനു ഉദ്ഘാടനം ചെയ്തു. കാക്കനാട് വില്ലേജ് ഓഫീസര്‍ പി.പി. ഉദയകുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജോ ചിങ്ങം തറ, സെക്രട്ടറി പി.എസ്. ഷിബു, നഗരസഭാ കൗണ്‍സിലര്‍ എം.കെ. പ്രദിപ്, സ്മിത സണ്ണി, ലിജി സുരേഷ്, റഫീഖ് പുതേലി, എം.ടി. ഓമന, ആന്റണി പരവര, പി.വി. സന്തോഷ്, അജുന ഹാഷിം, ടി.എം. അലി തുടങ്ങിയവര്‍ പങ്കെടുത്തു.