ഇതൊരു മധുരത്താഴ്‌വരയാണ്. ഒരേക്കറില്‍ നാനൂറിലധികം വ്യത്യസ്തമായ ഫലവര്‍ഗങ്ങള്‍ പഴുത്തു മധുരിച്ച് കൊതിപ്പിക്കുന്ന മധുരത്താഴ്‌വര, കൂരിയാട്, വേങ്ങര-കക്കാട് റോഡില്‍ മണ്ണില്‍പ്പാക്കലിലാണ് 'സൈലന്റ്‌വാലി'യെന്ന ഈ പഴത്തോട്ടം.

പുള്ളിശ്ശേരിവീട്ടില്‍ അബ്ദുസമദാണ് തോട്ടത്തിന്റെ അധിപന്‍. പഴങ്ങളെക്കുറിച്ച വിവരിക്കുമ്പോള്‍ അബ്ദുസമദിന് നൂറുനാവാണ്. പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരാത്തതു പോലെ. പണിക്കാര്‍ക്കൊപ്പം മരങ്ങള്‍ക്കു വളമിടാനും നിര്‍ദശങ്ങള്‍ നല്‍കാനും ഓടിനടക്കുന്നതിനിടയില്‍ മരത്തില്‍ക്കയറി പഴങ്ങള്‍ പറിക്കുകയാണ് ഈ നാല്‍പ്പത്തൊമ്പത്തുകാരന്‍.

ജമൈക്കന്‍ ഫ്രൂട്ട്, മാള്‍ട്ട് ഫ്രൂട്ട്, ഓഗ്പ്ലംസ്, ബെല്‍ ഫ്രൂട്ട്, പിസ്ത, ഡ്രാഗണ്‍ ഫ്രൂട്ട്, ബറാബ, അമേരിക്കന്‍ ആപ്പിള്‍, റംബൂട്ടാന്‍... അങ്ങനെ ഒട്ടനവധി പഴങ്ങള്‍. കൂട്ടിന് സഹോദരന്‍ അബൂബക്കറുമുണ്ട്. ഇവയ്ക്കുപുറമെ ഔഷധഫലങ്ങളും അലങ്കാര സസ്യങ്ങളും ഔഷധ സസ്യങ്ങളും ധാരാളമുണ്ട്.

മനുഷ്യര്‍ക്കു മാത്രമല്ല കിളികള്‍ക്കുള്ള പഴങ്ങളും ധാരാളം. കിളികള്‍ക്കു മാത്രമായി ഒരു കിളഞാവലുണ്ട്. മുന്തിരിപോലെ പഴുത്ത് ചുവന്നനിറത്തില്‍ മരം മുഴുവന്‍ കായ്ക്കുന്ന പഴം തിന്നാന്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കിളികള്‍ പറന്നെത്തും. പേരുപോലെ അദ്ഭുതപ്പെടുത്തുന്ന മിറാക്കിള്‍ പഴവും തോട്ടത്തിലെ പ്രധാനി തന്നെ. പുളി തിന്നാലും മധുരിക്കുന്ന അപൂര്‍വതയാണ് മിറാക്കിളിനെ തോട്ടത്തിലെ കേമനാക്കുന്നത്.

samad
അബ്ദുസമദ്‌

പ്രവാസിയായിരുന്ന സമദ്ക്ക പതിനഞ്ചുവര്‍ഷം മുന്‍പാണ് നഴ്‌സറി തുടങ്ങിയത്. അന്ന് പരിഹാസവുമായി പലരും രംഗത്തെത്തി. മണ്ണ് കൃഷിക്ക് യോജിച്ചതല്ലെന്ന അവരുടെ വാദമുഖങ്ങളെ പുഞ്ചിരിച്ചുകൊണ്ട് നേരിട്ട സമദ്ക്ക മണ്ണിനെ കൃഷിയോഗ്യമാക്കി. തായ്‌ലന്‍ഡില്‍നിന്ന് കൊണ്ടുവന്ന തൈകള്‍ വേങ്ങരയുടെ മണ്ണില്‍ പറിച്ചുനട്ട് അദ്ദേഹം ക്ഷമയോടെ കാത്തിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം സാമാന്യം ഭേദപ്പെട്ട വരുമാ നത്തോടൊപ്പം തികഞ്ഞ സംതൃപ്തിയും നല്‍കുന്നു ഈ തോട്ടം.

കേട്ടറിഞ്ഞ് കാണാനെത്തുന്നവരും നിരവധിയാണ്. സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ മിക്കപ്പോഴും ഇവിടെയെത്തും. അവര്‍ക്കെല്ലാം വയറുനിറയെ പഴങ്ങള്‍ കൊടുത്ത് മനസ്സുനിറച്ച് വിടുന്നതിനൊപ്പം കൃഷിരീതി വിവരിച്ചുനല്‍കുകയും ചെയ്യും. കുറഞ്ഞവിലയ്ക്ക് പഴങ്ങളും ഇലകളും തൈകളും കിട്ടുമെന്നതിനാല്‍ ആവശ്യക്കാര്‍ ധാരാളമുണ്ട്. എന്നാല്‍ വരുമാനത്തിനപ്പുറം കൃഷിചെയ്യുന്നതിലൂടെ തനിക്കുകിട്ടുന്ന സംതൃപ്തിയാണ് വലുതെന്ന് ഇദ്ദേഹം പറയുന്നു.

ഭാര്യ ജസീന, മക്കളായ മുഹമ്മദ് ഇക്ബാല്‍, ഷറീഫ്, ഫര്‍സാന, ഫര്‍വീന, അബൂബക്കറിന്റെ ഭാര്യ ബാനു. മക്കള്‍ സഫറുന്നിസ,  റിഫ, ഷഫീക്ക് എന്നിവരും പൂര്‍ണപിന്തുണയുമായി സമദ്ക്കയ്‌ക്കൊപ്പമുണ്ട്.

തന്റെ തോട്ടത്തിന്റെ ഒരു ചെറിയ പതിപ്പ് ഊരകത്തെ വിനോദസഞ്ചാര പ്രദേശമായ മിനി ഊട്ടിയില്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണിദ്ദേഹം. ഇതിന്റെ പണികള്‍ തുടങ്ങി. മിനി ഊട്ടിയിലെത്തുന്നവര്‍ക്ക് വിദേശപഴങ്ങളെക്കുറിച്ച് അറിയാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം.