വാട്സ് ആപ്പിലെ സൗഹൃദം കൃഷിയിടത്തില്‍ നൂറ് മേനിയായി കൊയ്തെടുക്കാനുള്ള ഒരുക്കത്തിലാണ് മൂവര്‍ സംഘം. മലപ്പുറം, വാഴക്കാട് എളമരം യത്തീംഖാന സ്‌കൂളില്‍ പല കാലങ്ങളിലായി പഠിച്ചിറങ്ങിയ ചീക്കോട് വാവൂരിലെ ടി.കെ. അബ്ദുറഹ്മാന്‍, അരീക്കോട് ഉഗ്രപുരത്തെ മേക്കുത്ത് മുഹമ്മദ് അഷ്റഫ്, കൊണ്ടോട്ടി കൈതക്കോട്ടെ കെ.എസ്.ആര്‍. സക്കീര്‍ ഹുസൈന്‍ എന്നിവരാണ് ആപ്പിലെ സൗഹൃദം മണ്ണിലേക്കിറക്കിയത്.

മാര്‍ച്ചിലെ അടച്ചിടല്‍ കാലത്ത് പൂര്‍വവിദ്യാര്‍ഥികളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ തുടങ്ങിയ ചര്‍ച്ച കൂവക്കൃഷിയില്‍ ചെന്നെത്തുകയായിരുന്നു. പല പ്രായത്തിലുള്ളവരാണെങ്കിലും ഒരേ മനസ്സുള്ളവര്‍ ഒന്നിച്ചതോടെ പുതിയ സംരംഭം നാമ്പെടുത്തു. ജൂണ്‍ മാസത്തില്‍ വാഴക്കാട് വാവൂര്‍ അമ്പലപ്പറമ്പില്‍ രണ്ടേക്കര്‍ പാട്ടത്തിനെടുത്ത് ഇവര്‍ കൂവയും വാഴയും കൃഷിയിറക്കി. 

കോട്ടയത്തുനിന്നാണ് കൂവയുടെ വിത്തെത്തിച്ചത്. വര്‍ഷങ്ങളായി തരിശിട്ടിരുന്ന നിലം മണ്ണുമാന്തി ഉപയോഗിച്ച് കിളച്ചൊരുക്കുകയായിരുന്നു. കൃഷി കാര്യമായതോടെ തൊട്ടടുത്ത ചാലോടിപ്പറമ്പിലെ 60 സെന്റിലും വാഴക്കാട് മുണ്ടുമുഴിയിലെ ഒരേക്കറിലും വിത്തിറക്കി. പന്നിശല്യം തടയാന്‍ സോളാര്‍ വൈദ്യുതി വേലിയും ഇവര്‍ തന്നെ തയ്യാറാക്കി. 

പൂര്‍ണമായും ജൈവവളം ഉപയോഗിച്ചുള്ളതാണ് കൃഷി. തുള്ളിനന ജലസേചന സൗകര്യമാണ് അടുത്ത പരിപാടി. ബിലാത്തിക്കൂവയാണ് കൃഷി ചെയ്യുന്നത്. ഔഷധ സമ്പുഷ്ടമായ കൂവ ഭക്ഷണമായും ആരോഗ്യദായക പാനീയമായും ബിസ്‌കറ്റ് നിര്‍മാണത്തിനുമെല്ലാം ഉപയോഗിക്കുന്നുണ്ട്. പായസം, പുഡ്ഡിങ്, ഹല്‍വ തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങളും തയ്യാറാക്കാനാകും.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിളവെടുപ്പിന് പാകമാകുമ്പോള്‍, കൂവക്കിഴങ്ങ് പൊടിയാക്കാനുള്ള യന്ത്രങ്ങള്‍ സ്വന്തമായി വാങ്ങാനാണ് ഇവരുടെ പദ്ധതി. ആവശ്യക്കാരെ ഓണ്‍ലൈനില്‍ കണ്ടെത്തി വില്പന നടത്തുകയാണ് ലക്ഷ്യമെന്ന് സ്‌കൂള്‍ അധ്യാപകന്‍ കൂടിയായ അബ്ദുറഹ്മാന്‍ പറഞ്ഞു. ജിദ്ദയിലെ നഗരശുചീകരണ വിഭാഗത്തില്‍ ജോലിക്കാരനായിരുന്ന അഷ്റഫ് അവിടത്തെ പണി ഉപേക്ഷിച്ച് കൃഷിയിലേക്കിറങ്ങുകയായിരുന്നു. കോവിഡ് കാരണം ഇടക്കിടെ അടച്ചിടലായതോടെ വാഹന സ്പെയര്‍പാര്‍ട്സ് കടയിലെ ജോലിക്കാരനായ സക്കീര്‍ ഹുസൈനും ഇവര്‍ക്കൊപ്പം ചേര്‍ന്നു.  

Content Highlights: Friends to reap success in Arrowroot cultivation